NewsInternational

ഹജ്ജ് തീര്‍ഥാടകരുടെ സേവന നിരക്ക് പ്രഖ്യാപിച്ചു; ഏറ്റവും കുറഞ്ഞത് 3000 റിയാല്‍

ജിദ്ദ: ഇത്തവണത്തെ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരില്‍ നിന്ന് ഈടാക്കുന്ന സേവന നിരക്കിന് ഹജ്ജ് ഉംറ മന്ത്രാലയം അംഗീകാരം നല്‍കി. മക്കയിലെ ഹറം പള്ളിയില്‍ കഅബയെ പ്രദിക്ഷണം വെക്കുന്ന സ്ഥലത്ത് നിസ്‌കാരം നിര്‍വഹിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന സേവനത്തിനും തമ്പുകളുടെ ദൂരത്തിനും അനുസരിച്ച് ആഭ്യന്തര ഹജ്ജ് പാക്കേജുകളെ വിവിധ കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്.

ഇതുപ്രകാരം ഇത്തവണ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരില്‍ നിന്നും ഈടാക്കുന്ന ഏറ്റവും ചുരുങ്ങിയ നിരക്ക് മൂവായിരം റിയാല്‍ ആയിരിക്കും. പാക്കേജ് നിരക്കുകള്‍ക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അംഗീകാരം നല്‍കി. സേവന നിലവാരത്തിനനുസരിച്ച് സര്‍വീസ് ഫീസ് ഈടാക്കാമെന്ന് മന്ത്രാലയം അറിയിച്ചു. 8,146 റിയാല്‍ ആണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. മിനാ ടവറില്‍ താമസിക്കുന്നവരില്‍ നിന്ന് 11,890 റിയാല്‍ ഈടാക്കും. സര്‍വീസ് കമ്പനികള്‍ക്ക് ടെന്റുകളും കെട്ടിടങ്ങളും തിങ്കളാഴ്ച മുതല്‍ അനുവദിച്ചു തുടങ്ങി.

ഓരോ സര്‍വീസ് കമ്പനിക്കും ഓഫീസ്, ക്ലിനിക് തുടങ്ങിയവ സജ്ജീകരിക്കുന്നതിനായി മിനായില്‍ നാല്‍പത്തിയെട്ട് സ്‌ക്വയര്‍മീറ്റര്‍ സ്ഥലം മന്ത്രാലയം സൗജന്യമായി അനുവദിക്കും. അതേസമയം കഅബയെ പ്രദിക്ഷണം വെക്കുന്ന ഭാഗത്ത് വിശ്വാസികള്‍ നിസ്‌കരിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

കഅബയെ തവാഫ് ചെയ്യുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനു വേണ്ടിയാണിത്. കഅബയെ പ്രദിക്ഷണം വെക്കുന്ന മതാഫില്‍ ഉംറ തീര്‍ഥാടകര്‍ക്ക് തടസ്സം ഉണ്ടാക്കരുതെന്ന് മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അഭ്യര്‍ഥിച്ചു. മതാഫില്‍ തവാഫ് ചെയ്യുന്നവരെ മാത്രമേ നിസ്‌കരിക്കാന്‍ അനുവദിക്കാവൂ എന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button