KeralaNews

പാലാ ഇത്തവണ മാണിയെ കൈവിടുമോ? ഇത്തവണ മാണിയെ തോൽപ്പിക്കുമെന്നുറച്ച് എതിർകക്ഷികൾ എത്തിയതോടെ മത്സരചൂടിൽ പാലാ

നിലവിൽ 12 പഞ്ചായത്തുകളും പാലാ നഗരസഭയും ഉൾപ്പെട്ടതാണ് പാലാ മണ്ഡലം. എലിക്കുളം, തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കടനാട്, മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, രാമപുരം, പാലാ നഗരസഭ എന്നിവയാണ് മണ്ഡലത്തിലുള്ളത്. 1965-ൽ പാലാ മണ്ഡലം രൂപംകൊണ്ടപ്പോൾ മുതൽ കെ.എം. മാണിയാണ് പാലായുടെ എം.എൽ.എ. 12 തവണ പാലാക്കാർ മാണിയെ തെരഞ്ഞെടുത്തു. കെ.എം. മാണിയെ നേരിടാൻ ഇടതുമുന്നണി മൂന്നാം തവണയാണ് എൻ.സി.പി. നേതാവ് മാണി സി. കാപ്പനെ കളത്തിലിറക്കുന്നത്. എൻ ഡി എ, ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റും യുവമുഖവുമായ എൻ. ഹരിയെയാണ് രംഗത്തിറക്കുന്നത്.

2006-ലെ തിരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ ഭൂരിപക്ഷം 17000-ത്തിൽ നിന്നും 7753ലേക്കും 2011-ൽ അത് 5259ലേക്കും കുറയ്ക്കാൻ മാണി സി. കാപ്പന് കഴിഞ്ഞെന്ന് എൽഡിഎഫിന്റെ അവകാശവാദം. ബാർ കോഴയും പാലായിലെ യു.ഡി.എഫ് നിയന്ത്രണത്തിലുള്ള മാർറ്റിങ് സഹകരണ സംഘങ്ങളെ കുറിച്ചുള്ള ആരോപണങ്ങളും അവർ യു.ഡി.എഫിനെതിരെ ആയുധമാക്കുന്നു. റബ്ബർ വിലയിടിവും പ്രചാരണായുധമാണ്‌. ബാർക്കോഴയും, കേരളാ കോൺഗ്രസിലെ പിളർപ്പും, കോൺഗ്രസ് – കേരളാകോൺഗ്രസ് വടംവലിയും എല്ലാം കെ.എം മാണിക്ക് തിരിച്ചടിയാകുമോയെന്നാണ് രാഷ്ട്രീയകേരളം ഉറ്റു നോക്കുന്നത്. കെ.എം. മാണി തുടർച്ചായ പതിമൂന്നാം തവണ വിജയം നേടുകയെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങമ്പോൾ അട്ടിമറിയാണു മാണി സി. കാപ്പന്റെ സ്വപ്‌നം. കഴിഞ്ഞ തവണ താൻ ഭൂരിപക്ഷം കുറച്ചതും കാപ്പൻ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ തവണത്തെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ശരത് പവാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ താൽപര്യത്തിലാണ് മാണി സി. കാപ്പനെ പാലായിൽ വീണ്ടും ഇറക്കാൻ തീരുമാനമായത്.

