KeralaNews

കുഞ്ഞാലിക്കുട്ടിക്ക് പേടിയില്ല. കാരണം മുസ്ലിം ലീഗ് കോട്ടയായ വേങ്ങരയാണ് മണ്ഡലം.പക്ഷെ ഇത്തവണ കളി മാറുമോ?

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എ.ആർ നഗർ, ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതുതായി നിലവിൽ വന്ന നിയമസഭാ മണ്ഡലമാണ് വേങ്ങര നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലം നിലവിൽ വന്നത്. പഴയ മലപ്പുറം, തിരുരങ്ങാടി, താനൂർ മണ്ഡലങ്ങൾ ചേർന്നതാണ് പുതുതായി പിറന്ന വേങ്ങര മണ്ഡലം. പ്രഥമ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ പി. കെ. കുഞ്ഞാലികുട്ടി ഇടതുപക്ഷ സ്വതന്ത്രൻ കെ. പി. ഇസ്മായിലിനെ 38237 വോട്ടുകൾക്കാണ്‌ പരാജയപ്പെടുത്തിയത്. ഇത്തവണയും ഇവിടെ നിന്ന് പി. കെ. കുഞ്ഞാലിക്കുട്ടിയാണ് മത്സരിക്കുന്നത്. പി. പി. ബഷീർ ആണ് ഇടതുമുന്നണി സ്ഥാനാർത്ഥി. അലി ഹാജി ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

കുഞ്ഞാലിക്കുട്ടി ഏറെ ആത്മവിശ്വാസത്തോടെ മത്സരിക്കുന്ന മണ്ഡലമാണ് വേങ്ങര. കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ എല്‍ഡിഎഫ് ഇത്തവണ ഇറക്കിയത് അഡ്വ പിപി ബഷീറിനെയാണ്. വിജയപ്രതീക്ഷ ഇല്ലെങ്കിലും കുഞ്ഞാലിക്കുട്ടിയെ പരമാവധി വെള്ളം കുടിപ്പിക്കണം എന്നാണു എല്‍ ഡി എഫിന്റെ തീരുമാനം.അതേ സമയം ഇരുമുന്നണികളേയും വിറപ്പിക്കാനായി ബിജെപി ഇറക്കിയത് മുസ്ലിം നോമിനിയെ തന്നെയാണ്. മലപ്പുറത്തെ ബാദുഷ തങ്ങള്‍ക്കു പുറമെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച ന്യൂനപക്ഷ വിഭാഗക്കാരനാണ് പി റ്റി ആലിഹാജി. ഇതിനു പുറമെ എസ്ഡിപിഐ സ്ഥാനാര്‍ഥിയായ കല്ലന്‍ അബൂബക്കറും വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ കരിപ്പുഴയും മത്സര രംഗത്തുണ്ട്.

കുഞ്ഞാലിക്കുട്ടി ഇത്തവണ മണ്ഡലം മാറുമെന്ന് കരുതിയെങ്കിലും സ്വന്തം മണ്ഡലത്തില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തു വെച്ചു തന്നെ ഏറ്റവും കൂടുതല്‍ പാലങ്ങളുടേയും റോഡുകളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതു വേങ്ങര മണ്ഡലത്തിലാണെന്നാണ് ലീഗ് അവകാശപ്പെടുന്നത്. വേങ്ങര മണ്ഡലത്തിലെ ചെറിയ റോഡുകള്‍ പോലും മന്ത്രി റബ്ബറൈസ് ചെയ്തുകൊടുത്തു. ഇത്തരത്തിലുള്ള വന്‍ വികസനം മണ്ഡലത്തില്‍കൊണ്ടുവന്നത് കൊണ്ടുതന്നെ കുഞ്ഞാലിക്കുട്ടിക്ക് ഭയപ്പെടേണ്ട കാര്യമില്ല.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിപി ബഷീര്‍ തിരൂര്‍ ബാറിലെ അഭിഭാഷകനാണ്. കോഴിക്കോട് ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയെടുത്തു. എആര്‍ നഗര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ്, മലപ്പുറം ജില്ലാ കമ്മിറ്റിയംഗം, അഖിലേന്ത്യാ ലോയേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നി ചുമതലകള്‍ വഹിച്ചു. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗവുമാണ്. ബഷീറിനിതു നിയമസഭയിലേക്കു കന്നിയങ്കം ആണ്.

