KeralaNews

പടയാളികൾ അങ്കംകുറിച്ചു; ഓച്ചിറക്കളിക്ക് ഇന്ന് തുടക്കം

ശ്രീജിത്ത് ആക്കനാട്ട്

ഓച്ചിറ: രാജഭരണകാലത്തിന്റെ വീരസ്മരണകളുണര്‍ത്തി ഓച്ചിറക്കളിക്ക് ഇന്ന് തുടക്കമാകും.

ഇതിനായി പടനിലവും എട്ടുകണ്ടവും യോദ്ധാക്കൾക്കായി തയാറാക്കി കഴിഞ്ഞു. 52 കരകളില്‍ നിന്നുള്ള കളരി സംഘങ്ങള്‍ ഇത്തവണയും പടനിലത്ത് എത്തും. മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് പടനിലത്ത് ഓച്ചിറക്കളി നടക്കുന്നത്. 41 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് കളരി യോദ്ധാക്കൾ തലക്കെട്ടും വാളും പരിചയുമേന്തി അങ്കത്തിനായി എത്തുന്നത്. ആചാരവിധിപ്രകാരം ആയുധപൂജയും കളരിപുജയും നടത്തി പരിശീലനം നൽകി കളരിയാശാന് ദക്ഷിണയും നൽകിയശേഷമാണ്‌ ഇവര്‍ പുറപ്പെടുന്നത്. ഇന്ന് തന്നെ പടനിലത്തു എത്തുന്ന കളരിസംഘങ്ങള്‍ ഇവിടെ വച്ച്‌ അവസാനവട്ട പരിശീലനവും പൂര്‍ത്തീകരിക്കും.

ഓതിരം, കടകം, എടംപിരി, വലംപിരി തുടങ്ങി പതിനെട്ടുമുറയിലും പരിശീലനം ലഭിച്ചിട്ടുള്ള അഞ്ചുവയസ്സു മുതല്‍ എന്‍പത് വയസുള്ളവർ വരെ കളരിസംഘങ്ങളിലുണ്ട്.

ഇരുവശവും മൂർച്ചയുള്ള കായംകുളംവാളും തോൽപരിചയുമാണ് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്, യോദ്ധാക്കൾക്ക് പരിക്കുപറ്റുന്നത് കൂടുതലായിവന്നപ്പോൾ ടി. മാധവറാവു തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് മാരകായുധങ്ങൾ ഓച്ചിറക്കളിയിൽ ഉപയോഗിക്കാൻപാടില്ലെന്ന് വിളംബരം ചെയ്തു. അതിനു ശേഷമാണ് ഇപ്പോൾകാണുന്ന രീതിയിൽ അലകുവാളുകളും കൃത്രിമപരിചകളും ഉപയോഗിച്ചു തുടങ്ങിയത്.

ഓച്ചിറക്കളി കാണുന്നതിനായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും അനേകം ആളുകൾ എത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button