എന്‍ ഡി എ ഇത്തവണ ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റിനെ രംഗത്തിറക്കുന്നത് മികച്ച പോരാട്ടത്തിനപ്പുറം അട്ടിമറി വിജയം പ്രതീക്ഷിച്ചാണ്. മുമ്പ് വാഴൂരിൽ ബി.ജെ.പി സ്ഥാനാർഥിയായി എൻ ഹരി മത്സരിച്ചിരുന്നു. ദേശീയ തലത്തിൽ ബി.ജെ.പിക്കുള്ള നേട്ടങ്ങൾ പാലായിലും ഊർജ്ജമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് അവർ. യുവമോര്‍ച്ചയിലൂടെ പൊതുരംഗത്തെത്തിയ എന്‍. ഹരി യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലംപ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് കഴിഞ്ഞ പാര്‍ട്ടി പുന:സംഘടനയില്‍ ജില്ലാ പ്രസിഡന്റായി നിയമിതനായത്. 10-വര്‍ഷം പള്ളിക്കത്തോട് പ!ഞ്ചായത്ത് അംഗമായിരുന്നു. 2006ല്‍ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്‌സരിച്ചിരുന്നു. യുവത്വത്തിന്റെ പ്രതീകമായ എൻ ഹരിക്ക് പാലായിലെ യുവാക്കളുടെ വോട്ടു വീഴുമെന്നാണ് എൻ ഡി എ യുടെ പ്രതീക്ഷ. ബി ഡി ജെ എസ് കൂടി പിന്തുണയ്ക്കാൻ ഉള്ളപ്പോൾ തങ്ങൾ ഒട്ടും പിറകോട്ടില്ലെന്ന് കരുതിയാണ് ഇത്തവണ എൻ ഡി എ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. ഇരുമുന്നണികളോടുമുള്ള ജനങ്ങളുടെ എതിർപ്പും ബി.ഡി.ജെ.എസ്. പിന്തുണയും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അവർ കണക്കാക്കുന്നു കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞടുപ്പിൽ മിക്ക പഞ്ചായത്തുകളിലും ബി. ജെ.പി അക്കൗണ്ട് തുറന്നിരുന്നു. മീനച്ചിൽ, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിൽ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഒപ്പം പാലാ നിയോജക മണ്ഡലത്തിൽ 15 പഞ്ചായത്തംഗങ്ങളെ നേടിയെടുക്കുവാൻ അവർക്ക് സാധിച്ചിരുന്നു

ബാര് കൊഴയിൽ അപമാനിതനായി നിയമസഭയുടെ പടിയിറങ്ങേണ്ടി വന്നെങ്കിലും പാലാക്കാർ തന്നെ കൈവിടില്ലെന്ന ഉറപ്പിലാണ് കെ എം മാണി. 1965ൽ പാലാ മണ്ഡലം രൂപീകൃതമായതു മുതൽ ഇവിടെനിന്നു കെ.എം. മാണി മാത്രമാണു ജയിച്ചിട്ടുള്ളത്. 1970ലെ തെരഞ്ഞെടുപ്പിൽ മാത്രമാണു മാണിയെ എതിരാളികൾക്കു വിറപ്പിക്കാനായത്. അന്ന് കോൺഗ്രസിലെ എം.എം. ജേക്കബ് മാണിയോടു പരാജയപ്പെട്ടതു കേവലം 364 വോട്ടുകൾക്കാണ്. മാണിയുടെ ഭൂരിപക്ഷം പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പുകളിലും കയറുകയും ഇറങ്ങുകയും ചെയ്തു. 1996ൽ എൽ.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച സി.കെ. ജീവനെതിരേ നേടിയ 23790 എന്ന ഭൂരിപക്ഷമാണു ഏറ്റവും ഉയർന്നത്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളും പാലാ നഗരസഭയും യു.ഡി.എഫ്. ഭരണത്തിൻ കീഴിലാണ്. റബർ കർഷകർക്കായുള്ള സബ്‌സിഡി പദ്ധതി കർഷകരുടെ വോട്ടുറപ്പാക്കുമെന്ന് യു.ഡി.എഫ് നേതൃത്വം കരുതുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിനുള്ളിൽ 31000 വോട്ടിന്റെ ഭൂരിപക്ഷം നേടാനായതും പഞ്ചായത്ത് തിരഞ്ഞടുപ്പിൽ തലനാടും എലിക്കുളം പഞ്ചായത്തുകൾ ഒഴിച്ചുള്ളവയിൽ മേധാവിത്തം നിലനിർത്തിയതും യു.ഡി. എഫിന്റെ പ്രതീക്ഷകൾക്ക് മിഴിവേകുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പാലാ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് കെ.എം. മാണിയുടെ തുറുപ്പുഗുലാൻ.

എന്തായാലും ഇത്തവണ അനായാസേന വിജയം മാണിക്കുണ്ടാവുമോയെന്നു കണ്ടറിയണം. മാണിയെ തറ പറ്റിക്കാൻ മാണി സി കാപ്പനും ബിഡിജെഎസിന്റെ പിന്തുണയോടെ എൻ ഹരി മണ്ഡലം പിടിച്ചടക്കുമോയെന്നു ബിജെപിഉം ഉറ്റു നോക്കുന്നു. ഇത്തവണ പാലായിൽ മത്സരചൂടിൽ തീപ്പൊരി പാറാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button