KeralaNews

പരവൂര്‍ വെടിക്കെട്ടിന് ശുപാര്‍ശ നല്‍കിയത് പോലീസ് കമ്മിഷണര്‍

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടിന് ശുപാര്‍ശ നല്‍കിയത് പൊലീസ് കമ്മിഷണര്‍. ഏപ്രില്‍ എട്ടിന് കലക്ടര്‍ വെടിക്കെട്ട് നിരോധിച്ചശേഷമാണ് കമ്മീഷണറുടെ കത്ത്. ചാത്തന്നൂര്‍ എസിപിയുടെ ശുപാര്‍ശപ്രകാരമാണ് കമ്മീഷണറുടെ കത്ത്. ആചാരപരമായ വെടിക്കെട്ട് നടത്താന്‍ ലൈസന്‍സ് നല്‍കണമെന്നാണ് കമ്മീഷണര്‍ ആവശ്യപ്പെട്ടത്. ആദ്യം വെടിക്കെട്ടിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് പിന്നീട് മത്സരക്കമ്പം ഒഴിവാക്കിയാല്‍ മതിയെന്ന റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ഏപ്രില്‍ നാലിനായിരുന്നു വെടിക്കെട്ട് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പോലീസ് നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ വെടിക്കെട്ട് നടത്തരുതെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നാലു ദിവസത്തിനു ശേഷം നല്‍കിയ രണ്ടാം റിപ്പോര്‍ട്ടില്‍ പൊലീസ് മലക്കംമറിയുകയായിരുന്നു. എപ്രില്‍ എട്ടിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മത്സരക്കമ്പം ഒഴിവാക്കണമെന്ന് മാത്രമായിരുന്നു നിര്‍ദേശം. മറ്റ് സുരക്ഷാപ്രശ്‌നങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചാത്തന്നൂര്‍ എസിപിയും പരവൂര്‍ എസ്‌ഐയും വെടിക്കെട്ടിനെ അനുകൂലിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

വെടിക്കെട്ടിനുവേണ്ടി എഡിഎമ്മിനെ സമീപിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സംഘാടകരെ ഉപദേശിച്ചിരുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മല്‍സരക്കമ്പം നടത്തില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് എഡിഎമ്മിന്റെ അനുമതി വാങ്ങാനാണ് കമ്മിഷണര്‍ ക്ഷേത്രഭാരവാഹികളെ ഉപദേശിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെടിക്കെട്ട് ദുരന്തത്തെ സംബന്ധിച്ച് കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ ഉന്നയിച്ച വിമര്‍ശങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button