NewsInternationalGulf

ലുസൈല്‍ ട്രാം നിര്‍മാണചുമതല അമേരിക്കന്‍ കമ്പനിയ്ക്ക്

ദോഹ: രാജ്യത്തെ പ്രധാന റെയില്‍വേ പദ്ധതിയായ ലുസൈല്‍ ലൈറ്റ് റൈല്‍ ട്രാന്‍സിറ്റ് (ലുസൈല്‍ ട്രാം) നിര്‍മാണചുമതല അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത സംരംഭമായ ഹില്‍ ഇന്റര്‍നാഷണലിന്. ഇതു സംബന്ധിച്ച് ഖത്തര്‍ റെയില്‍ കമ്പനിയുമായി ഔദ്യോഗിക കരാറില്‍ ഒപ്പുവെച്ചതായി ഹില്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ പി. പൗലിന്‍ അറിയിച്ചു. അയ്യായിരത്തിനടുത്ത് പ്രൊഫഷണലുകലും ആഗോള തലത്തില്‍ നൂറിലധികം ഓഫീസുകളും ഉള്ള ഭീമന്‍ നിര്‍മാണകമ്പനിയാണ് ഹില്‍ ഇന്റര്‍നാഷണല്‍. 1976ല്‍ സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം പെനിസില്‍വാനിയയിലെ ഫിലാഡെല്‍ഫിയയിലാണ്. ഇതാല്‍ഫെര്‍ എസ്.പി.എ, അസ്റ്റഡ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി ആന്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് കമ്പനി എന്നിവയുമായി ചേര്‍ന്ന് ഹില്‍ ഇന്റര്‍നാഷണല്‍ 151.6 ദശലക്ഷം റിയാലിന്റെ (42 ദശലക്ഷം ഡോളര്‍) കരാറാണ് ഖത്തര്‍ റെയില്‍ കമ്പനിയുമായി ഒപ്പുവെച്ചത്. നാലുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് ലുസൈല്‍ ട്രാം പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലുസൈല്‍ ട്രാമിന് ആവശ്യമായ തുരങ്കങ്ങളുടെ നിര്‍മാണം 2013 ല്‍ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. ദോഹ മെട്രോ റെയിലുമായി ബന്ധിപ്പിച്ചാണ് ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതി നടപ്പാക്കുക. കരാറില്‍ ഹില്‍ ഇന്റര്‍നാഷണലിന് 50 ശതമാനം പങ്കാളിത്തമാണുള്ളത്. 38.5 കിലോമീറ്റര്‍ നീളമുള്ള ലുസൈല്‍ ലൈറ്റ് റെയില്‍ പദ്ധതിയില്‍ നാല് പാതകളാണുള്ളത്. 25 സ്റ്റേഷനുകള്‍ക്ക് പുറമേ ഏഴ് ഭൂഗര്‍ഭ സ്റ്റേഷനുകളുമുണ്ട്. ലുസൈല്‍ സിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത്. ഖത്തറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര വിനോദ സഞ്ചാര സ്ഥാനമായിരിക്കും പൂര്‍ത്തിയാവുന്ന ലുസൈല്‍ സിറ്റിക്കുണ്ടാവുകയെന്ന് ഹില്‍ പ്രോജക്ട് മാനേജ്‌മെന്റ് ഗ്രൂപ്പ് റീജ്യണല്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ റൈസ് പറഞ്ഞു.

ദോഹയ്ക്ക് 23 കിലോമീര്‍ വടക്ക് കടല്‍ക്കരയിലാണ് ലുസൈല്‍ സിറ്റി തയ്യാറാക്കുന്നത്. 35 ചതുരശ്ര കിലോ മീറ്റര്‍ ആയിരിക്കും നഗരത്തിന്റെ വിസ്തൃതി. 2, 60,000 പേര്‍ക്ക് സുഖകരമായ ജീവിതം ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ പുതിയ നഗരത്തില്‍ ഒരുക്കാനാണ് പദ്ധതി. ദിവസവും 4,50,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പൊതുഗതാഗത സംവിധാനമായി ട്രാമിനെ മാറ്റാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. താമസകേന്ദ്രങ്ങള്‍ , ഷോപ്പിങ് സെന്ററുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി നിരവധി ഘടകങ്ങളുള്‍ക്കൊള്ളുന്നതാണ് ലുസൈല്‍ സിറ്റി.

30.5 കിലോമീറ്റര്‍ നീളുന്ന നാല് റയില്‍ ലൈനുകളാണ് ലുസൈല്‍ ലൈറ്റ് റയില്‍ പദ്ധതിയിലുള്ളത്. ഇതില്‍ 19 കിലോമീറ്റര്‍ തറ നിരപ്പിലും ഒരു കിലോമീറ്റര്‍ ഉയരത്തിലുമാണ്. ഭൂഗര്‍ഭ പാത പത്തു കിലോമീറ്ററാണ്. 32 സ്‌റ്റേഷനുകളാണ് ട്രാം സര്‍വീസിലുണ്ടാകുക. ഇതില്‍ ഏഴെണ്ണം ഭൂഗര്‍ഭ സ്‌റ്റേഷനുകളായിരിക്കും. രണ്ടുലക്ഷം സ്ഥിരതാമസക്കാര്‍ ഉള്‍പ്പെടെയുള്ള ആസൂത്രണ നഗരമായാണു ലുസൈല്‍ വിഭാവനം ചെയ്യുന്നത്. ലുസൈല്‍ സിറ്റിയുടെ സൗന്ദര്യവല്‍കരണ നടപടികളുടെ ഭാഗമായി ട്രാമിനുള്ള വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും ഭൂമിക്കടിയിലൂടെയാണ് കടന്നു പോകുക. 2022ലെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനും ഫൈനലിനും വേദിയാകുന്ന സ്‌റ്റേഡിയവും ലുസൈലിലാണ് നിര്‍മിക്കുക. 80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അതിന്റെ നിര്‍മാണ പ്രവര്‍ത്തനം അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button