Kerala

ശബരിമല സ്ത്രീപ്രവേശം ; നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. കോടതി ഉത്തരവിനേക്കാള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

വിഷയം സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. നിയമ വിരുദ്ധമായ ഒരു തീരുമാനവും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വങ്ങളിലെ ഇടപെടലുകളിലുള്ള അതൃപ്തി കോടതിയെ ഉടന്‍ അറിയിക്കും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതിയുടെ അനുമതിയോട് കൂടി വര്‍ദ്ധിപ്പിച്ച വഴിപാടു നിരക്കു വര്‍ധന പുന: പരിശോധിക്കും. ദേവസ്വം ബോര്‍ഡ് യോഗങ്ങള്‍ പ്രത്യേകം ചേരുമെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ സ്ത്രികള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്നാണ് സുപ്രീംകോടതി നിയോഗിച്ച അമികസ്‌ക്യൂറി രാജു രാമചന്ദ്രന്‍ കോടതിയെ അറിയിച്ചത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനും സാധിച്ചിരുന്നില്ല.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button