Gulf

നവയുഗം തുണച്ചു: വനിതാ അഭയകേന്ദ്രത്തിൽ നിന്നും ഭാരതി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം● സ്പോൺസർ ഉപേക്ഷിച്ചതിനെത്തുടർന്ന് രണ്ടു മാസക്കാലം വനിതാ അഭയകേന്ദ്രത്തിൽ (തർഹീൽ) കഴിയേണ്ടിവന്ന വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് പുളിവേണ്ടുല സ്വദേശിനിയായ കുഡാല ഭാരതി, ആറു മാസങ്ങൾക്കു മുൻപാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിക്കാരിയായി എത്തിയത്. ശാരീരികമായി പ്രശ്നങ്ങൾ ഉള്ളത് കാരണം നാട്ടിൽ മെഡിക്കൽ പരിശോധനയിൽ പാസ്സാകാത്ത ഭാരതിയെ, വിസ നൽകിയ ഏജന്റ് വലിയ തുക കമ്മീഷൻ വാങ്ങി, മെഡിക്കൽ പാസ്സാക്കിയതായി റിപ്പോർട്ട് ഉണ്ടാക്കി സൗദിയിലേക്ക് കടത്തുകയായിരുന്നു.

നാല് മാസം ജോലി ചെയ്‌തെങ്കിലും ഭാരതിയ്ക്ക് ഒരു മാസത്തെ ശമ്പളമേ സ്പോൺസർ കൊടുത്തുള്ളൂ. കടുത്ത ചുമ ഉൾപ്പെടെ ആരോഗ്യപ്രശ്‍നങ്ങൾ അലട്ടിയ അവരുടെ വീട്ടുജോലിയിൽ തൃപ്തനാകാത്ത സ്പോൺസർ, കുടിശ്ശിക ശമ്പളത്തിന് വേണ്ടി വാശി പിടിയ്ക്കാൻ തുടങ്ങിയപ്പോൾ, അവരെ വനിതാ തർഹീലിൽ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു ചെയ്തത്.

വനിതാ തർഹീലിൽ വെച്ച് കണ്ട നവയുഗം ജീവകാരുണ്യപ്രവർത്തകയും, ഇന്ത്യൻ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടനോട് ഭാരതി സ്വന്തം ദുരവസ്ഥ പറഞ്ഞു സഹായം അഭ്യർത്ഥിച്ചു. മഞ്ജു നവയുഗം ജീവകാരുണ്യ പ്രവർത്തകരായ ഷിബുകുമാർ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർക്കൊപ്പം , ഭാരതിയുടെ സ്പോൺസറുമായി നേരിട്ട് കണ്ടു സംസാരിച്ചപ്പോൾ, യാതൊരു നഷ്ടപരിഹാരവും വാങ്ങാതെ, ഫൈനൽ എക്സിറ്റ് അടിച്ചു പാസ്പോർട്ട് നൽകാം എന്ന് സ്പോൺസർ സമ്മതിച്ചു. എന്നാൽ വിമാനടിക്കറ്റോ കുടിശ്ശിക ശമ്പളമോ നൽകാൻ സ്പോൺസർ തയ്യാറായില്ല.

മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച്, നവയുഗം തുഗ്‌ബ യൂണിറ്റ് പ്രസിഡന്റ് പ്രഭാകരൻ, ഭാരതിയ്ക്ക് വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ട് പോകാനുള്ള സാധനങ്ങളും വാങ്ങി നൽകി. എല്ലാവർക്കും നന്ദി പറഞ്ഞ് രണ്ടു മാസത്തെ തർഹീൽവാസം അവസാനിപ്പിച്ച് ഭാരതി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: പ്രഭാകരൻ ഭാരതിയ്ക്ക് യാത്രാരേഖകൾ കൈമാറുന്നു. നവയുഗം ജീവകാരുണ്യപ്രവർത്തകരായ ശരണ്യ ഷിബു, ലാലു ശക്തികുളങ്ങര എന്നിവർ സമീപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button