NewsInternational

ദുബായില്‍ ടാക്‌സികള്‍ വഴി കേരള ടൂറിസം പ്രചാരണം

ദുബായ്: അറബ് സഞ്ചാരികളെ ലക്ഷ്യമിട്ട് ദുബായ് നഗരത്തിലെ ടാക്‌സികളില്‍ കേരള ടൂറിസത്തിന്റെ പരസ്യപ്രചാരണം. കേരളത്തിന്റെ മലയോരങ്ങളും കായലുകളും വെള്ളച്ചാട്ടങ്ങളും ആയുര്‍വേദ ചികിത്സാരീതികളും അടക്കമുള്ള ദൃശ്യങ്ങള്‍ക്കൊപ്പം നാലു മണിക്കൂര്‍ അകലെ ഒരു വിദൂരദേശം (A Faraway Land Four Hours Away) എന്ന സന്ദേശം വഹിക്കുന്ന 200 കേരളബ്രാന്‍ഡ് ടാക്‌സികളാണു ദുബായ് തെരുവുകളില്‍ ഇറങ്ങുക.

അറബ് സഞ്ചാരികളെ മാത്രമല്ല, ദുബായിലെത്തുന്ന മറ്റു രാജ്യങ്ങളിലെ സന്ദര്‍ശകരെയും ആകര്‍ഷിക്കുകയാണു പരസ്യ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നു ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു. ലണ്ടനിലെ ടാക്‌സികളിലും നേരത്തേ ഇതേരീതിയിലുള്ള പ്രചാരണം നടത്തിയിരുന്നു.

2015ല്‍ ഗള്‍ഫ് മേഖലയില്‍നിന്നു കേരളത്തിനു ലക്ഷത്തില്‍പരം സന്ദര്‍ശകരെ ലഭിച്ചിരുന്നു. യുഎഇയില്‍നിന്നു മാത്രമായി സംസ്ഥാനത്തിന് 20,506 സന്ദര്‍ശകരെ ലഭിച്ചു. 51,149 സന്ദര്‍ശകരുമായി സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്. ഒമാനില്‍നിന്നു 18,762 സഞ്ചാരികളും കേരളത്തിലെത്തിയിരുന്നതായി ടൂറിസം ഡയറക്ടര്‍ യു.വി.ജോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button