NewsInternational

ഇനി മരണത്തെ പേടിക്കേണ്ട : മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനായി വൈദ്യശാസ്ത്രത്തിന്റെ സ്വപ്‌ന പദ്ധതി

മരണത്തെ മറികടക്കാനുള്ള വൈദ്യശാസ്ത്രത്തിന്റെ സ്വപ്‌ന പദ്ധതി ആരംഭിക്കാനുള്ള അനുവാദം ലഭിച്ചു. ഇന്ത്യയിലും അമേരിക്കയിലുമായി നടക്കുന്ന പദ്ധതിയുമായി അമേരിക്കന്‍ ബയോടെക് കമ്പനി ബയോ ക്വാര്‍ക്കാണ് രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടമായി മസ്തിഷ്‌കമരണം സംഭവിച്ച 20 മനുഷ്യരെ വിവിധ പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കും. ഉത്തരാഖണ്ഡിലെ അനുപം ആശുപത്രിയിലായിരിക്കും ആദ്യഘട്ട പരീക്ഷണങ്ങള്‍ നടക്കുക.

മസ്തിഷ്‌കാഘാതത്തിന് വിധേയരായവരുടെ തലച്ചോറിലെ ധമനികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ ശ്രമങ്ങളായിരിക്കും ഈ പരീക്ഷണത്തില്‍ നടക്കുക. തലച്ചോറിലേക്ക് മൂലകോശങ്ങളെ കുത്തിവെക്കുക, ലേസര്‍ ചികിത്സ തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങള്‍ ഇതിനായി സ്വീകരിക്കും. യന്ത്രസഹായംകൊണ്ട് മാത്രം ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന രോഗികളെയാണ് പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുക. തലച്ചോറിന് ഓര്‍മ്മകളെ പൂര്‍ണ്ണമായും മായ്ച്ചുകളഞ്ഞ് പുതിയൊരു ജീവിതം തുടങ്ങാന്‍ ശേഷിയുണ്ടെന്ന ആശയമാണ് ഈ പരീക്ഷണത്തിന് പിന്നില്‍.

മരണത്തെ തലതിരിച്ചിടുന്നത് പോലുള്ള അവസ്ഥയാണിതെന്ന് ബയോക്വാര്‍ക്ക് സിഇഒ ഡോ. ഇറ പാസ്റ്റര്‍ പറയുന്നു. മതപരവും വിശ്വാസപരവുമായ കാരണങ്ങളാല്‍ അവയവദാനത്തിന് തയ്യാറല്ലാത്ത മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ആശുപത്രികള്‍ വഴി ഇവര്‍ ശ്രമിച്ചുവരികയാണ്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ആദ്യഘട്ട പരീക്ഷണം ആരംഭിക്കാനാകുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.

ഇത്തരത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകുമെന്ന് വൈദ്യശാസ്ത്രത്തിലെ ഒരു വിഭാഗം നേരത്തെയും വാദിച്ചിരുന്നു. എന്നാല്‍ ഇത് യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ പഠനങ്ങളോ ഗൗരവത്തിലുള്ള പരീക്ഷണങ്ങളോ നടക്കുകയോ പ്രതീക്ഷിച്ച ഫലങ്ങള്‍ ഉണ്ടാവുകയോ ചെയ്തിരുന്നില്ല. വ്യക്തി അബോധാവസ്ഥയിലാവുകയും സ്വയം ശ്വസിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ലളിതമായി പറഞ്ഞാല്‍ മസ്തിഷ്‌ക മരണം.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഒരാള്‍ക്ക് അധികകാലം ജീവിക്കാനാകില്ല. എങ്കിലും ജീവന്‍ നിലനിര്‍ത്താനുള്ള ഉപകരണങ്ങളുടെ സഹായത്തില്‍ മരണം നീട്ടിക്കൊണ്ടുപോകാനാകും. മസ്തിഷ്‌കമരണം സംഭവിച്ചാലും ശരീരത്തിലൂടെ രക്തം ഒഴുകുകയും ഭക്ഷണം ദഹിക്കുകയും ശാരീരിക മാലിന്യങ്ങള്‍ പുറന്തള്ളുകയും മുടിയും നഖവും വളരുകയും മുറിവ് ഉണങ്ങുകയും തുടങ്ങി ഗര്‍ഭിണിയാണെങ്കില്‍ കുഞ്ഞിനെ പ്രസവിക്കുക വരെ ചെയ്യും. മരണത്തിനും ജീവിതത്തിനും ഇടക്കുള്ള മസ്തിഷ്‌ക മരണം എന്ന നൂല്‍പാലത്തില്‍ നിന്നും ജീവിതത്തിലേക്ക് മനുഷ്യരെ കൈപിടിച്ച് കൊണ്ടുവരാനുള്ള പരീക്ഷണങ്ങള്‍ക്കാണ്  ഒരു കൂട്ടം  വൈദ്യശാസ്ത്രകാരന്മാര്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button