KeralaNews

ഏറെ ആശങ്കകള്‍ക്കൊടുവില്‍ തൃശൂര്‍ പൂരം യാഥാര്‍ഥ്യമാകുമ്പോള്‍ വിശ്വാസികള്‍ക്ക് സായൂജ്യം

ശബ്‌ദത്തിന്റെ പടുകൂറ്റന്‍ അലര്‍ച്ചയെ താളക്രമത്തില്‍ അടുക്കിവച്ച പൂരം സാമ്പിള്‍ വെടിക്കെട്ട്‌ തൃശ്ശിവപേരൂരിന്‍റെ ആകാശത്തെ പ്രഭാപൂരിതവും, ക്ഷേത്രനഗരിയെ ശബ്ദായമാനവുമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ നടക്കാനിരിക്കുന്ന പൂരം വെടിക്കെട്ടിന്‍റെ വിസ്മയ വൈവിധ്യത്തിന്‍റെ ഒളിമിന്നല്‍ കണ്ട് ജനക്കൂട്ടം ആവേശാരവങ്ങള്‍ മുഴക്കി.

പല തലത്തിൽ നിന്നുമുള്ള തുടര്‍ച്ചയായ അനേകം പ്രതിസന്ധികളെ അതിജീവിച്ചാണ്‌ തൃശൂർ പൂരം സാമ്പിള്‍ യാഥാര്‍ഥ്യമായത്‌. സ്വരാജ് ഗ്രൗണ്ടില്‍ ആകാശത്ത്‌ തീക്കൂടകള്‍ തുള്ളിയാര്‍ക്കുന്നതു കാണാന്‍ ക്ഷമയോടെ കാത്തിരുന്ന സ്‌ത്രീകളുള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ ശക്‌തന്റെ നഗരിയില്‍ പൂരക്കമ്പത്തിന്‍റെ നേര്‍ക്കാഴ്‌ചയായി. പ്രതിസന്ധികളില്‍ കരുത്തു പകരാനെന്നോണം റെക്കോഡ്‌ ജനക്കൂട്ടമാണ്‌ പ്രദക്ഷിണവഴിയിലേക്ക്‌ ഇന്നലെ ഒഴുകിയെത്തിയത്‌. പൂരപ്പെരുമയ്‌ക്ക്‌ കോട്ടം തട്ടില്ലെന്ന്‌ സാമ്പിള്‍വെടിക്കെട്ട്‌ തെളിയിച്ചു.

തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നിനാണ്‌ വെടിക്കെട്ട്‌. കര്‍ശന സുരക്ഷയാണ്‌ പോലീസ്‌ ഇന്നലെ ഒരുക്കിയത്‌. സ്വരാജ് ഗ്രൗണ്ടില്‍ സി.എം.എസ്‌. സ്‌കൂള്‍ മുതല്‍ മാരാര്‍റോഡുവരെയുള്ള ഭാഗത്ത്‌ ജനത്തെ കയറ്റിയില്ല. ബാരിക്കേഡുവച്ചാണ്‌ തടഞ്ഞത്‌. മറ്റിടങ്ങളില്‍ പൂഴിയിടാനാകാത്തവിധം തിരക്കനുഭവപ്പെട്ടു. ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ പൂരം യാഥാര്‍ഥ്യമാകുമെന്ന്‌ ദേവസ്വങ്ങള്‍ ഉറപ്പിച്ചത്‌. തുടര്‍ന്ന്‌ മാരത്തോണ്‍ വേഗത്തിലായിരുന്നു പാറമേക്കാവ്‌, തിരുവമ്പാടി ദേവസ്വങ്ങള്‍ ക്രമീകരണങ്ങളൊരുക്കിയത്‌.

ഉച്ചയ്‌ക്കു ശേഷമാണ്‌ ഡിസ്‌പ്ലേ ലൈസന്‍സ്‌ കൈപ്പറ്റിയത്‌. വര്‍ണംകൂട്ടി ശബ്‌ദംകുറച്ച്‌ വെടിക്കെട്ട്‌ അവതരിപ്പിക്കുമ്പോള്‍ മാസ്‌മരികത നഷ്‌ടമാകുമെന്നു കരുതിയവര്‍ക്ക്‌ അഗ്നിച്ചിറകുകളുടെ ശക്‌തിസൗന്ദര്യം അവിസ്‌മരണീയമായി. അമിട്ടുകളില്‍ ഉള്‍പ്പെടെ മിന്നുന്ന വര്‍ണക്കാഴ്‌ചയാണ്‌ കൂടുതലുമുണ്ടായത്‌. പുതുപുത്തന്‍ ട്രെന്‍ഡുകളും തലനീട്ടി. നിലയമിട്ടുകള്‍ ചാഞ്ഞും ചെരിഞ്ഞും നൃത്തമിട്ടു. സന്ധ്യക്ക്‌ ഏഴിനു തുടങ്ങേണ്ട സാമ്പിളില്‍ എട്ടേകാലിനാണ്‌ തീ പടര്‍ത്തിയത്‌. ആ

തിരുവമ്പാടിക്കുവേണ്ടി മുണ്ടത്തിക്കോട്‌ സതീശനും പാറമേക്കാവിനുവേണ്ടി സ്‌റ്റിബിന്‍ സ്‌റ്റീഫനുമാണ്‌ വെടിക്കെട്ട്‌ ഒരുക്കുന്നത്‌. ഇന്നലെ രാത്രി സ്വരാജ് ഗ്രൗണ്ടിലെ പൂരപ്പന്തലുകളില്‍ വൈദ്യുതദീപങ്ങള്‍ മിഴിതുറന്നു.

ഇന്നലെ പൂരപ്രേമികളുടെ കണ്ണുകള്‍ക്ക് കുളിര്‍മ്മയെകാന്‍ പാറമേക്കാവിന്‍റെ പുതുമകളൊളിപ്പിച്ച ചമയപ്രദര്‍ശനവും ഉണ്ടായിരുന്നു. ഇന്ന്‌ തിരുവമ്പാടിയുടെ ചമയപ്രദര്‍ശനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button