ബിജെപി സ്ഥാനാര്‍ഥിയായ പിടി ആലിഹാജി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരില്‍ മത്സരിച്ചിരുന്നു. 1995ല്‍ ബ്ലോക്ക് പഞ്ചായത്തിലേക്കും 2010ല്‍ ജില്ലാ പഞ്ചായത്തിലേക്കും 2001, 2011 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും ജനവിധി തേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തിലെ താനാളൂര്‍ പെരൂളിതാലൂക്കാട്ടില്‍ കുടുംബാംഗമാണ്. 1978 മുതല്‍ 1992വരെ സൗദിയിലായിരുന്നു.

മിനി ഗള്‍ഫ് എന്നറിയപ്പെടുന്ന വേങ്ങരയില്‍ പ്രവാസികള്‍ കൂടുതലുണ്ട്.1,43,180 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. പുരുഷവോട്ടര്‍മാരാണ് കൂടുതല്‍. 72,915 വോട്ടര്‍മാര്‍ പുരുഷന്മാരും 70,265 പേര്‍ സ്ത്രീകളുമാണ് .ഐസ്‌ക്രീം കേസ്‌ കത്തിനില്‍ക്കവേ കുറ്റിപ്പുറത്തു കെ.ടി. ജലീലിനോട്‌ 8781വോട്ടിനു കുഞ്ഞാലിക്കുട്ടി അടിയറവു പറഞ്ഞതു കേരളരാഷ്‌ട്രീയത്തിലെതന്നെ വന്‍അട്ടിമറികളിലൊന്നായിരുന്നു. ലീഗ്‌ മറക്കാനാഗ്രഹിക്കുന്ന തോല്‍വി സമ്മാനിച്ച കുറ്റിപ്പുറം മണ്ഡലം ഇന്നില്ല. വേങ്ങരയില്‍ ആകെയുളള 23 സീറ്റില്‍ 19 സീറ്റും തനിച്ചുനേടിയാണ് ലീഗ് അധികാരത്തിലെത്തിയത്.

ബാക്കിയുള്ള നാലുസീറ്റില്‍ രണ്ടെണ്ണം വീതം കോണ്‍ഗ്രസും സിപിഎമ്മും പങ്കിട്ടു. എആര്‍ നഗര്‍, കണ്ണമംഗലം, വേങ്ങര, ഊരകം, പറപ്പൂര്‍, ഒതുക്കുങ്ങല്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട വേങ്ങര നിയമസഭാ മണ്ഡലത്തില്‍ കണ്ണമംഗലത്തും വേങ്ങരയിലുമാണ് ലീഗും കോണ്‍ഗ്രസും ഇരുചേരികളിലായി ഏറ്റുമുട്ടിയത്. ഈ രണ്ടു പഞ്ചായത്തുകളിലും ലീഗ് തനിച്ചു ഭരണംനേടിയെങ്കിലും രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസാണ്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണ് വേങ്ങര.കണ്ണമംഗലത്തു മതേതര മുന്നണി രൂപീകരിച്ച്‌ ലീഗിനെ ഒതുക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചെങ്കിലും ആകെയുള്ള 20സീറ്റില്‍ 11സീറ്റിലും വിജയിച്ച്‌ ലീഗ് ഒറ്റയ്ക്കുഭരണം നേടി.

മതേതരമുന്നണിക്കു ബാക്കി ഒമ്പത് സീറ്റും ലഭിച്ചു. ഒരുകുടക്കീഴില്‍ മത്സരിച്ച കോണ്‍ഗ്രസിന് അഞ്ചുസീറ്റും സിപിഎമ്മിനു രണ്ടും സിപിഐക്ക് ഒന്നും വെല്‍ഫെയര്‍പാര്‍ട്ടിക്ക് ഒരുസീറ്റുമാണു ലഭിച്ചത്. ഇവിടെ രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസാണ്. വേങ്ങരയില്‍ ആകെയുളള 23 സീറ്റില്‍ 19 സീറ്റും തനിച്ചുനേടിയാണ് ലീഗ് അധികാരത്തിലെത്തിയത്. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നത് കൊണ്ട് തന്നെ കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ ഈ പ്രശ്നത്തിനു പരിഹാരമാകുമെന്നും ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയോട് ചെറിയ രീതിയിലെങ്കിലും അനുഭാവമുള്ളവരായതിനാൽ പ്രശ്നം പരിഹരിക്കാനാവുമെന്നുമാണ് യു ഡി എഫ് നേതൃത്വം കരുതിയതും കുഞ്ഞാലിക്കുട്ടിയെ അവിടെ മത്സരിപ്പിച്ചതും. കഴിഞ്ഞ തവണ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് വിജയിച്ച മലപ്പുറം നിയോജക മണ്ഡലത്തില്‍ ലീഗിന്റെ മുഖമായ കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്ന് മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button