Editorial

പറച്ചിലില്‍ ജാതിക്കും മതത്തിനും എതിരാണ്, പക്ഷേ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പലരുടേയും തനിനിറം വെളിയില്‍ വരും

മതത്തിനും ജാതിക്കും എതിരാണ് തങ്ങളുടെ രാഷ്ട്രീയ നയങ്ങളെന്ന് കൊട്ടിഘോഷിക്കുന്ന എത്ര പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പോലുള്ള പരീക്ഷണഘട്ടങ്ങള്‍ വരുമ്പോള്‍ അത് പ്രാവര്‍ത്തികമാക്കാറുണ്ട്? മത-ജാതി-പ്രാദേശികതാ വാദങ്ങള്‍ക്കൊക്കെ അതീതരാണ് തങ്ങള്‍ എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം വിളിച്ചുകൂവി നടക്കുന്ന ഇടതുകക്ഷികള്‍ തന്നെയാണ് ഇന്ന്‍ ഇത്തരം പരിഗണനകളില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ സൂക്ഷ്മപരിശോധനകളുടെയൊന്നും ആവശ്യമില്ല. കേരളത്തില്‍ത്തന്നെ ഇപ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ ഇടതുപക്ഷം നേരിട്ടത് ജാതിമത പരിഗണനകള്‍ അനുസരിച്ചുള്ള സീറ്റ് വീതംവയ്പ്പിലൂടെയായിരുന്നു. അഡ്വക്കേറ്റ് ജയശങ്കറിനെപ്പോലെ പ്രഗല്‍ഭനായ ഒരു രാഷ്ട്രീയ നിരീക്ഷകന്‍ ഇടതുകക്ഷികളുടെ ഈ സീറ്റ് വീതംവയ്പ്പില്‍ കേരളത്തിലെ ഈഴവ സമൂഹം എങ്ങിനെ പുറന്തള്ളപ്പെട്ടു എന്ന് വ്യക്തമാക്കിയത് രാഷ്ട്രീയ കേരളം പ്രാധാന്യത്തോടെ തന്നെ ചര്‍ച്ച ചെയ്തിരുന്നു.

ഒരു വശത്ത് ബിജെപിയും സംഘപരിവാറും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുകയും മറുവശത്ത് ജാതി-മത അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ വീതംവച്ചു നല്‍കി, മത-സാമുദായിക സംഘടനകളേയും കൂട്ടായ്മകളേയും ഒപ്പം നിറുത്തി മൃദു ഹിന്ദുത്വവും ന്യൂനപക്ഷ പ്രീണനവും നടത്തിയുമാണ്‌ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നത്. ഇവയും തീവ്രഹിന്ദുത്വ നിലപാടുകളെപ്പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്.

ഇന്ത്യയില്‍ ജാതിരാഷ്ട്രീയം ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയിലുള്ളത് ഉത്തര്‍പ്രദേശിലാണ്. എണ്ണിയാലൊടുങ്ങാത്ത വിധം വിവിധങ്ങളായ ജാതികളില്‍പ്പെട്ടവരെ ഒപ്പം നിര്‍ത്തിയാലേ രാഷ്ട്രീയത്തിന്‍റെ അങ്കത്തട്ടില്‍ നിലനില്‍പ്പുള്ളൂ. ഉത്തര്‍പ്രദേശിന്‍റെ അധികാരപഥങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ ഇടര്‍ച്ച ആദ്യം മുതലെടുത്തത് ബിജെപിയായിരുന്നു. ബ്രാഹ്മണ-ക്ഷത്രിയ വോട്ടുകളുടെ ഏകീകരണത്തിലൂടെ അവര്‍ കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശിന്‍റെ അധികാരവഴികളില്‍ നിന്ന് പുറത്താക്കി. 1988-ല്‍ പക്ഷേ കോണ്‍ഗ്രസിന്‍റെ ഉത്തര്‍പ്രദേശിലെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ജനതാദള്‍ ആയിരുന്നു. അന്ന്‍ ജനതാദളില്‍ ആയിരുന്ന മുലായം സിംഗ് യാദവ് ഒന്നര വര്‍ഷത്തോളം മുഖ്യമന്ത്രിയുമായി. പിന്നീട് കാലാവധി തികയ്ക്കാത്ത നാല് സര്‍ക്കാരുകള്‍ ഉത്തര്‍പ്രദേശിനെ ഭരിച്ചു. കല്യാണ്‍ സിങ്ങിന്‍റെ ബിജെപിയും, സമാജ്വാദി പാര്‍ട്ടി രൂപീകരിച്ച മുലായവും, ബഹുജന്‍ സമാജ് പാര്‍ട്ടിയിലൂടെ മായാവതിയും ഈ ഹൃസ്വകാല ഗവണ്മെന്‍റുകള്‍ക്ക് നേതൃത്വം നല്‍കി. പക്ഷേ 1997-ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു ബ്രാഹ്മണ-ക്ഷത്രിയ വോട്ടുകളുടെ ചിറകിലേറി ബിജെപി ഒരു ദശകത്തിനു ശേഷം ഉത്തര്‍പ്രദേശിന്‌ സ്ഥിരതയുള്ള ഒരു ഗവണ്മെന്‍റിനെ സമ്മാനിച്ചത്. 2003 മുതല്‍ ഇന്നുവരെ മായാവതിയുടെ ബിഎസ്പിയും, മുലായം സിങ്ങിന്‍റെ സമാജ്വാദിയും ഉത്തര്‍പ്രദേശിനെ മാറിമാറി ഭരിക്കുന്നു.

