IndiaNews

ഗുജറാത്ത് ദളിത് അക്രമം : പ്രതിക്കൂട്ടിലാവുന്നത് കോണ്‍ഗ്രസ് : കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അക്രമത്തെ കുറിച്ച് മൂന്നു ദിവസം മുന്‍പേ അറിയാമായിരുന്നു

ഗുജറാത്തില്‍ അടുത്തിടെ പട്ടിക ജാതിക്കാര്‍ക്കെതിരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് സൂചന. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ട് ആസൂത്രിതമായി സംഘടിപ്പിച്ചതാണ് എന്ന് വ്യകത്മാവുന്നതായി ഗുജറാത്ത് പോലീസ് പറയുന്നു. ഏറ്റവും ഗൗരവതരമായത് , അതിനുള്ള ഗൂഢാലോചന ദല്‍ഹി വരെ നീളുന്നു എന്നുള്ള സൂചനകളാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ പ്രധാനമന്ത്രിയും പിന്നീട് ആര്‍ എസ് എസ് സര്‍ കാര്യവാഹും ( ജനറല്‍ സെക്രട്ടറി) തള്ളിപ്പറഞ്ഞതിനുള്ള കാരണവും മറ്റൊന്നല്ല എന്നുവേണം കരുതാന്‍. ‘നിങ്ങള്‍ എന്നെ ആക്രമിച്ചോളൂ, പട്ടികജാതിക്കാര്‍ വെറുതെ വിടൂ’ എന്നാണ് അതിനോട് പ്രതികരിക്കവേ നരേന്ദ്രമോദി പറഞ്ഞത്. അതിനുപിന്നാലെ ഇത്തരം അക്രമങ്ങള്‍ സംഘപരിവാര്‍
ചെയ്യില്ലെന്നും അതിനു മുതിരുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ആര്‍എസ്സ്എസും വ്യക്തമാക്കി. സഹിക്കാവുന്നതിനുമപ്പുറമാണ് കാര്യങ്ങള്‍ ചെന്നെത്തിയത് എന്നത് ആര്‍.എസ്.എസും പ്രധാനമന്ത്രിയും മനസിലാക്കുന്നു എന്നതാണ് വസ്തുത. അധികാരം നഷ്ടമാവുമ്പോള്‍ ഏത് ഹീന മാര്‍ഗവും അവലംബിക്കാമെന്ന് രാഷ്ട്രീയ പ്രതിയോഗികള്‍ ചിന്തിച്ചാല്‍ എന്താണ് ഉണ്ടാവുക എന്ന് ഈ സംഭവം കാണിച്ചുതരുന്നു . നമ്മുടെ രാജ്യത്തെ പ്രതിപക്ഷം എത്രമാത്രം അധപ്പതിക്കുന്നു എന്നതും ഈ സംഭവം വ്യക്തമാക്കുന്നുണ്ട്.

ഏതാണ്ട് എട്ടൊമ്പത് ദിവസം മുന്‍പാണ് ഗുജറാത്തിലെ ഉണ എന്ന ഗ്രാമത്തില്‍ ഏതാനും പട്ടികജാതിക്കാര്‍ക്ക് നേരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. അതിനുപിന്നില്‍ സംഘപരിവാര്‍ ആണ്, ബി.ജെ.പിയാണ് എന്നും മറ്റുമുള്ള ആക്ഷേപങ്ങളാണ് ഉയര്‍ന്നത് . ആ സംഭവം അപ്പോള്‍ തന്നെ വീഡിയോയില്‍ പകര്‍ത്തുകയും ഡല്‍ഹിയിലെ വരെയുള്ള ചാനലുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിക്കുകയും ചെയ്തപ്പോള്‍ മുതല്‍ പലര്‍ക്കും സംശയങ്ങള്‍ തോന്നിയിരുന്നു. ഗുജറാത്തില്‍ അതിനു ശ്രമിച്ചവര്‍ ലക്ഷ്യമിട്ടത് അവിടത്തെ സര്‍ക്കാരിനെയോ ബി.ജെ.പിയെയോ
സംഘ പരിവാറിനെയോ മാത്രമല്ല നരേന്ദ്ര മോദിയെയുമാണ് എന്നതും തീര്‍ച്ച. ആക്രമണം മുഴുവന്‍ മോദിയുടെ നേര്‍ക്കായിരുന്നുവല്ലോ. അത് രാജ്യസഭയിലുന്നയിച്ചത് ബി.എസ.്പി നേതാവ് മായാവതിയായാണ്. അവരത് അവതരിപ്പിക്കുമ്പോള്‍ സന്തോഷഭരിതരായി കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരിക്കുന്നത് ടിവി സ്‌ക്രീനിലൂടെ പലരും കണ്ടിരിക്കും. അതൊക്കെത്തന്നെയാവണം അത് സംബന്ധിച്ച അന്വേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഗുജറാത്ത് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത് . ഇത്തരം സംഭവങ്ങള്‍ മുന്‍പുമുണ്ടായിട്ടുണ്ട്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിയുടെ ആത്മഹത്യ ഒരു