NewsIndia

പുതിയ ദേശീയ വനിതാകരടുനയം തുല്യനീതിയ്ക്കായി

ന്യൂഡല്‍ഹി: കുട്ടികളുടെ സംരക്ഷണവും പരിപാലനവും പുരുഷന്മാരിലും നിക്ഷിപ്തമാക്കി കേന്ദ്രസര്‍ക്കാറിന്റെ പുതിയ ദേശീയ വനിതാകരടുനയം. പുരുഷന്മാര്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ശീലം വളര്‍ത്താന്‍ സ്‌കൂള്‍തലം മുതല്‍ ലിംഗസമത്വ പ്രചാരണം നടത്തണമെന്ന് നയം ശുപാര്‍ശചെയ്തു. ഇതിനായി അഞ്ചാംക്ലാസ് മുതല്‍ പ്രചാരണം തുടങ്ങും. മികച്ചപ്രകടനം കാഴ്ചവെക്കുന്ന ആണ്‍കുട്ടിക്ക് സമ്മാനവും ഏര്‍പ്പെടുത്തും. സ്ത്രീകള്‍ക്ക് പ്രത്യുത്പാദന അവകാശം ഉറപ്പാക്കുമെന്നും നയം അടിവരയിട്ടു.

സ്ത്രീസുരക്ഷ ഉറപ്പാക്കാനായി പ്രത്യേക മൊബൈല്‍ ആപ്പ് രംഗത്തിറക്കും. ഇതില്‍ പ്രത്യേകബട്ടണ്‍ (പാനിക് ബട്ടണ്‍) സജ്ജമാക്കും. അരക്ഷിതസമയത്ത് ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ത്രീക്കുപരിചയമുള്ള പത്തുപേരെങ്കിലും ഉടന്‍ പ്രതികരിക്കുന്ന തരത്തില്‍ സജ്ജമാക്കിയിട്ടുള്ളതാണ് ഈ ബട്ടണ്‍.

പൊലീസില്‍ വനിതാസംവരണം ഉറപ്പാക്കുന്നതിനുപുറമെ, മഹിളാ പൊലീസ് വോളന്റിയര്‍മാരെയും രംഗത്തിറക്കും. സര്‍ക്കാര്‍ ഭൂമിവിതരണത്തില്‍ പട്ടയദാനത്തിലും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണം. സ്വകാര്യഭൂമി ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേരില്‍ സംയുക്തമായോ സ്ത്രീയുടെപേരില്‍ മാത്രമോ രജിസ്റ്റര്‍ചെയ്യാന്‍ പ്രത്യേക ഇളവുനല്‍കണം. കാര്‍ഷികരംഗത്ത് സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ഈ ശുപാര്‍ശ.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങി സര്‍വമേഖലകളിലും വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കാനും ലിംഗസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വനിതാനയം കേന്ദ്ര വനിതാശിശുക്ഷേമമന്ത്രി മേനകാഗാന്ധിയാണ് പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button