IndiaNews

ബുര്‍ഹാന്‍ വാനിയുടെ പകരക്കാരനായി ഹിസ്ബുള്‍ നിയമിച്ചത് ഈ നിരാശാകാമുകനെ

“സാബ് ഡോണ്‍” എന്ന അപരനാമത്തിലറിയപ്പെടുന്ന സബ്സാര്‍ അഹമ്മദിനെ ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദീന്‍ തങ്ങളുടെ പുതിയ “പോസ്റ്റര്‍ ബോയ്‌” ആയി നിയമിച്ചു. ഇന്ത്യന്‍ സൈന്യം വധിച്ച ബുര്‍ഹാന്‍ വാനിക്ക് പകരക്കാരനായാണ് സബ്സാറിന്‍റെ നിയമനം.

പ്രേമനൈരാശ്യത്തിലായിരുന്ന സമയത്താണ് സബ്സാര്‍ ഹിസ്ബുള്‍ വലയില്‍ അകപ്പെടുന്നത്. നിരാശാകാമുകനായി നടന്നിരുന്ന സബ്സാറിനെ ഹിസ്ബുള്‍ തങ്ങളുടെ നീരാളിക്കൈകളില്‍ അകപ്പെടുത്തി എല്ലാം തികഞ്ഞ ഒരു ഭീകരനാക്കി മാറ്റുകയായിരുന്നു.

ബുര്‍ഹാനെപ്പോലെ ദക്ഷിണകാശ്മീരിലെ ട്രാല്‍ സ്വദേശിയാണ് സബ്സാറും. ബുര്‍ഹാന്‍റെ അടുത്ത അനുയായി ആയിരുന്നു സബ്സാര്‍. ട്രാലിലെ ഷരീഫാബാദില്‍ ബുര്‍ഹാന്‍റെ ശവമടക്ക് നടന്നപ്പോള്‍ സംബന്ധിച്ചവരില്‍ സബ്സാറും ഉണ്ടായിരുന്നു. 25-കാരനായ സബ്സാര്‍ 2010 മുതലേ ബുര്‍ഹാന്‍റെ കടുത്ത ആരാധകനായിരുന്നു.

ബുര്‍ഹാന്‍റെ ബാല്യകാലസുഹൃത്തും കൂടിയാണ് സബ്സാര്‍. 2015-ല്‍ നിരാശാകാമുകനായി നടന്ന സമയത്താണ് സബ്സാര്‍ ബുര്‍ഹാന്‍റെ പ്രേരണയില്‍ ഹിസ്‌ബുള്ളില്‍ ചേര്‍ന്നത്. ബുര്‍ഹാന്‍റെ ചേട്ടന്‍ ഖാലിദ് വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ച സമയമായിരുന്നു അത്. ബുര്‍ഹാന്‍റെ നിര്യാണത്തോടെ ഹിസ്ബുള്ളിന്‍റെ കാശ്മീര്‍ഘടകം ശിഥിലമാകാതിരിക്കാനാണ് ഇപ്പോള്‍ തിരക്കുപിടിച്ച് സബ്സാറിനെ ഇടക്കാല നേതാവായി തിരഞ്ഞെടുത്തതെന്നാണ് വിദഗ്ദാഭിപ്രായം.

ഹിസ്‌ബുള്ളിന്‍റെ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സബ്സാറിന്‍റെ കൈകളായിരുന്നു. ഹിസ്‌ബുള്ളിലെ ബുര്‍ഹാന്‍ ഗ്രൂപ്പിലെ 11 അംഗങ്ങള്‍ ഒരുമിച്ച് സായുധരായി നില്‍ക്കുന്ന ഫോട്ടോ സബ്സാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് വൈറല്‍ ആയിരുന്നു.

11-പേര്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിലെ ഹിസ്ബുള്‍ ഭീകരരായ സബ്സാര്‍ അഹമ്മദ്, വസീം ഷാ, സദ്ദാം പഡ്ഡെര്‍ എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ജീവനോടെയുള്ളത്.

അതേസമയം പുതിയ നേതാവിനെ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളും ഉണ്ട്. പുതിയ “പോസ്റ്റര്‍ ബോയ്‌” മെഹ്മൂദ് ഘസ്നാവിയാണെന്നാണ് ഹിസ്‌ബുള്‍ ഭാഷ്യം. ഈ പേര് വ്യാജമാണെന്ന് കരുതുന്ന ഇന്ത്യന്‍ സുരക്ഷാസേന മെഹ്മൂദ് ഘസ്നാവി യഥാര്‍ത്ഥത്തില്‍ സബ്സാര്‍ തന്നെയാണെന്നാണ് കരുതുന്നത്. പക്ഷേ ഇത് സബ്സാര്‍ അല്ല ട്രാല്‍ സ്വദേശി തന്നെയായ 21-കാരന്‍ സക്കീര്‍ റഷീദ് ഭട്ട് ആണെന്നും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button