Kerala

ഓട്ടിസം ബാധിച്ച അതുല്‍രാജിന് സ്ഥലം വാങ്ങി വീടുവച്ചുനല്‍കും

പത്തനംതിട്ട ● ഓട്ടിസം ബാധിച്ച എഴുമറ്റൂര്‍ സ്വദേശിയായ അഞ്ചുവയസുകാരന്‍ അതുല്‍രാജിന് സ്ഥലം വാങ്ങി വീടുവച്ചുനല്‍കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അതുല്‍രാജിന്റെ ദയനീയ സ്ഥിതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍, രാജു ഏബ്രഹാം എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്.

വീടുവയ്ക്കുന്നതിനുള്ള സ്ഥലം ഒരുമാസത്തിനകം കണ്ടെത്തണമെന്ന് പ്രൊഫ. പി. ജെ. കുര്യന്‍ നിര്‍ദ്ദേശിച്ചു. ട്രൈബല്‍ വകുപ്പിന്റെ മൂന്നര ലക്ഷം രൂപയ്ക്ക് പുറമേ വീടുവയ്ക്കാന്‍ വേണ്ടിവരുന്ന തുക രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ കണ്ടെത്തും. സ്ഥലം നിശ്ചയിക്കുന്നതിന് ജില്ലാ പഞ്ചായത്തംഗം അഡ്വ. റജി തോമസിന്റെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്‍ പുളിക്കലിന്റെയും നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. സ്ഥലം വാങ്ങുന്നിതിന് ട്രൈബല്‍ വകുപ്പിന്റെ പത്ത് ലക്ഷം രൂപയും ലഭിക്കും.

രാജു, സുധ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അതുല്‍രാജ്. ഇവരുടെ റേഷന്‍ കാര്‍ഡ് നിലവില്‍ കോട്ടയം ജില്ലയിലാണ്. ഇത് പത്തനംതിട്ടയിലേക്ക് മാറ്റുന്നതിന് സര്‍ക്കാരിന്റെ സഹായം ഉറപ്പാക്കുമെന്ന് രാജു എബ്രഹാം എം. എല്‍. എ പറഞ്ഞു. ജില്ലയിലേക്ക് മാറ്റിയ ശേഷം കാര്‍ഡ് ബി. പി. എല്‍ ആക്കി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന നിര്‍മല്‍ ജ്യോതി പബ്‌ളിക് സ്‌കൂളില്‍ അതുല്‍രാജിനെ ചേര്‍ക്കാനും തീരുമാനിച്ചു. കുട്ടിയുടെ യാത്രയ്ക്ക് ആവശ്യമായ സംവിധാനവും ഒരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പുളിക്കീഴ് ബ്‌ളോക്ക് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, തഹസില്‍ദാര്‍ ഇ.ഷംസുദീന്‍, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button