NewsInternational

പ്രധാനമന്ത്രിയുടെ പ്രസംഗം “ഉള്‍ക്കാഴ്ച നിറഞ്ഞതും ചരിത്രപരവും” ആണെന്ന് അമരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍

അമേരിക്കന്‍ പ്രതിനിധിസഭയുടെ സ്പീക്കര്‍ പോള്‍ റയാന്‍റെ നേതൃത്വത്തില്‍ പ്രമുഖ യു.എസ്. നിയമനിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം അത്യന്തം ‘ഉള്‍ക്കാഴ്ച’ നിറഞ്ഞതായിരുന്നു എന്നാണ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചത്.

“ക്യാപ്പിറ്റോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന എന്നുള്ളത് അഭിമാനകരമായ ഒരു മുഹൂര്‍ത്തമായിരുന്നു. അദ്ദേഹം, ലോകംമുഴുവനും സമാധാനവും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുവാനായി ശക്തമായ ഒരു ഇന്‍ഡോ-അമേരിക്കന്‍ ബന്ധം വേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി സമര്‍ത്ഥമായി സംസാരിച്ചു,” തന്‍റെ പ്രസ്താവനയില്‍ റയാന്‍ പറഞ്ഞു.

മോദിയുടെ പ്രസംഗത്തിന്‍റെ പലഘട്ടങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടേയും കോണ്‍ഗ്രസ്പ്രതിനിധികളും സെനറ്റര്‍മാരും എഴുന്നേറ്റുനിന്നു കയ്യടിച്ചു.

പ്രസംഗത്തിനു ശേഷം സഭയുടെ നടുത്തളത്തിലേക്കിറങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കയ്യൊപ്പ് വാങ്ങുന്നതിനായി ചില പ്രതിനിധികള്‍ തിരക്കുകൂട്ടി.

റയാനോടൊപ്പം ഡെമോക്രാറ്റിക്‌ നേതാവ് നാന്‍സി പെലോസി, സെനറ്റ് മജോറിറ്റി നേതാവ് മിച്ച് മക്കോണല്‍, സെനറ്റ് ഡെമോക്രാറ്റിക്‌ നേതാവ് ഹാരി റെയ്ഡ് എന്നിവര്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുകയും, അദ്ദേഹവുമായി ഒരു ഹൃസ്വകൂടിക്കാഴ്ച നടത്തുകയും ചെയ്തു.

തുടര്‍ന്ന്‍ സഭയുടെ ഹാളിലേക്ക് പ്രവേശിച്ച മോദിയെ മജോറിറ്റി വിപ്പ് സ്റ്റീവ് സ്കാലിസ്, റിപ്പബ്ലിക്കന്‍ കോണ്‍ഫ്രന്‍സ് ചെയര്‍ കാത്തി മക്മോറിസ് റോഡ്‌ജേഴ്സ്, നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഗ്രെഗ് വാള്‍ഡന്‍, കമ്മിറ്റി ഓണ്‍ ഫോറിന്‍ അഫയേഴ്സ് ചെയര്‍മാന്‍ എഡ് റോയ്സ് എന്നിവരടക്കം മൂന്നു ഡസനോളം പ്രതിനിധികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

കോണ്‍ഗ്രസ് പ്രതിനിധി ബ്രാഡ് ഷെര്‍മന്‍റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദീര്‍ഘവീക്ഷണം നിറഞ്ഞതും ദൃഡമായിക്കൊണ്ടിരിക്കുന്ന ഇന്‍ഡോ-അമേരിക്കന്‍ ബന്ധത്തിന്‍റെ അന്യോന്യ പ്രയോജനങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതുമായ ഒരു പ്രസംഗമാണ് സഭയില്‍ നടത്തിയത്.

“ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയത് ചരിത്രപരമായ പ്രസംഗമായിരുന്നു,” കോണ്‍ഗ്രസ് പ്രതിനിധി ജോ ക്രോളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button