NewsIndia

ഉഷ്ണതരംഗത്തില്‍ രാജ്യം വെന്തുരുകുന്നു : കുടിവെള്ളത്തിന്റെ പേരില്‍ പലയിടത്തും കലാപ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഉഷ്ണ തരംഗത്തിന്റെ കെടുതിയില്‍ രാജ്യം വേവുന്നു. എല്‍നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച അതികഠിന ചൂടില്‍ ഒരു മാസത്തിനിടെ രാജ്യത്ത് പൊലിഞ്ഞത് 300ലധികം മനുഷ്യജീവനുകളെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയില്‍ 137ഉം ആന്ധ്രയില്‍ 45ഉം ഒഡിഷയില്‍ 110ഉം പേര്‍ ഏപ്രിലില്‍ മരിച്ചു. ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് കന്നുകാലികളും മറ്റു വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങി. രാജ്യത്തെ 33 കോടി ജനങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍, രാജ്യം വന്‍ ദുരന്തത്തിലേക്കായിരിക്കും നീങ്ങുകയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് രാജ്യത്ത് കൊടും ചൂട് അനുഭവപ്പെടുന്നത്. നാല്-അഞ്ച് ഡിഗ്രി വരെയാണ് ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്. ആന്ധ്രയില്‍ രണ്ടാഴ്ചയായി ശരാശരി താപനില 44 ഡിഗ്രിയാണ്. വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍ പലയിടങ്ങളിലും അപ്രതീക്ഷിത അഗ്‌നിബാധയും സംഭവിക്കുന്നുണ്ട്. ബിഹാറില്‍ ഇങ്ങനെയുണ്ടായ തീപിടിത്തത്തില്‍ കഴിഞ്ഞ മാസം 79 പേര്‍ മരിച്ചു. ഇതുമൂലം, സംസ്ഥാനത്ത് പകല്‍ പാചകം നിരോധിച്ചിരിക്കുകയാണ്.

വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയിലെ മറാത്തവാഡയിലെ ആശുപത്രികളില്‍ ശസ്ത്രക്രിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ശസ്ത്രക്രിയ മാത്രമാണിപ്പോള്‍ മേഖലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നടത്തുന്നത്. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനും നിയന്ത്രണമുണ്ട്. ജലവിതരണം മുടങ്ങിയതോടെ ടാങ്കറുകളിലാണ് ആശുപത്രികളില്‍ വെള്ളമത്തെിക്കുന്നത്്.

നാലു മാസത്തിനിടെ മറാത്തവാഡയില്‍ 338 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. നാലാഴ്ചക്കിടെ മേഖലയില്‍ 65 കര്‍ഷകര്‍ ജീവനൊടുക്കി. ബീഡ് (60), ഔറംഗാബാദ് (57), നാന്ദഡ് (50), ലാത്തൂര്‍ (44 ), ഉസ്മാനാബാദ് (43) എന്നിവിടങ്ങളിലാണ് നാലുമാസത്തിനിടെ കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യചെയ്തത്. കുടിവെള്ളത്തിന്റെ പേരില്‍ കലാപസാധ്യത മുന്നില്‍കണ്ട് ലാത്തൂരില്‍ മേയ് 31 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ ഗംഗാനദിയും വറ്റുകയാണ്. ഗംഗയും ലയിക്കുന്ന അലഹബാദിലെ പ്രയാഗിലും ജലനിരപ്പ് ഏറെ താഴ്ന്നു. കടുത്ത ഉഷ്ണതരംഗത്തോടൊപ്പം വെള്ളം കുറഞ്ഞതും പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. നദിയിലൂടെ നടന്നുപോകാവുന്നത്ര നിലയില്‍ ജലനിരപ്പ് താഴ്ന്നു. രാജ്യത്തെ പ്രധാന ജലസ്രോതസ്സുകളെല്ലാം വറ്റുകയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button