ഉദാഹരണം. അപകടകരമായ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ ഉടനെത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന പോലീസിന്റെ നിരീക്ഷണം നാമൊക്കെ മറന്നുകൂടാ. അന്നവിടെ കൂടിയവര്‍ ആ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ബലംപ്രയോഗിച്ചു തടയുകയായിരുന്നുവല്ലോ. ഒബിസി വിഭാഗത്തില്‍ പെടുന്നയാളെ പട്ടികജാതിക്കാരനാക്കിയതും അവിടെയാണ്. മറ്റൊരുതരത്തിലാണ് ദല്‍ഹി ജെ എന്‍ യുവിലെ സംഭവവികാസങ്ങള്‍ ആസൂത്രണം ചെയ്തത്. രണ്ടിടത്തും മുഴങ്ങിയത് ഇന്ത്യ വിരുദ്ധ, പാക് അനുകൂല മുദ്രാവാക്യങ്ങള്‍ ആയിരുന്നു. രണ്ടിടത്തും നിമിഷങ്ങള്‍ക്കകം ഓടിയെത്തിയത് ആരൊക്കെയാണ് എന്നതും ഇന്നിപ്പോള്‍ ആവര്‍ത്തിക്കേണ്ടതില്ല…….. ബി.ജെ.പി വിരുദ്ധര്‍ക്കെല്ലാം അന്ന് മറ്റുപരിപാടികള്‍ ഒന്നുമില്ലായിരുന്നുവെന്നതും അവര്‍ക്കെല്ലാം ഒന്നിച്ചു അതിവേഗം ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലും മറ്റുമെത്താന്‍ കഴിഞ്ഞുവെന്നതും യാദൃശ്ചികം മാത്രമാണ് എന്നും കരുതിയവരാണ് പലരും. അതൊക്കെ സംശയകരമായിരുന്നില്ലേ എന്ന് തോന്നിപ്പിക്കുന്നതിനിടയിലാണ്
ഇപ്പോള്‍ ഗുജറാത്തില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ കേള്‍ക്കുന്നത്. യുപി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് കോണ്‍ഗ്രസ് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുന്‍പ് ബീഹാര്‍ തിരഞ്ഞെപ്പ് പ്രചാരണം നടക്കുന്ന കാലത്താണ് ദാദ്രിയിലെ സംഭവം ഉടലെടുത്തത്. അതില്‍ അവസാനം ഗോ മാംസമാണ് അവര്‍ കയ്യില്‍ കരുതിയത് എന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. യുപി സര്‍ക്കാര്‍ ആ വിഷയത്തില്‍ കേസെടുത്തിട്ടുമുണ്ട്. അന്നത് തെളിഞ്ഞിരുന്നില്ലെന്നതിനാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ പ്രയോജനപ്പെടുത്താന്‍ പ്രതിപക്ഷത്തിനായി.
ഗുജറാത്തിലെ സംഭവം മോട്ട സംധ്യാല ഗ്രാമത്തിലെ സര്‍പഞ്ച് (ഗ്രാമത്തലവന്‍) ആണ് അത് ആസൂത്രണം ചെയ്തതെന്ന് ഗുജറാത്ത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടന്നയുടനെ കോണ്‍ഗ്രസുകാരനായ ഈ സര്‍പഞ്ച് , പ്രഭുല്‍ കോറാട്ട്, നാടുവിട്ടിരുന്നു. അങ്ങിനെയൊന്നും നാട്ടില്‍നിന്നു അകന്നുനില്‍ക്കാത്തയാളാണ് അയാളെന്നും പിന്നെന്തിന് ഈ ആക്രമണം നടന്നയുടനെ ഓടി രക്ഷപ്പെട്ടു എന്നതും അന്വേഷണത്തില്‍ സുപ്രധാന ഘടകമായി എന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. മറ്റൊന്ന്, ഈ സംഭവം നടക്കുന്ന ദിവസങ്ങളില്‍ സര്‍പഞ്ചിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഉണയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഫോണിലേക്കും തിരിച്ചുമായി ഏതാണ്ട് മുന്നോറോളം കോളുകള്‍ (328 കോളുകള്‍ എന്ന് പറയുന്നു) പോയിട്ടുണ്ട് എന്നതാണ്. മറ്റൊന്ന്, അവിടത്തെ
ദളിത് കുടുംബങ്ങളോട് അവിടം വിട്ടുപോകണമെന്നും അവരുടെ തൊഴില്‍ നിര്‍ത്തണമെന്നും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു ആളാണ് ഈ സര്‍പഞ്ച് എന്ന വിവരമാണ് . കൊല്ലപ്പെട്ട മൃഗങ്ങളുടെ തൊലിയെടുത്തു വില്‍ക്കുന്നതാണ് അവരവിടെ ചെയ്തുവന്നിരുന്നത് എന്നതും സ്മരിക്കേണ്ടതുണ്ട്.
