Gulf

സൗദിയില്‍ പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു

ദമ്മാം ● സൗദി ആഭ്യന്തര വ്യോമയാന രംഗത്തേക്ക് പുതിയ ഒരു കമ്പനി കൂടി വരുന്നു. സൗദി ഗള്‍ഫ്‌ എയര്‍ലൈന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന കമ്പനിയ്ക്ക് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.എ.സി.എ) അനുമതി നല്‍കി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കമ്പനിയ്ക്ക് ദേശിയ വിമാനക്കമ്പനി ലൈസന്‍സ് ലഭിക്കുന്നത്. ജൂണ്‍ 22 ന് കമ്പനിയ്ക്ക് ലൈസന്‍സ് നല്‍കും.

അബ്ദേല്‍ ഹാദി അബ്ദുള്ള അല്‍-ക്വതാനി ആന്‍ഡ്‌ സണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് ദമ്മാമിലെ കിംഗ്‌ ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കിയാകും പ്രവര്‍ത്തിക്കുക. ജിദ്ദയിലേക്കും റിയാദിലേക്കുമുള്ള പ്രതിദിന സര്‍വീസുകളോടെയാകും കമ്പനി സര്‍വീസ് ആരംഭിക്കുക. പിന്നീട് അബഹ, മദീന, ഗാസ്സിം, താബുക് എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും.

ഭാവിയില്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്കും സര്‍വീസ് ആരംഭിക്കും.

തുടക്കത്തില്‍ നാല് എയര്‍ബസ് A320 വിമാനങ്ങള്‍ ഉപയോഗിച്ചാകും സര്‍വീസ് ആരംഭിക്കുക. കൂടാതെ വിമാനനിര്‍മ്മാതാക്കളായ ബോബാര്‍ഡിയറില്‍ നിന്ന് 16 സി.എസ് -300 വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് എയര്‍ലൈന്‍സ് കൂടി എത്തുന്നതോടെ സൗദി ആഭ്യന്തര റൂട്ടില്‍ മൂന്ന് വിമാന കമ്പനികളുടെ സേവനം ലഭ്യമാകും. നിലവില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, നാസ് എയര്‍ എന്നിവയാണ് ആഭ്യന്തര സര്‍വീസ് നടത്തുന്നത്.

ആഭ്യന്തര സര്‍വീസിനായി ഖത്തര്‍ എയര്‍വേയ്സിന്റെ പിന്തുണയോടെയുള്ള അല്‍-മഹാ എയര്‍വേയ്സും സൗദി വ്യോമയാന വകുപ്പിന്റെ അനുമതി കാത്തിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിടാന്‍ ജി.എ.സി.എ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button