NewsIndia

വിലനിയന്ത്രണം മറികടക്കാന്‍ പുതിയ ചേരുവയുമായി മരുന്നുകമ്പനികള്‍

തിരുവനന്തപുരം: ചേരുവ മാറ്റിയ മരുന്നുകള്‍ വിപണിയിലിറക്കി മരുന്നുകമ്പനികള്‍ വിലനിയന്ത്രണം അട്ടിമറിക്കുന്നു. അഞ്ചും ആറും ഇരട്ടി വിലയ്ക്കാണ് ഇത്തരം മരുന്നുകള്‍ വിറ്റഴിക്കുന്നത്.വിലനിയന്ത്രണ പട്ടികയിലുള്‍പ്പെട്ട മരുന്നുകള്‍ക്ക് നിശ്ചിത വിലയിലധികം കമ്പനികള്‍ക്ക് ഈടാക്കാനാവില്ല. ചേരുവകളുടെ രാസഘടനയില്‍ നേരിയ മാറ്റം വരുത്തിയാണ് ഇതിനെ മരുന്നുകമ്പനികള്‍ അട്ടിമറിക്കുന്നത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഇബുപ്രൂഫിന്‍+പാരസെറ്റാമോള്‍ ഗുളിക പത്തെണ്ണത്തിന് എട്ടുരൂപയായിരുന്നു നേരത്തെയുള്ള വില. ഈ രണ്ട് മരുന്നുകളും വിലനിയന്ത്രണത്തിലായതോടെ ഡെക്‌സ് ഇബുപ്രൂഫിന്‍+പാരസെറ്റാമോള്‍ എന്ന പേരില്‍ പുതിയ മരുന്ന് കമ്പനി പുറത്തിറക്കി.

പത്തെണ്ണത്തിന് 60 രൂപയാണ് പുതിയ വില. ആസ്ത്മയ്ക്ക് ഉപയോഗിക്കുന്ന അസ്താലിന്‍ സിറപ്പും ഇത്തരത്തില്‍ ചേരുവമാറ്റം വരുത്തി. ഈ മരുന്നിലെ സാല്‍ബട്ടമോള്‍ എന്ന ഘടകം ലിവോ സാല്‍ബട്ടോമോള്‍ എന്ന് മാറ്റിയാണ് വിപണിയിലിറക്കിയത്. ഇതോടെ നൂറ് മില്ലിഗ്രാം മരുന്നിന്റെ വില 9.33 രൂപയില്‍നിന്ന് 49 ആയി. ബിറ്റാഡിന്‍ എന്ന ആന്റി ബാക്ടീരിയല്‍ ഓയിന്‍മെന്റാണ് ചേരുവ മാറ്റിയിറക്കിയ മറ്റൊരു മരുന്ന്. ഇതിന്റെ പ്രവര്‍ത്തനശേഷി അഞ്ച് ശതമാനത്തില്‍നിന്ന് പത്ത് ശതമാനമായി ഉയര്‍ത്തിയാണ് അവര്‍ വിപണിയെ നേരിട്ടത്. ഇതോടെ 10 ഗ്രാമിന്റെ വില 71 രൂപയില്‍നിന്ന് 90.50 രൂപയായി ഉയര്‍ന്നു. അഞ്ച് ശതമാനം ശേഷിയുള്ള മരുന്നിന് ആവശ്യക്കാര്‍ കൂടുതലായതുകൊണ്ട് പിന്നീട് കമ്പനി അത് പുനരവതരിപ്പിച്ചു. വില 47.50 രൂപ. ഓരോ വര്‍ഷവും വിലയില്‍ വര്‍ധന വരുത്താമെന്ന നിയമത്തിന്റെ ചുവടുപിടിച്ചാണ് ഈ നടപടി. ഇത്തരം മരുന്നുകള്‍ നിര്‍മിക്കുന്നതിന് ചില സംസ്ഥാനങ്ങള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ ലൈസന്‍സ് നല്‍കുന്നതാണ് പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്. ഹിമാചല്‍പ്രദേശിലും മറ്റും ഇത്തരത്തില്‍ നൂറുകണക്കിന് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിലനിയന്ത്രണത്തട്ടിപ്പ് മനസ്സിലായാലും ഡോക്ടര്‍ കുറിച്ചുനല്‍കിയാല്‍ മരുന്ന് നല്കാന്‍ ചില്ലറവ്യാപാരികള്‍ ബാധ്യസ്ഥരാണ്. സ്റ്റോക്കിലുള്ള മരുന്ന് നല്കിയില്ലെന്നാരോപിച്ച് കടക്കാര്‍ക്കെതിരെ നടപടിയെടുക്കാനാവും. വിലനിയന്ത്രണം വന്നതോടെ ചേരുവയില്‍ മാറ്റംവരുത്തി മരുന്നെത്തിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. ഇത് മറികടക്കാനാണ് ചേരുവയുടെ രാസഘടനയില്‍ നേരിയ വ്യതിയാനം വരുത്തി മരുന്നിറക്കുന്നത്. ചേരുവയില്‍ ചെറിയ മാറ്റം വരുത്തിയാലും ഗുണത്തില്‍ പ്രകടമായ വ്യത്യാസം ഉണ്ടാകില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. വിലനിയന്ത്രണമുള്ള മരുന്നുകള്‍ പഴയ വിലയ്ക്ക് വില്ക്കുന്നതിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വില കുറഞ്ഞ മരുന്നുകള്‍ തിരിച്ചെടുത്ത ശേഷം പുതിയ വില പതിച്ച് വില്‍ക്കണമെന്നാണ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളത്. ഇത് കമ്പനികള്‍ പാലിക്കുന്നില്ലെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button