KeralaNews

മോദിയുമായുള്ള കൂടിക്കാഴ്ച ; പിണറായിയോട് ചില ചോദ്യങ്ങളുമായി ഷിബു ബേബി ജോണ്‍

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും ആറന്മുള കണ്ണാടി സമ്മാനമായി നല്‍കിയതിനെ ചൊല്ലി ഫെയ്സ്ബുക്കില്‍ വിവാദം. ഫെഡറല്‍ സമ്പ്രദായത്തിന്‍റെ അന്തസത്ത കാത്തുസൂക്ഷിക്കുന്നതിനുള്ള മുതല്‍ക്കൂട്ടാണ് കൂടിക്കാഴ്ചയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചപോള്‍, മുന്‍പ് താന്‍ തൊഴില്‍ മന്ത്രി ആയിരുന്നപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ആറന്മുള കണ്ണാടി സമ്മാനിച്ചത്‌ ഏറെ കൊട്ടിഘോഷിച്ച് വിവാദമാക്കിയ സഖാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടം മുട്ടിപ്പോയോ എന്ന് ചോദിച്ചു കൊണ്ട് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു.

നൈപുണ്യ വികസനത്തിന്‌ ഗുജറാത്ത് നടപ്പിലാക്കിയ പദ്ധതിയെക്കുറിച്ച് പഠിക്കാനാണ് 2013 ഏപ്രില്‍ മാസത്തില്‍ മോദിയെ സന്ദര്‍ശിച്ചത് എന്ന് ഷിബു പറയുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി മറ്റൊരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ്? കേരളത്തിലെ വിപ്ലവപാര്‍ട്ടികള്‍ അത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമമായി ചിത്രീകരിച്ചു. എന്നാല്‍ ഇപ്പോള്‍ കേരള മുഖ്യമന്ത്രി തന്നെ അതെ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു കേരളത്തില്‍ വികസനപദ്ധതികള്‍ കൊണ്ടുവരുന്നതിനെ പറ്റി സംസാരിച്ചു. മുഖ്യമന്ത്രി രാജ്യത്തെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ്‌?. തെരഞ്ഞെടുപ്പുകാലത്ത്, മോദിയോടൊപ്പമുള്ള തന്‍റെ ചിത്രം വീടുവീടാന്തരം വിതരണം ചെയ്ത സഖാക്കള്‍ എന്താണ് മറുപടി പറയുന്നതെന്നും ഷിബു ചോദിക്കുന്നു.

കേരളത്തിന്‍റെ മുന്നോട്ടുള്ള പോക്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സഹകരണം അതിപ്രധാനം ആണെന്നും ആരോഗ്യകരമായ കേന്ദ്രസംസ്ഥാന ബന്ധം യാഥാര്‍ത്യമാകണമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് ഷിബു രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button