ന്യൂനപക്ഷ ദളിത്‌ വോട്ടുകളുടെ അടിത്തറ മായാവതിയുടെ ബിഎസ്പിക്കവകാശപ്പെട്ടതാണ്. മുസ്ലീംങ്ങളടക്കമുള്ള ഇതര ന്യൂനപക്ഷ വോട്ടുകള്‍ എസ്പിയും കൈവശം വച്ചിരിക്കുന്നു. ബ്രാഹ്മണ-ക്ഷത്രിയ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുന്ന ഘട്ടങ്ങളിലൊക്കെ ബിജെപിയും ഉത്തര്‍പ്രദേശില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്യുന്നു. പക്ഷേ, 88-ല്‍ അധികാരത്തില്‍ നിന്ന്‍ പുറത്തുപോയ ശേഷം കോണ്‍ഗ്രസ് ഇതുവരെ സംസ്ഥാനത്ത് പച്ചതൊട്ടിട്ടില്ല. ഭൂരിപക്ഷ-ന്യൂനപക്ഷ പ്രീണനവും, മൃദുഹിന്ദുത്വവും, ജാതികേന്ദ്രീകൃത സമീപനവും ഒക്കെ പരീക്ഷിച്ചു നോക്കിയിട്ടും ഉത്തര്‍പ്രദേശുകാര്‍ കോണ്‍ഗ്രസിനെ പടിക്കു പുറത്തു തന്നെ നിര്‍ത്തി.

2017-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ബീഹാര്‍ തിരഞ്ഞെടുപ്പിനു ശേഷം തന്നെ ആരംഭിച്ചിരുന്നു. നിതീഷ് കുമാറിന്‍റെ മിന്നുന്ന വിജയത്തിനു ചുക്കാന്‍ പിടിച്ച തിരഞ്ഞെടുപ്പ് ആസൂത്രകന്‍ പ്രശാന്ത് കിഷോറിനെ നിതീഷിന്‍റെ പക്കല്‍ നിന്ന് കടം വാങ്ങിയാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങിയത്. കിഷോറും പാര്‍ട്ടിയിലെ ഒരു വിഭാഗവുമായുള്ള ബന്ധം മോശമായി എന്നും, കിഷോര്‍ ഉടന്‍തന്നെ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് തന്‍റെ പാടുനോക്കി പോകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, കളിക്കാവുന്ന കളികള്‍ എല്ലാം കളിച്ച് ഉത്തര്‍പ്രദേശില്‍ നില മെച്ചപ്പെടുത്താന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം. ജാതിരാഷ്ട്രീയത്തെ തന്നെയാണ് ഇതിനായി അവര്‍ കൂട്ടുപിടിക്കാന്‍ ആലോചിക്കുന്നതും.

