Kerala

നീതിയുടെ പക്ഷത്ത് നില്‍ക്കാത്ത പോലീസുകാര്‍ക്കെതിരെ നടപടി- മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം● നവസാങ്കേതിക വിദ്യകള്‍ കുറ്റാന്വേഷണത്തിനും ക്രമസമാധാനപാലന രംഗത്തും പൊലീസ് പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പരിശീലനം പൂര്‍ത്തിയാക്കിയ സേനാംംഗങ്ങളുടെ പാസിങ്ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐടി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുതിയരീതിയിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ ക്രിമിനലുകള്‍ നടത്തുന്നു. നവ സാങ്കേതികവിദ്യഉപയോഗിച്ച് കുറ്റാന്വേഷണം മികച്ച രീതിയില്‍ നടത്താന്‍ പോലീസിന് കഴിയണം. പരിശീലന കാലയളവിന് ശേഷം സര്‍വീസ് കാലയളവില്‍ ഉടനീളം പോലീസുകാര്‍ മെച്ചപ്പെട്ട ശരീരഘടന നിലനിര്‍ത്തണം. സേനാംഗങ്ങളുടെ പ്രാവീണ്യവും സാങ്കേതികവിദ്യകളുടെ പരിജ്ഞാനവും സര്‍വീസില്‍ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചരിത്രം, നിയമങ്ങള്‍, ഭരണനിര്‍വഹണം, കമ്പ്യൂട്ടര്‍, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലെ മികച്ച പരിശീലനമാണ് സേനാംഗങ്ങള്‍ക്ക് നല്‍കുന്നത്. ഇതിലൂടെ മികച്ച സംഭാവനകളാണ് പോലീസ് വകുപ്പ് പ്രതീക്ഷിക്കുന്നത്. അഴിമതിക്ക് വശംവദരാകാതെ നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിപരീതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമ്പത് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ എസ് എ പി, കെ എപി ബറ്റാലിയനുകളിലെ 555 സേനാംഗങ്ങളാണ് പേരൂര്‍ക്കട പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിലൂടെ സേനയുടെ ഭാഗമായത്. പരിശീലന കാലയളവില്‍ വിവിധ വിഷയങ്ങളില്‍ മികവ് തെളിയിച്ച സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി. ഡി.ജി.പി ലോക്‌നാഥ് ബെഹറ, കെ.എ.പി. കമാന്‍ഡന്റ് റോബര്‍ട്ട് എന്നിവര്‍ ചടങ്ങില്‍ അഭിവാദ്യം സ്വീകരിച്ചു. എസ് എ പി ഡപ്യൂട്ടി കമാന്‍ഡന്റ് സി. എസ് മുരളീധരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button