KeralaNews

മതവിഭാഗങ്ങളുടെ ആര്‍ഭാടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് ഭയം: ഹൈക്കോടതി

കൊച്ചി: മതവിഭാഗങ്ങളുടെ ആര്‍ഭാടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് ഭയമെന്ന് ഹൈകോടതി. ഏതുമതമാണ് ഉത്സവാഘോഷങ്ങള്‍ക്ക് ആനയും വെടിക്കെട്ടും വേണമെന്ന് നിഷ്‌കര്‍ഷിച്ചതെന്നും അതില്ലാതെ വിശ്വാസം നിലനില്‍ക്കില്ലേയെന്നും കോടതി ചോദിച്ചു. അനാവശ്യ ആഡംബരങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് ഭയമുണ്ടെങ്കില്‍, കോടതിക്കില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി. ഉബൈദ് ഇക്കാര്യം ആരാഞ്ഞത്. സംഭവത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്ക് പങ്കില്ലെന്നും മത്സരക്കമ്പം നടന്നെങ്കില്‍ തടയാനുള്ള ബാധ്യത പൊലീസിനായിരുന്നെന്നും ചൂണ്ടിക്കാട്ടി ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.എസ്. ജയലാല്‍, സെക്രട്ടറി പൊഴിക്കര കൃഷ്ണഭവനത്തില്‍ കൃഷ്ണന്‍കുട്ടി പിള്ള തുടങ്ങിയവരടക്കമുള്ളവരുടെ ജാമ്യഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

നിയമലംഘനം തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ക്ഷേത്രസമിതി ഭാരവാഹികള്‍ എന്ന നിലയിലാണ് അറസ്റ്റ് ചെയ്തതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, ക്ഷേത്രത്തില്‍ നടന്നത് മത്സരവെടിക്കെട്ടുതന്നെയായിരുന്നെന്നും അതിന് അനുമതിയില്ലായിരുന്നെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മതവിഭാഗങ്ങളുടെ ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചത്. ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് വര്‍ധിച്ചെന്ന് കഴിഞ്ഞതവണ കേസ് പരിഗണിക്കവേ കോടതി നിരീക്ഷിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണപുരോഗതി റിപ്പോര്‍ട്ടും ഏറ്റവും പുതിയ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടിന്റെ പകര്‍പ്പും മേയ് 23നകം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button