ഇതിനിടെ പുറത്തുവന്ന മറ്റൊരു വാര്‍ത്ത താക്കൂര്‍ വിഭാഗത്തിന് ബിജെപിയോടുള്ള മനോഭാവത്തില്‍ വന്ന മാറ്റം ആയിരുന്നു. ഒരു താക്കൂറായ രാജ്നാഥ് സിംഗ് കേന്ദ്രഅഭ്യന്തരമന്ത്രി ആയിരുന്നിട്ടു കൂടി സമുദായത്തിനായി വഴിവിട്ട സഹായങ്ങളൊന്നും ചെയ്യാതിരുന്നതാണ് ഇവരെ ചൊടിപ്പിച്ചത്. താക്കൂറുകളുടെ ഈ എതിര്‍പ്പിനെക്കുറിച്ച് അറിഞ്ഞ മുലായം സിംഗ് അവരെ തങ്ങളുടെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. താക്കൂര്‍ വിഭാഗത്തെ കയ്യിലെടുക്കാന്‍ മുലായം ചെയ്തത് എസ്പിയുടെ 15 രാജ്യസഭാ നാമനിര്‍ദ്ദേശങ്ങളില്‍ നാല് എണ്ണം താക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ക്ക് നല്‍കിക്കൊണ്ടായിരുന്നു. അതോടൊപ്പം തന്നെ മറ്റു പ്രബല വിഭാഗങ്ങളായ നിഷാദ്, കുര്‍മി എന്നിവര്‍ക്കും മുലായം പ്രതിനിധിത്വം നല്‍കി.

പിന്നോക്കവിഭാഗക്കാരനായ കേശവ് പ്രസാദ് മൌര്യയെ ബിജെപി തങ്ങളുടെ ഉത്തര്‍പ്രദേശ്‌ ചീഫ് ആക്കിയത് എസ്പിക്ക് ക്ഷീണം ചെയ്തിരുന്നു. പിന്നോക്കവിഭാഗങ്ങളുടെ ഇടയില്‍ ബിജെപിയുടെ സ്വീകാര്യത ഇതുവഴി വര്‍ദ്ധിച്ചതാണ് കാരണം. ഇതിനെ മറികടക്കാനും കൂടിയാണ് ബിഎസ്പിയേക്കാള്‍, തങ്ങളോട് താതപര്യമുള്ള ഹിന്ദു പ്രബല വിഭാഗങ്ങളെ കൂടെക്കൂട്ടാന്‍ മുലായത്തിന് പ്രേരണയായത്. യാദവന്മാരുടെ ഇടയില്‍ പാര്‍ട്ടിക്കുള്ള ആധിപത്യം തകരാതെ നോക്കുകയും ചെയ്തു മുലായം. രണ്ട് പ്രമുഖ യാദവ നേതാക്കന്മാരില്‍ ഒരാളായ സുഖ്റാം യാദവിനെ രാജ്യസഭയിലേക്കും, ബല്‍റാം യാദവിനെ സംസ്ഥാന അസ്സംബ്ലിയിലേക്കും അയച്ചുകൊണ്ടാണ് മുലായം സിംഗ് ഇത് സാധ്യമാക്കിയത്. ക്ഷത്രിയ വോട്ടുകള്‍ ലക്ഷ്യം വച്ച് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ അവഗണിച്ച് കൊണ്ട്, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്ന വിവാദനായകന്‍ അമര്‍ സിംഗിനെ തിരിച്ചു കൊണ്ടുവന്നിട്ടുമുണ്ട് മുലായം.

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതാണ് ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഇങ്ങനെ അങ്കലാപ്പിലാക്കുന്നതും, മത-ജാതി രാഷ്ട്രീയത്തിനെതിരായ തങ്ങളുടെ തന്നെ സ്ഥിരം പ്രസ്താവനകള്‍ വിഴുങ്ങിക്കൊണ്ട് ജാതി-മത പരിഗണനകളിലൂന്നിയുള്ള സ്ഥാനമാന വിതരണം നടത്തി പാര്‍ട്ടിയുടെ സ്ഥിതി ഭദ്രമാണെന്ന് ഉറപ്പാക്കാന്‍ പ്രേരിപ്പിക്കുന്നതും. സംസ്ഥാനത്തെ ദളിത്‌ വോട്ടുബാങ്കിന്‍റെ പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും, ജാതിരാഷ്ട്രീയത്തിന്‍റെ ഈ കളിക്കളത്തിലേക്കുള്ള മായാവതിയുടെ പ്രവേശനത്തിന് അധികം കാത്തിരിക്കേണ്ടി വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button