KeralaNews

പച്ചക്കറി വില ഇനിയും വര്‍ദ്ധിക്കും… പിന്നില്‍ ഗൂഡാലോചന..?

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭക്ഷ്യമന്ത്രി. വിലവര്‍ദ്ധനവിനു പിന്നില്‍ ബോധപൂര്‍വ്വമായ ചില നീക്കങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് സര്‍ക്കാരിന് അറിയാമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ പച്ചകറികള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും കുത്തനെ വില കൂടിയിരുന്നു. ഇരുപത് ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വില കൂടിയത്. ഇതിന് പുറമെ അരിക്കും വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്.

അരിവിലകൂട്ടാന്‍ ആന്ധ്രയിലെ കച്ചവട ലോബികളാണ് ശ്രമിക്കുന്നത്. ഇതിന് കേരളത്തിലെ ഇടനിലക്കാരുടെ സഹായവുമുണ്ടെന്നും ഭക്ഷ്യമന്ത്രി ആരോപിക്കുന്നു. ഇടനിലക്കാരെ കൂട്ടുപിടിച്ച് അരിവ്യാപാരികള്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റുകയാണ്. ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകിരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

അവശ്യ സാധനങ്ങള്‍ക്കു പിന്നാലെ അരിയുടെ വിലയും വര്‍ദ്ധിച്ചാല്‍ സാധാരണക്കാരന് അടുക്കള പുകയില്ല. പച്ചക്കറിക്കും പയറു വര്‍ഗങ്ങള്‍ക്കും വില കുത്തനെ കൂടിയിട്ട് രണ്ട് മാസമായി. നിയമസഭാ തെരഞ്ഞെടുപ്പ് വിഞ്ജാപനം വന്നതിന് തൊട്ടു പിന്നാലെയാണ് വിതരണക്കാരും വ്യാപാരികളും വില കൂട്ടി തുടങ്ങിയത്. പെരുമാറ്റ ചട്ടം നില നില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് കാര്യമായ ഇടപെടല്‍ നടത്താനുമായില്ല. എന്നാല്‍ ഇത് മുതലെടുത്ത് വ്യാപാരികള്‍ അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂട്ടി.

പച്ചക്കറികളുടെ വിലയാണ് ആദ്യം കൂടിയത്. തമിഴ്‌നാട്ടിലെ മഴക്കെടുതിമൂലം പച്ചക്കറി കിട്ടാനില്ലെന്നായിരുന്നു വാദം. തക്കാളിക്കും പയറിനും ബീന്‍സിനുമെല്ലാം ഇന്ന് പൊള്ളുന്ന വിലയാണ്. പച്ചക്കറി കിട്ടാനില്ലാത്തിനാല്‍ മൊത്ത വ്യാപാരികള്‍ വലിയ വിലയ്ക്കാണ് സാധനങ്ങള്‍ എടുക്കുന്നത്. ഇത് ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലെത്തുമ്പോള്‍ വില പിന്നെയും വര്‍ദ്ധിക്കും.
വിലക്കയറ്റം ഇത്രയേറെ രൂക്ഷമായിട്ടും സര്‍ക്കാരിന് കാര്യമായ ഇടപെടല്‍ നടത്താനായിട്ടില്ലെന്നത് വസ്തുതയാണ്. ഹോര്‍ട്ടികോര്‍പ്പ് വഴി സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. എന്നാല്‍ കര്‍ഷകര്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന് നല്‍കാന്‍ തയ്യാറല്ല. കുടിശികയിനത്തില്‍ കോടികളാണ് കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത്.
പച്ചക്കറി സംഭരണം നിലച്ചപ്പോള്‍ ഹോര്‍ട്ടി കോര്‍പ്പ് വലിയ വിലകൊടുത്ത് പച്ചക്കറി വാങ്ങിയത് തമിഴ്‌നാട്ടിലെ വ്യാപാരികളില്‍ നിന്നാണ്. എന്തായാലും പച്ചക്കറി വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പ് വഴി 30 ശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ വിതരണം ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ആവശ്യമായ പച്ചക്കറികള്‍ എവിടെ നിന്ന് സംഭരിക്കുമെന്ന് മന്ത്രിക്കും അറിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button