Gulf

യു.എ.ഇയില്‍ വന്‍ തട്ടിപ്പ് ; മലയാളികള്‍ അടക്കമുള്ളവര്‍ പിടിയില്‍

ദുബായ് : യു.എ.ഇയില്‍ വന്‍ തട്ടിപ്പു നടത്തിയ ആറുപേര്‍ പിടിയില്‍. സി.ഐ.ഡി ചമഞ്ഞ് മലയാളികളുടെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആറര ലക്ഷം ദിര്‍ഹവും അഞ്ച് മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കേസിലാണ് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായത്. ഈ മാസം ആറിനായിരുന്നു സംഭവം.

കോഴിക്കോട് സ്വദേശികളായ ഷബീര്‍, സാബിക് എന്നിവരുടെ ഉടമസ്ഥതയില്‍, ദെയ്‌റ ബനിയാസ് സ്‌ക്വയറിലെ മെട്രോ സ്‌റ്റേഷനടുത്തുള്ള അല്‍ ഹബ്തൂര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിഎച്ച്ജി ജനറല്‍ ട്രേഡിങ്ങിലാണ് വന്‍ തട്ടിപ്പ് നടന്നത്. സംഭവം നടക്കുമ്പോള്‍ പുതിയതായി എത്തിയ ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. സി.ഐ.ഡി എന്ന് പറഞ്ഞ് ആരെങ്കിലുമെത്തിയാല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടണമന്ന് എല്ലാ വ്യാപാരികള്‍ക്കും പൊലീസ് അറിയിപ്പു നല്‍കിയിരുന്നെങ്കിലും പുതിയ ജീവനക്കാര്‍ക്ക് അതറിയില്ലായിരുന്നുവെന്ന് ഷബീര്‍ പറഞ്ഞു.

തട്ടിപ്പുകാര്‍ തങ്ങള്‍ അബുദാബിയില്‍ നിന്ന് വന്ന സി.ഐ.ഡികളാണെന്നും സ്ഥാപനം പരിശോധിക്കണമെന്നും അറിയിച്ച ശേഷം ജീവനക്കാരോട് പുറത്തു നില്‍ക്കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ആദ്യം അറബിയിലും, ഭാഷ വശമില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹിന്ദിയിലുമാണ് ഇവര്‍ സംസാരിച്ചത്. പിന്നീട്, മൂന്ന് പേര്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈല്‍ ഫോണുകളും നാലാമന്‍ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും എടുത്തു. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിക്കുമ്പോള്‍ ഹാജരാകണമെന്നു ജീവനക്കാരോട് പറഞ്ഞാണ് പ്രതികള്‍ സ്ഥലം വിട്ടത്. പ്രതികളുടെ കണ്ണില്‍പ്പെടാതിരുന്ന മൊബൈല്‍ ഫോണ്‍ വഴി ജീവനക്കാര്‍ ഉടമകളെ സംഭവം അറിയിച്ചപ്പോഴാണ് തട്ടിപ്പു തിരിച്ചറിഞ്ഞത്. പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button