Oru Nimisham Onnu ShradhikkooLife StyleSpirituality

ബ്രാഹ്മമുഹൂർത്തം എന്തെന്നും അതിന്‍റെ ആത്മീയപരമായ പ്രത്യേകതകള്‍ എന്തെന്നും അറിയാം

ബ്രാഹ്മമുഹൂര്‍ത്തം

 

സൂര്യോദയത്തിന് ഏഴര നാഴിക (മൂന്ന് മണിക്കൂർ) മുമ്പുള്ള സമയത്തെയാണ് ബ്രാഹ്മമുഹൂർത്തം. ‘ഏഴര പുലരുക‘ എന്ന് നാം സാധാരണയായി പറയുമ്പോൾ വിവക്ഷിക്കുന്നത് ഇതേ സമയത്തെയാണ്. ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുവാൻ തുടങ്ങുന്നു. സത്വഗുണം ഉദിക്കുകയായി,പ്രകൃതി ശാന്തതയെയും നിര്മ്മലതയെയും പ്രാപിക്കുന്നു. ബ്രഹ്മത്തെ സംബന്ധിച്ചത് എന്നർത്തമുള്ള ‘ബ്രാഹ്മവും’ ശുഭസമയം എന്നർത്തമുള്ള ‘മുഹൂർത്തവും’ ചേർന്ന് ‘ബ്രാഹ്മമുഹൂർത്തം’ആവുമ്പോൾ വിശേഷേണ,ബ്രഹ്മത്തിന്റെ(പരമാത്മാവിന്റെ) അവസ്ഥയ്ക്ക് തുല്യമായ നിർമ്മലത്വം എന്നും,ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂർത്തമെന്നും ഇതിനു അർത്ഥം ജനിക്കുന്നു. അതുകൊണ്ട് ഏത് വ്യക്തിക്കും തന്റെ സങ്കല്പ ദൃഢീകരണത്തിനും സിദ്ധിപ്രാപ്തിക്കും ഈ മുഹൂർത്തം നല്ലത് തന്നെ.

 

സത്വഗുണം ഉദിക്കുകയും,നിർമ്മലബുദ്ധികളായ പക്ഷികൾ ഉണരുകയും,കുളിർ തെന്നൽ വീശുകയും ചെയ്യുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ആത്മാസന്ധാനമോ ദേവപൂജയോ നടത്തുന്ന മനുഷ്യന്‍റെ ബുദ്ധിയിൽ സാത്വികഗുണം കൂടുതൽ പ്രകാശമാകും എന്നാണ് വിശ്വാസം. മനുഷ്യൻ നിർമ്മലനും,സത്യത്തെ അറിയാൻ പ്രാപ്തനുമാകുന്നു. ശരീരം രോഗരഹിതനുമാകുന്നു. തന്നെയുമല്ല ബാഹ്യ പ്രകൃതിയിൽ അസത്തുക്കളായുള്ളവരെല്ലാം ഉറക്കത്തിൽ ലയിച്ചിരിക്കുകയാൽ ബ്രാഹ്മമുഹൂർത്തത്തിൽ ദുഷിച്ച ചിന്താതരംഗങ്ങളോ,ശബ്ദതരംഗങ്ങളോ ഇല്ലാതെ വിശുദ്ധവുമായിരിക്കുന്നു. ഈ സമയത്ത് മലയപർവ്വതത്തിൽ നിന്നും വരുന്ന കാറ്റിനു ഔഷധഗുണവുമുണ്ട്. ആ കാറ്റേറ്റാൽ ശരീരത്തിലെ നാഡീഞരമ്പുകൾക്ക് ബലം വർദ്ധിക്കും. മേനിക്ക് കുളിര്‍മ കിട്ടുകയും, ഊർജ്ജസ്വലത കൂടുകയും, പ്രവർത്തനശേഷി വർദ്ധിക്കുകയും ചെയ്യും.

 

അനാദികാലം മുതൽ ഋഷീശ്വരന്മാർ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് ജപഹോമാദികൾ നടത്താറുണ്ടായിരുന്നു. പ്രഭാതസന്ധ്യയിൽ ഉപാസിക്കുന്ന ഗായത്രിമന്ത്രവും ചൊല്ലുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. മറ്റ് സാധകർക്കും സാമാന്യജനങ്ങൾക്കും ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്നത് ഏറ്റവും ശോഭനമായ കാര്യമാകുന്നു. ബ്രാഹ്മമുഹൂർത്തത്തിൽ സത്വശക്തിയാർജ്ജിക്കുന്ന മനസുകൊണ്ട് തീരുമാനമെടുക്കുന്നത് അന്നേദിവസം ഫലവത്താകുകയും ചെയ്യും എന്നാണ് വിശ്വാസം. പ്രഭാതത്തിൽ നടത്തുന്ന ക്ഷേത്രദർശനത്തെ നിർമ്മാല്യദർശനം എന്നു പറയും.

 

ഐതിഹ്യം

 

ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് പഠിക്കുന്നതിനു പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്.ബ്രഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ബ്രഹ്മമുഹൂർത്തത്തിൽ അദ്ദേഹത്തിന്റെ ധർമ്മപത്നിയായ സരസ്വതിദേവി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിസ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്തെ ‘സരസ്വതിയാമം’ എന്നു വിളിക്കുന്നത്. ശിരസ്സിന്റെ ഇടത് വശത്ത് സ്ഥിതിച്ചെയ്യുന്ന വിദ്യാഗ്രന്ഥി പ്രവർത്തിക്കുമ്പോൾ വിദ്യയെ ഉപാസിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പുതിയ കണ്ടെത്തൽ. കൂടാതെ രാവിലെ കത്തിച്ച് വയ്ക്കുന്ന നിലവിളക്കിന്റെ ഊർജ്ജമാകട്ടെ വിദ്യയുടെ പ്രവർത്തനത്തെ ഊർജ്ജിതപ്പെടുത്തുകയും ചെയ്യുന്നു. ഇതൊക്കെ കൊണ്ടാണ് ബ്രഹ്മമുഹൂർത്തത്തിൽ ഏണീറ്റ് വിളക്കുകൊളുത്തിവച്ച് വിദ്യ അഭ്യസിക്കാൻ പഴമക്കാർ ഉപദേശിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button