Oru Nimisham Onnu ShradhikkooLife StyleSpirituality

പുണ്യവൃക്ഷമായ ആല്‍മരത്തെ പറ്റി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആത്മീയവും ശാസ്ത്രീയവും ഐതീഹ്യവും ആയ കാര്യങ്ങള്‍

ഭാരതത്തിന്റെ ദേശീയ വൃക്ഷമാണ് ആൽമരം. ആൽമരം കേവലം ഒരു സാധാരണ മരം അല്ല. ഭാരതീയർ വളരെ ശ്രേഷ്ഠവും പവിത്രവും ആയി കരുതി പുണ്യവൃക്ഷമായി ആരാധിക്കുന്ന ആലിന് തീർച്ചയായും ആ സ്ഥാനത്തിന് അർഹതയുണ്ട്. പേരാൽ, അരയാൽ, ഇത്തിയാൽ, കല്ലാൽ തുടങ്ങി പലയിനം ആൽമരങ്ങളുണ്ട്. വൃക്ഷരാജൻ എന്നറിയപ്പെടുന്ന ആൽമരത്തിന് 2000 വർഷത്തോളം ആയുസ്സുണ്ടാവുമത്രേ. ആനയുടെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ആൽമരത്തിന്റെ ഇലയാണ്.

അരചന്‍ ആല്‍ എന്നു പറയുന്ന അരയാല്‍ ആനക്ക്‌ പ്രിയപ്പെട്ട ആഹാരം ആയതു കൊണ്ടു കുഞ്ജരാശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാല്‍ ആന. അശനം എന്നാല്‍ ഭക്ഷണം കഴിക്കല്‍. ആല്‍മരത്തിന്‍റെ ഇല സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ചലദല (ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ട്.

വളരെയധികം ഓക്സിജൻ ഉത്പാദിപ്പിക്കുന്ന മരമാണ് ആൽമരം. നമ്മുടെ നാട്ടിൽ വഴിവക്കിലൊക്കെ കാണുന്ന വളരെ പഴക്കം ചെന്ന ആൽമരങ്ങളുടെ ചുവടുകൾ സഞ്ചാരികൾക്ക് എന്നും വിശ്രമ സ്ഥലമായിരുന്നു. ആൽമരത്തിന്റെ ചുറ്റിലും നടക്കുന്നതും ആൽച്ചുവട്ടിൽ വിശ്രമിക്കുന്നതും പോലും ആരോഗ്യത്തിന് വളരെ നല്ലതും ഊർജ്ജദായകവും ആണ്. ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ ആലയം ആണ് ആൽമരം എന്ന് സങ്കൽപ്പിച്ചു കൊണ്ട്, ആൽമരം പ്രദക്ഷിണം വയ്ക്കുമ്പോൾ ചൊല്ലുന്ന മന്ത്രം..

“മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപായ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായതേ നമ:”

മൂലസ്ഥാനത്തിൽ (ചുവട്ടില്‍) ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ (മുകളില്‍) ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന്‌ അര്‍ത്ഥം. ത്രിമൂര്‍ത്തികള്‍ക്ക്‌ സ്ഥാനം കല്‍പ്ച്ചിരിക്കൂന്ന അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത്‌ ശനിദോഷങ്ങള്‍ക്കും നിവാരണമാണു.

ഭഗവത്ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നു “…. വൃക്ഷങ്ങളിൽ ഞാൻ ആൽമരമാണ് (അരയാല്‍)…”
ശ്രീബുദ്ധന് ജ്ഞാനയോഗം ഉണ്ടായതും അരയാലിന്റെ ചുവട്ടിൽ വച്ചാണല്ലോ. സന്ന്യാസിമാർ തപസ്സുചെയ്യാൻ സ്ഥലം കണ്ടെത്തിയിരുന്നതും ആൽമരച്ചുവട്ടിൽ തന്നെ. ഇതെല്ലാം, അവിടെ ഓസ്കിജന്റെ അളവ് മറ്റു മരങ്ങളിൽ നിന്നുള്ളതിനേക്കാൾ അധികമാണെന്നതിന്റെ തെളിവുകളാണ്.

ബുദ്ധനെ സിദ്ധനാക്കിയത്‌ ബോധിവൃക്ഷ ചുവട്ടിലെ നിരന്തരമായ ധ്യാനം ആണ്. ബോദ്ധിവൃക്ഷം എന്നു അരയാലിനു വിശേഷാര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്‌ അതിനാലാണു.

