Life StyleSpirituality

ഉപവാസം എന്നാല്‍ എന്താണ്? എന്തിന്?

ജ്യോത്സ്യര്‍. എസ്. ജയദേവന്‍, കണ്ണൂര്‍

ഉപവാസം എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരിക നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാവിനെതന്നെയാകും, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തെ തുരത്താന്‍ ഗാന്ധിജി സ്വീകരിച്ച സമരമാര്‍ഗ്ഗം ഉപവാസമായിരുന്നല്ലോ?

രണ്ടാമത് നമ്മുടെ മനസ്സില്‍ വരുന്ന രൂപം ഇറോം ശര്‍മ്മിള എന്ന സ്ത്രീരത്നം തന്നെ,സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പോലുംആകാത്ത വിധത്തില്‍ നീണ്ട 16 വര്‍ഷങ്ങള്‍ ഒരു സ്ത്രീ ഉപവാസമിരിക്കുക, മനുഷ്യ ചിന്തയുടെ പരിധിക്കും അപ്പുറത്താണ് ആ ഉപവാസം…

ലോകചരിത്രത്തില്‍ മറ്റെവിടെയെങ്കിലും ഇത്തരം ഒരുപവാസം ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്.മനുഷ്യാവകാശങ്ങളെ ലംഘിക്കാന്‍ സായുധസേനകള്‍ക്ക് അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് 2000 നവംബര്‍ മുതല്‍ ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്.
ഭാഗ്യവശാല്‍ ഈ മാസം 9 ന് അവര്‍ നിരാഹാരം പിന്‍വലിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.  എന്നാല്‍ ഈ രണ്ട് ഉപവാസങ്ങളുമല്ല ഇവിടെ നമ്മുടെ പ്രദിപാദ്യവിഷയം.ഉപവാസത്തിന്‍റെ ആത്മീയ വശം,അല്ലെങ്കില്‍ വിശ്വാസത്തില്‍ അന്തര്‍ലീനമായ ഉപവാസത്തിന്‍റെ വേറൊരുമുഖം അതിനെക്കുറിച്ചാണ് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്.

ഒരു മുന്‍ നിശ്ചിതസമയത്തേക്ക് ആഹാരം ഉപേക്ഷിച്ച് പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെ ദിവസത്തില്‍ ഏറെ സമയവും ഈശ്വരനാമം ജപിച്ച് ക്ഷേത്രദര്‍ശനത്തോടെ പൂര്‍ത്തീകരിക്കുന്ന ഒരു പ്രക്രിയയെ ആണ് വിശ്വാസികള്‍ക്കിടയില്‍ ഉപവാസം എന്നോ വൃതം എന്നോ ഒക്കെ വിശേഷിപ്പിക്കുന്നത്.എല്ലാ മതങ്ങളിലും ഇത്തരം ഉപവാസങ്ങളും വൃതങ്ങളും പണ്ടെന്നത്തെക്കാളും അധികമായി പല വ്യത്യസ്തങ്ങളായ രീതിയില്‍ ആചാരത്തിന്‍റെ പിന്‍ബലത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ?ഇസ്ലാം മതത്തിലെ ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന നോമ്പുകാലം പ്രസിദ്ധമാണല്ലോ,ക്രൈസ്തവര്‍ക്കും ഏതാണ്ടിതുപോലെ തന്നെ വൃതത്തിന്‍റെ പുണ്ണ്യത്തില്‍ ലയിക്കുന്ന ഒരു മാസമുണ്ട്.

ഹിന്ദുമതത്തില്‍ ഇത്തരം ധാരാളം വൃതങ്ങളെയും ഉപവാസങ്ങളെയും കുറിച്ച് പറയുന്നുണ്ട്.അതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ എടുക്കുന്നത് സോമവാര വൃതം ആണെന്ന് തോന്നുന്നു ഇഷ്ട ഭര്‍ത്താവിനെ കിട്ടാന്‍ കന്യകമാരും സുദീര്‍ഘമായ ദാമ്പത്യത്തിന് വിവാഹിതരായ സ്ത്രീകളും സോമവാര വൃതം നോക്കാറുണ്ട്.പിന്നെ ശിവരാത്രി വൃതം,പ്രദോഷ വൃതം,ഏകാദശി വൃതം, വ്യാഴാഴ്ച വൃതം ഇവയൊക്കെ ഇവയൊക്കെ പ്രസിദ്ധങ്ങളാണല്ലോ.

