Kerala

കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരണവുമായി ഡിജിപി

കാസര്‍ഗോഡ് : കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരണവുമായി ഡിജിപി. സംഭവത്തില്‍ സ്ഥിരീകരണമില്ലെന്നും മലയാളികള്‍ വിദേശത്തേക്കു പോയി എന്നതല്ലാതെ ഈ കാര്യത്തില്‍ കൂടുതലൊന്നും അറിയില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു

വാര്‍ത്തകളില്‍ കണ്ടതിനെ തുടര്‍ന്ന് ഈ കാര്യത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ഡിജിപി പ്രതികരിച്ചു. മാധ്യമവാര്‍ത്തകളും മറ്റുചില വിവരങ്ങളും മാത്രമാണ് ഇതേപ്പറ്റി ലഭിച്ചിട്ടുള്ളത്. കാണാതായവര്‍ വിദേശത്തേക്ക് പോയതായും തിരിച്ചുവന്നിട്ടില്ലെന്നും മാത്രമാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. അവര്‍ ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ചാല്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ബെഹ്‌റ പറഞ്ഞു.

കാസര്‍കോഡ് ജില്ലയിലെ 11 പേരെയും പാലക്കാടു നിന്നുളള 4 പേരെയുമാണ് കഴിഞ്ഞ ഒരു മാസമായി കാണാതായത്. ജൂണ്‍ 6 മുതലാണ് ഇവര്‍ അപ്രത്യക്ഷമായത്. ഇതേത്തുടര്‍ന്നാണ് ഇവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി പരാതി നല്‍കിയത്. തീര്‍ത്ഥാടനത്തിനെന്ന വ്യാജേനയാണ് വീട് വിട്ടിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. തൃക്കരിപ്പൂര്‍ എടച്ചാക്കൈയിലെ ഡോ ഹിജാസും കുടുംബവും ഉടുംമ്പുന്തലയിലെ എന്‍ജിനിയറായ അബ്ദുള്‍ റഷീദും കുടുംബവും തൃക്കരിപ്പൂരിലെ മര്‍ഹാന്‍, മര്‍ഷാദ്, പാലക്കാട് ജില്ലയില്‍ നിന്നും ഇസ, യനിയ ഇവരുടെ ഭാര്യമാരുമാണ് കാണാതായ സംഘത്തില്‍പ്പെടുന്നത്.

തെറ്റു തിരുത്തി തിരിച്ചു വന്നില്ലെങ്കില്‍ മയ്യത്തു പോലും കാണേണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവരെ കാണാതായതിനു തൊട്ടു പിന്നാലെ ബന്ധുക്കളുടെ വാട്‌സ് ആപ്പില്‍ വന്ന സന്ദേശമാണ് ഇവര്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായും സൂചന ലഭിച്ചത്. കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് ഇവര്‍ കടന്നതായാണ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button