KeralaNews

കോണ്‍ഗ്രസ്-സിപിഎം ബാന്ധവത്തെ കണക്കറ്റ് പരിഹസിച്ച് വെങ്കയ്യ നായിഡു

ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിനെ കണക്കറ്റ് പരിഹസിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കേരളത്തിലെ എന്‍ഡിഎ മുന്നണിയുടെ പ്രചരണത്തിന്‍റെ ഭാഗമായി. “ബംഗാള്‍ മേ ദോസ്തി, കേരള്‍ മേ ഗുസ്തി (ബംഗാളില്‍ കൂട്ട്, കേരളത്തില്‍ വെട്ട്)” എന്ന രീതിയിലുള്ള ഇടതു-വലതു മുന്നണികളുടെ തലതിരിഞ്ഞ അടവുനയത്തേയാണ് വെങ്കയ്യ നായിഡു കളിയാക്കിയത്.

ബംഗാളിലെ ബാന്ധവത്തിലൂടേയും, കേരളത്തിലെ ശത്രുതയിലൂടെയും ഇരുകക്ഷികളും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും, ഈ അടവുനയത്തിന് വിഎസ്, പിണറായി, യെച്ചൂരി എന്നിവര്‍ മറുപടി പറയണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

ചേലക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാടിന്‍റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും സിപിഎമ്മും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും അറുപതു വര്‍ഷക്കാലം കേരളത്തെ ഭരിച്ചു മുടിപ്പിച്ചു വച്ചിരിക്കുകയാണ്.

ഭൂമി, ആകാശം, അന്തരീക്ഷം, ഭൂഗര്‍ഭം എന്നിങ്ങനെ സാദ്ധ്യമായ എല്ലായിടത്തും കോണ്‍ഗ്രസ് അഴിമതി നടത്തിക്കഴിഞ്ഞതായി വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മോഷ്ടിച്ചു കൊണ്ടിരിക്കുകയും, കമ്മ്യൂണിസ്റ്റ്കാര്‍ ചതിച്ചു കൊണ്ടിരിക്കുകയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ബിജെപി ഇരട്ട അക്കത്തില്‍ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വെങ്കയ്യ നായിഡു കോണ്‍ഗ്രസ്-സിപിഎം ദ്വയത്തിന്‍റെ മത നിരപേക്ഷ അവകാശവാദത്തേയും ചോദ്യം ചെയ്തു. പിഡിപി, മുസ്ലീംലീഗ് തുടങ്ങിയ വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടി നടക്കുന്നവര്‍ക്ക് ബിജെപിയുടെ മതേതരത്വത്തെ ചോദ്യം ചെയ്യാന്‍ എന്ത് അര്‍ഹതയാണുള്ളത് എന്ന്‍ അദ്ദേഹം ചോദിച്ചു.

വിദ്യാര്‍ഥി സമരവും മറ്റും ഉണ്ടായപ്പോള്‍ പാഞ്ഞെത്തിയ രാഹുല്‍ഗാന്ധി, പെരുമ്പാവൂരില്‍ ജിഷ എന്ന ദളിത്‌ പെണ്‍കുട്ടി ദാരുണമായി കൊലചെയ്യപ്പെട്ടിട്ടും അവിടെ സന്ദര്‍ശിക്കാതിരുന്നത് കേരളം കോണ്‍ഗ്രസ് ഭരിക്കുന്നത് കൊണ്ടാണെന്നും നായിഡു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button