
തൃശ്ശൂര്‍: മാലയില്‍ പുലിപ്പല്ല് ധരിച്ചെന്ന കേസില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി- 30) തൃശ്ശൂരിലെ ജുവലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പരമ്പരാഗതമായി സ്വര്‍ണ്ണപ്പണി ചെയ്യുന്ന സന്തോഷ് എന്നയാളുടെ വിയ്യൂരിലെ വീടിനോട് ചേര്‍ന്നുള്ള സരസ ജുവലറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
‘മുന്‍പരിചയമില്ല. ആരുടേയോ കെയര്‍ ഓഫില്‍ വന്നതാണ്. വേടനാണെന്ന് എനിക്ക് മനസിലായിരുന്നില്ല. പുലിപ്പല്ലാണെന്ന് മനസിലായിരുന്നില്ല. കല്ലുകെട്ടാനാണെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ശംഖുകെട്ടുന്നതുപോലെ അമ്പലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്യാറുണ്ടായിരുന്നത്’, തെളിവെടുപ്പിന് ശേഷം സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
പരമ്പരാഗതമായി ശംഖ്, മാല എന്നിവ കെട്ടിക്കൊടുക്കുന്ന സരസ ജുവലറിയില്‍ എട്ടുമാസംമുമ്പാണ് വേടന് എത്തി പുലിപ്പല്ലുകൊണ്ടുള്ള ലോക്കറ്റ് നിര്‍മിച്ചത്. രൂപമാറ്റം ചെയ്യാനായി തനിക്ക് 1000 രൂപയില്‍ താഴെയാണ് കൂലി നല്‍കിയതെന്ന് സന്തോഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പുലിപ്പല്ലാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും സന്തോഷ് പറഞ്ഞു.
രാവിലെ ആറരയോടെയാണ് കോടനാടുനിന്ന് വനംവകുപ്പ് സംഘം വേടനുമായി വിയ്യൂരിലേക്ക് തിരിച്ചത്. വേടന്റെ സാന്നിധ്യത്തില്‍ സന്തോഷില്‍നിന്ന് സംഘം വിവരങ്ങള്‍ ശേഖരിച്ചു. പുലിപ്പല്ല് സൂക്ഷിച്ചതിനാണ് ഇന്നലെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. പുലിപ്പല്ല് രൂപമാറ്റം വരുത്തിയെന്ന് വേടൻ വെളിപ്പെടുത്തിയ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്.
ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടൻറെ മൊഴി. തൃശ്ശൂരിലെ ജ്വല്ലറിയിൽ വച്ചാണ് ഇത് രൂപ മാറ്റം വരുത്തിയത്. ഇതിനുശേഷമാണ് മാലയ്ക്കൊപ്പം ചേർത്തതെന്നും വേടൻ വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട്. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പ് ശ്രമം തുടരുകയാണ്.
അതേസമയം, വേടനും സംഘത്തിനും കഞ്ചാവ് നൽകിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ജ്വല്ലറിയിലെ തെളിവെടുപ്പിന് ശേഷം പെരുമ്പാവൂർ കോടതിയിൽ വേടനെ ഹാജരാക്കും. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടനെ രണ്ടുദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍വിട്ടിരുന്നു. തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വേണമെന്ന വനംവകുപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡി അനുവദിച്ചത്. വേടന്റെ ജാമ്യാപക്ഷ മേയ് രണ്ടിന് കോടതി പരിഗണിക്കും.
Post Your Comments