ആലുന്നത്‌ കൊണ്ടു ആല്‍ ആയി. ആലുക എന്നാല്‍ അനങ്ങുക തൂങ്ങിക്കിടക്കുക എന്നെല്ലാമര്‍ത്ഥം. ആല്‍മര ദര്‍ശന-സ്പര്‍ശന വേളകളില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ പലതാണു. “യാതൊന്നു ദൃഷ്ടിയില്‍ പെടുമ്പോള്‍ അസുഖത്തില്‍ നിന്നു മോചനം ലഭിക്കുന്നുവോ യാതൊന്നിനെ സ്പര്‍ശിക്കുമ്പോള്‍ പാപത്തില്‍ നിന്ന്‌ മോചനം ലഭിക്കുന്നുവോ യാതൊന്നിണ്റ്റെ പരിസരത്ത്‌ സ്ഥിതിചെയ്യുമ്പോള്‍ എന്നെന്നും നിലനില്‍ക്കുന്നതായി ഭവിക്കുന്നുവോ അപ്രകാരമുള്ള അരയാലിനെ നമസ്കരിക്കുന്നു. “

“അശ്വത്ഥ ഹുതഭുക്ക്‌ വാ സോ / ഗോവിന്ദസ്യസദാശ്രയ അശേഷം ഹരമേശോകം / വൃക്ഷരാജ നമോസ്തുതേ”
നമസ്കാര മന്ത്രം ആണിത് . ആലിന് എത്ര പ്രദക്ഷിണം വെച്ചൊ അത്രയും നമസ്കാരം ചെയ്യുന്നത്‌ ഉത്തമമാണ്. അരയാലിന് 7 പ്രദക്ഷിണം വേണം 7 ന്ടെ ഗുണിതങ്ങളും ആകാം 108 ആയാല്‍ പ്രദക്ഷിണം അത്യുത്തമം .ആല്‍മരചുവടുകളില്‍ പ്രാണന്‍ , അപാനന്‍, വ്യാനന്‍ ഉദാനന്‍, സമാനന്‍ തുടങ്ങിയ ശ്രേഷ്ട്ഠമായ വായു അംശങ്ങളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നതിനാല്‍ ദിവസവും കുറച്ചു സമയം ആല്‍ത്തറയില്‍ ചിലവഴിച്ചാല്‍ ആയുരാരോഗ്യത്തോടെ ജീവിക്കുമെന്ന്‌ ശാസ്ത്രമതം.

ആലിന്‍റെ വിവിധ ഭാഗങ്ങള്‍ വിവിധ രോഗങ്ങളുടെ ശമനത്തിന് ആയുര്‍വേദത്തില്‍ ഉപയോഗിക്കൂന്നു. പുരുഷബീജാണു കുറവിനും ചിലഗര്‍ഭാശയ രോഗങ്ങളുടെ ശമനത്തിനും ആല്‍മരത്തൊലിയില്‍ നിന്നു ഉണ്ടാക്കുന്ന കഷായം ഫലപ്രദമാണു. വന്ധ്യതാനിവാരണ ചികിത്സയില്‍ മരുന്നുകള്‍ക്കൊപ്പം ആല്‍മരപ്രദക്ഷിണവും നമസ്ക്കാരവും നല്ലതാണു. പ്രമേഹം ,കുഷ്ഠം , ത്വക്ക്‌ , അര്‍ശ്ശസ്സ്‌ , രക്തശുദ്ധി ഇവക്കെല്ലാം ആല്‍ തണല്‍ നല്ലതാണ്. ശനിദശാകാലം ശനിയുടെ അപഹാരം ,കണ്ടക ശനി, ഏഴരശനി തുടങ്ങിയ സമയങ്ങളില്‍ ആല്‍മരപ്രദക്ഷിണം ഉത്തമമാണ്. അതിനു കാരണം ശനിയാഴ്ചകളില്‍ മഹാലഷ്മിയുടെ സാന്നിദ്ധ്യം ഇതിലുണ്ടാകുമെന്നതാണ്.

ഇതിന്‍റെ പിന്നിലെ പുരാണകഥ. പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നവയുടെ കൂട്ടത്തില്‍ മഹാലക്ഷ്മിയുടെ ജ്യേഷ്ഠ സ്ഥാനം കല്‍പിക്കുന്ന ജ്യേഷ്ഠാ ഭഗവതിയും (മൂതേവി) ഉണ്ടായിരുന്നു.ജ്യേഷ്ട്ഠാ ഭഗവതിയെ ആരും കൈകൊള്ളാതിരുന്നപ്പോള്‍ ത്രിമൂര്‍ത്തികള്‍ ആല്‍മരചുവട്ടില്‍ ഇരുന്നുകൊള്ളന്‍ അനുവദിച്ചു. അതെ തുടര്‍ന്നു ഒരു വ്യവസ്തപ്രകാരം എല്ലാ ശനിയാഴ്ചയും മഹാലക്ഷ്മി ആല്‍മരചുവട്ടില്‍ എത്തുന്നു. അതു കൊണ്ടു ശനിയാഴ്ചയിലെ നമസ്കാരത്തിനു പ്രാധാന്യം വന്നു. ഉച്ചകഴിഞ്ഞും രാത്രിയിലും ആലിനെ പ്രദക്ഷിണം ചെയ്യരുത്‌ എന്നു വിധിയുണു. എന്തായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ എയര്‍കൂളര്‍ ശരീരത്തിനും മനസ്സിനും നവോന്‍മേഷം നല്‍കും എന്നതില്‍ യാതൊരു സംശയം ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button