NewsInternational

മെക്‌സിക്കോയെ നടുക്കി ആകാശത്ത് വലിയ തീഗോളം

നട്ടപ്പാതിരയ്ക്ക് പൊടുന്നനെ വലിയൊരു തീഗോളം മെക്‌സിക്കോയിലെ അഞ്ച് സ്റ്റേറ്റുകള്‍ക്ക് മുകളിലായി പ്രത്യക്ഷപ്പെടുകയായിരുന്നു. പാതിരാത്രി ഈ പ്രദേശങ്ങളിലെല്ലാം നിമിഷങ്ങളോളം വെളിച്ചം നിറഞ്ഞു. വെളിച്ചന്റെ തുടര്‍ച്ചയായി വീടുകളെ പിടിച്ചു കുലുക്കുന്നവിധത്തിലുള്ള വന്‍ സ്‌ഫോടനവുമുണ്ടായി. താരതമ്യേന വലിപ്പം കൂടിയ ഉല്‍ക്കയായിരിക്കും ഇതെന്നാണ് സംഭവത്തെക്കുറിച്ച് പഠനം നടത്തിയ മെക്‌സിക്കോയിലെ വാനനിരീക്ഷകന്‍ യോസേ റമോണ്‍ വാല്‍ഡെസ് അഭിപ്രായപ്പെട്ടത്.

അതേസമയം, സംഭവിച്ചത് ഉല്‍ക്കാപതനമാണോ എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. കാരണം മെക്‌സിക്കോയെ നടുക്കിയ ആ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുകയായിരുന്നില്ല മറിച്ച് ഭൂമിയുടെ അന്തരീക്ഷത്തെ തൊട്ട് കടന്നു പോവുകയായിരുന്നുവെന്നതാണ് വിശ്വസിക്കാവുന്ന ഒരുവാദം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നപ്പോഴാണ് ഘര്‍ഷണത്തിന്റെ ഫലമായി ശക്തമായ സ്‌ഫോടനവും വെളിച്ചവുമുണ്ടായത്.

സാധാരണഗതിയില്‍ എല്ലാ ദിവസവും നിരവധി ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കാറുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുന്നതോടെ ഘര്‍ഷണഫലമായി ഇവ കത്തിപ്പോവുകയാണ് പതിവ്. അത്യപൂര്‍വ്വമായാണ് ഉല്‍ക്കകള്‍ ഭൂമിയില്‍ ഘര്‍ഷണം ഭേദിച്ചെത്തുന്നത്. ചെറു ഉല്‍ക്കകള്‍ ഭീഷണിയല്ലെങ്കിലും മെക്‌സിക്കോയെ പേടിപ്പിച്ച് കടന്നതുപോലുള്ളവക്ക് ഒരു നഗരത്തെ ഇല്ലാതാക്കാന്‍ ശേഷിയുണ്ടെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

മെക്‌സിക്കോക്ക് മുകളിലെ അന്തരീക്ഷത്തിലൂടെ മണിക്കൂറില്‍ 621 മൈല്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹം കടന്നുപോയത്. മെക്‌സിക്കോയിലെ സ്‌കൈ അലെര്‍ട്ടാണ് ഈ സംഭവത്തെക്കുറിച്ച് ആദ്യമായി വിവരങ്ങള്‍ പുറത്തുവിട്ടത്. ട്വിറ്ററില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.47ന് മെക്‌സിക്കോയുടെ ആകാശത്തുണ്ടായ പ്രതിഭാസത്തെക്കുറിച്ച് അവര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button