NewsInternational

ഒമാനില്‍ സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു : മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

ഒമാന്‍ : സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും സ്വദേശിവത്ക്കരണം ശക്തമായി നടപ്പാക്കുന്നു. തങ്ങളുടെ എല്ലാ മേഖലകളിലും സ്വദേശികളെ നിയമിക്കാന്‍ ഒമാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത നഴ്‌സുമാരെ പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കി. 48 മലയാളികള്‍ ഉള്‍പ്പെടെ 76 പേര്‍ക്കാണ് നോട്ടീസ്. ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് നിര്‍ദേശം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

90 ദിവസത്തെ സാവകാശമാണ് നോട്ടീസില്‍ നല്‍കിയിരുന്നത്. ഇത് ഇന്നു അവസാനിക്കും. അടുത്ത എട്ടു ദിവസത്തിനുള്ളില്‍ ഇവിടെനിന്നു മടങ്ങണമെന്നാണ് നഴ്‌സുമാര്‍ക്കു നിര്‍ദേശം നല്‍കിയത്. അതേസമയം, ഗള്‍ഫിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നോര്‍ക്ക സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്കാണ് സൗദി അറേബ്യയില്‍ ജോലി നഷ്ടമായത്. ഇഖാമ പോലും കൈവശമില്ലാത്തതിനാല്‍ ഇവര്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിക്കുന്നില്ല. കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരെയാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ ബാധിച്ചിരിക്കുന്നത്. പലര്‍ക്കും നിരവധി മാസത്തെ ശമ്പളം ലഭിക്കാനുണ്ട്.

അതേസമയം, സൗദിയില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന നടപടി ഇന്ത്യന്‍ എംബസിയും പ്രവാസി സമൂഹവും തുടരുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button