KeralaNews

ബലാത്സംഗപരാതി വ്യാജമെന്ന് യുവതിയുടെ രഹസ്യമൊഴി : അഭിഭാഷകനും കൂട്ടാളികള്‍ക്കുമെതിരേ ക്രിമിനല്‍ കേസ്

കല്‍പ്പറ്റ: തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ ബലാത്സംഗം ചെയ്തതായുള്ള പരാതി വ്യാജമാണെന്ന് യുവതി മജിസ്‌ട്രേറ്റിനു രഹസ്യമൊഴി നല്‍കി. ഇതേ തുടര്‍ന്ന് വ്യാജപരാതി നല്‍കാന്‍ യുവതിയെ പ്രേരിപ്പിച്ചതിന് ഇവരുടെ ഭര്‍ത്താവിനും അഭിഭാഷകനുമെതിരേ പോലീസ് കേസെടുത്തു.
കല്‍പ്പറ്റ ബാറിലെ അഭിഭാഷകന്‍ പി.കെ. രഞ്ജിത്കുമാര്‍, തിരൂര്‍ ബി.പി. നഗറിലെ അജയ്‌ഘോഷ്, പരാതിക്കാരി, പരാതിക്കാരിയുടെ ഭര്‍ത്താവായ കല്‍പ്പറ്റ സ്വദേശി എന്നിവര്‍ക്കെതിരേയാണ് ബത്തേരി പോലീസ് കേസെടുത്തത്. കോടതിയില്‍ വ്യാജപരാതിയും തെളിവുകളും നല്‍കിയതുമായി ബന്ധപ്പെട്ട് ഐ.പി.സി. 192, 193, 195 വകുപ്പുകള്‍ പ്രകാരമാണു കേസ്.

ജീവപര്യന്തം ശിക്ഷവരെ കിട്ടാവുന്ന വകുപ്പുകളാണ് അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ചാര്‍ജ് ചെയ്തിരിക്കുന്നത്. കേസില്‍ വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡി.െവെ.എസ്.പിയാണ് പരാതിക്കാരന്‍. കോടതിയില്‍ നിന്ന് അനുമതി വാങ്ങിയശേഷമാണു പോലീസ് കേസെടുത്തത്.
പരാതിക്കാരിക്ക് അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കാമെന്ന അഭിഭാഷകന്റെയും അജയ്‌ഘോഷിന്റെയും പ്രലോഭനത്തെത്തുടര്‍ന്നാണ് യുവതി വ്യാജ ബലാത്സംഗ പരാതി നല്‍കിയത്. പിന്നീട് യുവതി തന്നെ മജിസ്‌ട്രേറ്റിനോട് സത്യം പറഞ്ഞതാണ് അഭിഭാഷകനെ കുടുക്കിയത്.
തമിഴ്‌നാട് തിരുപ്പത്തൂര്‍ സ്വദേശി ഇളങ്കേശ്വരനും ജോളാര്‍പേട്ട് സ്വദേശി ജ്യോതീശ്വരനും തന്നെ ബലാത്സംഗം ചെയ്തുവെന്ന് ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്ന് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. ഇതുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തി. മജിസ്‌ട്രേറ്റിന് യുവതി നല്‍കിയ രഹസ്യമൊഴിയില്‍ നിന്ന് വ്യക്തിവിരോധം വച്ചാണ് വ്യാജപരാതി ചമച്ചതെന്നും വ്യക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button