ശിവപ്രീതിക്കുള്ള എട്ട് വ്രതങ്ങളെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്,
1 ശിവരാത്രി വ്രതം,
2 സോമവാര വ്രതം,
3 തിരുവാതിര വ്രതം,
4 കേദാരഗൌരി വ്രതം,
5 പാശുപത വ്രതം,
6 ഉമാമഹേശ്വര വ്രതം,
7 അഷ്ടമി വ്രതം,
8 കല്യാണസുന്ദര വ്രതം.
ഇതിനെ അഷ്ടവൃതങ്ങള്‍ എന്ന് പറയുന്നു. ചില വൃതങ്ങള്‍ ജലപാനം പോലുമില്ലാത്ത,ക്ഷേത്രങ്ങളിലെ തീര്‍ത്ഥം പോലും സേവിക്കാതെ കഠിനവൃതങ്ങള്‍ ആകുമ്പോള്‍ അത്ര തന്നെ കഠിനമല്ലാത്ത വൃതങ്ങളുമുണ്ട്.‘ഒരിക്കല്‍’ എന്ന് പറയുന്നത് ഒരുനേരം മാത്രം ലഘുവായ ആഹാരങ്ങള്‍ കഴിക്കാവുന്ന വൃതങ്ങളെയാണ്.

ക്ഷേത്രത്തില്‍ നിവേദിച്ച പഴം,കരിക്ക്,പാല്‍ എന്നിവ മിതമായി ഒരുനേരം മാത്രം കഴിച്ച് വൃതം എടുക്കുന്നവരുമുണ്ട്.
അതുപോലെ ശബരിമല ദര്‍ശനത്തിനുള്ള വൃതം എന്നത് ആഹാരം വര്‍ജ്ജിക്കുക എന്നതല്ല, മിതമായ സസ്യാഹാരം മാത്രം കഴിച്ചു 41 ദിവസത്തെ വൃതാനുഷ്ട്ടാനത്തോടെയാണ് ശബരിമല ദര്‍ശനം നടത്തേണ്ടത് ഇന്ന് പലരും പത്തും,പതിനഞ്ചും ദിവസം മാത്രം വൃതമെടുത്ത് ദര്‍ശനം നടത്തുന്നത് കാണാറുണ്ട്‌ ഇതിന്‍റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല.

പല ശുഭ പ്രവർത്തികളും ചടങ്ങുകളും ആരംഭിക്കുന്നതിനുമുന്‍പ് പണ്ടുള്ളവർ വ്രതം നോറ്റിരുന്നു. ക്ഷേത്രങ്ങളിലെ പ്രതിഷ്ടാ കര്‍മ്മങ്ങള്‍ക്ക് മുന്നേ ആചാര്യന്മാര്‍ വൃതം എടുക്കാറുണ്ട്, ഉപനയനത്തിന് മുന്നേയും വൃതം എടുക്കുന്നത് പതിവാണ്, തെയ്യം കെട്ടുന്നവർ, വെളിച്ചപ്പാട് തുടങ്ങിയവരും വ്രതമെടുക്കും.വിവാഹം, രാജ്യാഭിഷേകം തുടങ്ങിയവക്ക് മുൻപ് യുദ്ധത്തിന്നു മുന്നേ 41 ദിവസം വരെ നമ്മുടെ രാജാക്കന്മാരും വടക്കൻപാട്ടിലെ വീരനായകന്മാരും വൃതമെടുത്തിരുന്നതായി വായിച്ചതോര്‍ക്കുന്നു.നമ്മുടെ പൂര്‍വ്വികരായ യോഗികള്‍ വളരെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് ഉപവാസം എന്നകാര്യത്തില്‍ തര്‍ക്കമില്ല കാരണം

ഉപവാസത്തിന്‍റെ ആത്മീയപരമായ ഗുണത്തെ പോലെ തന്നെ ഭൌതികമായ നേട്ടങ്ങളും നിസ്സാരമല്ല എന്ന് ആധുനിക ശാസ്ത്രം തെളിയിച്ചിട്ട് കാലങ്ങള്‍ ഏറെ ആയി.നാം ദിവസേന ഒരു നിശ്ചിത സമയം ഉറങ്ങുന്നുണ്ട് അതുകൊണ്ട് പഞ്ചേന്ദ്രിയങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ട് എന്നാല്‍ നിരന്തരമായി പ്രവർത്തിക്കുന്ന ആന്തരികാവയവങ്ങൾക്ക് ആവശ്യത്തിന് വിശ്രമം നൽകുന്നതിന് ഉപവാസം പോലെ ഗുണം ചെയ്യുന്ന മറ്റൊന്നില്ല എന്ന് പറയാം, അല്‍പ്പം ശാസ്ത്രീയമായി പറഞ്ഞാല്‍ ഉപവാസം യഥാവിധി അനുഷ്ഠിക്കുകയാണെങ്കിൽ അത് പ്രധാനമായും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ അകറ്റി ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു. കരൾ, ഹൃദയം, വൃക്ക, ശ്വാസകോശം, പാൻക്രിയാസ്, ആമാശയം എന്നീ ആന്തരികാവയവങ്ങൾക്ക് ഉപവാസം മൂലം കൂടുതൽ പ്രവർത്തനശേഷി കൈവരുന്നു. കൂടാതെ ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പ്, രോഗങ്ങൾ,ത്വക് രോഗങ്ങള്‍ എന്നിവയെ നശിപ്പിക്കുന്നതിനും ഉപവാസം മൂലം കഴിയുന്നു.

S.JAYADEVAN Astrologer And Gem Consultant
KANNUR

Tags

Related Articles

Post Your Comments


Back to top button
Close
Close