NewsIndia

ഇനി മുതല്‍ റെയില്‍വെ ട്രാക്കില്‍ മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക : പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി ഉറപ്പ്

ന്യൂഡല്‍ഹി: റെയില്‍വെ ട്രാക്കില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും 5,000 രൂപ പിഴ ചുമത്താനുമാണ് ദേശീയ ഹരിത ട്രിബ്യൂണല്‍( എന്‍.ജി.ടി) റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

റെയില്‍ പാതയ്ക്കു തൊട്ടടുത്ത് നിരവധി ഫ്‌ളാറ്റുകളാണുള്ളത്. ഇവയില്‍ നിന്നും റെയില്‍പാതയിലേക്ക് മാലിന്യങ്ങള്‍ പുറം തള്ളുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ അധികൃതര്‍ എന്ത് നടപടിയാണെടുത്തതെന്ന് ട്രിബ്യൂണല്‍ ആരാഞ്ഞു.
ഒരാളെയെങ്കിലും ഇതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്നും ട്രിബ്യൂണല്‍ ചോദിച്ചു. വിസര്‍ജ്യവും മറ്റ് മാലിന്യവും പുറന്തള്ളുന്നവര്‍ക്ക് പിഴ ചുമത്തിയതിന്റെ പട്ടിക സമര്‍പ്പിക്കണമെന്നും കോടതി അധികാരികളോട് നിര്‍ദ്ദേശിച്ചു.

മാലിന്യ നിര്‍മ്മാര്‍ജനം ഒരു തുടര്‍ പ്രക്രിയയായി നടന്നു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും റെയില്‍വേക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയെ അറിയിച്ചു. പ്രദേശത്ത് കുടില്‍ കെട്ടി താമസിക്കുന്നവരുടെ പുനരധിവാസം നടപ്പാക്കാതെ വൈകിക്കുന്നതിലും ട്രിബ്യൂണല്‍ രോഷം പ്രകടിപ്പിച്ചു. ഡല്‍ഹി നഗര വികസന ബോര്‍ഡിനെതിരെയായിരുന്നു വിമര്‍ശനം. വിഷയത്തില്‍ വാദം നടക്കവേയാണ് റെയില്‍വേക്കെതിരെ ട്രിബ്യൂണല്‍ ആഞ്ഞടിച്ചത്. ചേരികള്‍ കണ്ടെത്താനുള്ള സര്‍വ്വേ നടന്നുവരികയാണെന്ന് ബോര്‍ഡ് പറഞ്ഞു. ഡല്‍ഹിയിലേക്കെത്തിച്ചേരുന്ന എല്ലാ റെയില്‍ പാതകളും എത്രയും പെട്ടെന്ന് പൂര്‍ണതോതില്‍ വൃത്തിയാക്കണം.

ട്രാക്കില്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ ഇല്ലാതാക്കുക അടക്കമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നടപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നേരത്തെ തന്നെ ട്രിബ്യൂണല്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍, ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ മാലിന്യ മുക്തമാക്കാത്തതിന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി. ശുചിത്വം സംബന്ധിച്ച് റെയില്‍വേ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ സലോണി സിംങ്, അരുഷ് പതാനിയ തുടങ്ങിയ നിയമജ്ഞര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടികളുമായി ട്രിബ്യൂണല്‍ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button