ഗോരക്ഷകര്‍ ചിലരെ ആക്രമിച്ചത് യാദൃശ്ചികമായിരുന്നില്ല എന്നതും ഏറെക്കുറെ വ്യക്തമായി. അവിടെ തടിച്ചുകൂടിയവരെ ഇതുസംബന്ധിച്ചു മൊബൈലില്‍ വിളിച്ചു അറിയിക്കുകയായിരുന്നു. ആ കോളുകള്‍ ഓരോരുത്തര്‍ക്കും കിട്ടിയത് വിവിധ ഫോണുകളില്‍ നിന്നുമാണ്. ശിവസേന, ഗോരക്ഷാ സേന എന്നിവയില്‍ നിന്നുള്ളവരാണ് എന്നുപറഞ്ഞാണ് അവരെ വിളിച്ചിരുന്നത്. അതും തെറ്റാണെന്നു വ്യക്തമായി; മാത്രമല്ല, അവരാരും അങ്ങിനെയാരെയും വിളിച്ചിരുന്നുമില്ല. വളരെ പ്രകോപനപരമായാണ് ആ ഓരോ കോളുകളും എത്തിയത് . അതുകേട്ട് ജനങ്ങള്‍ അവിടെ പട്ടികജാതിക്കാരെ ആക്രമിക്കണം എന്ന് വിളിക്കുന്നവര്‍ കരുതിയിരുന്നു. ആ സംഭവം ഒരു പ്രത്യേക സ്ഥലത്തു നടക്കുന്നു എന്നും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഉറപ്പുവരുത്തി. അവിടെ നല്ല
ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണുമായി ഒരാള്‍ നിലയുറപ്പിക്കുകയും ചെയ്തു. ആ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ വിഡിയോയാണ് പിന്നീട് മിന്നല്‍ വേഗത്തില്‍ ചില ടിവി ചാനലുകളില്‍ എത്തിച്ചത്. അതും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട് . ഏറ്റവും രസകരം, ആ മൊബൈല്‍ ഫോണ്‍ ഇതേ സര്‍പഞ്ചിന്റേതാണ് എന്നതാണ്. അയാളുടെ ഫോണില്‍ നിന്നാണ് മെസേജ് ആയി ആ വീഡിയോ ടിവി ചാനലില്‍ എത്തിച്ചതെന്നതും പൊലീസിന് വ്യക്തമായിട്ടുണ്ട് എന്നാണ് സൂചന. ഈ കേസിലകപ്പെട്ടവരില്‍ ഒരു മുസ്ലിം യുവാവുമുണ്ട് ; അയാള്‍ നല്‍കിയ വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണ് എന്ന് പോലീസ് നിരീക്ഷിക്കുന്നു; അതവര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. അതിലേറെ പ്രധാനം, ഇന്നിപ്പോള്‍ ഈ സംഭവത്തിലുള്‍പ്പെട്ടവര്‍ ആരും ഒരു
തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഉള്ളവരല്ല എന്നതാണ്. അവരാരും ഒരു കേസിലും മുന്‍പ് പ്രതിയായിട്ടുമില്ല. അവരെ പ്രകോപിപ്പിച്ചു ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്നും നിര്‍ബന്ധിക്കുകയായിരുന്നുവെന്നും കരുതാമെന്നു തോന്നുന്നു.
സര്‍പഞ്ച് നിരന്തരം ബന്ധപ്പെട്ടിരുന്ന ഉണയിലെ കോണ്‍ഗ്രസ് നേതാവിനെക്കുറിച്ചു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഡല്‍ഹിയിലെ കോണ്‍ഗ്രസ് അകത്തളങ്ങളില്‍ നല്ല പിടിപാടുള്ള ഒരു പ്രമുഖ നേതാവുമായുള്ള അയാളുടെ അടുപ്പം വിഖ്യാതമാണത്രെ. ഒരു പ്രമുഖ പ്രതിപക്ഷ കക്ഷിയിലെ പ്രമുഖയുടെ രാഷ്ട്രീയോപദേശകനാണത്രെ അയാള്‍. ഈ ആക്രമണം ഗുജറാത്തിലോ അല്ലെങ്കില്‍ അവിടത്തെ ഒരു ഗ്രാമത്തിലോ ഉണ്ടായതല്ല, മറിച് ആസൂത്രണം ചെയ്തതാണ് എന്ന നിഗമനത്തിലേക്കാണ് പോലീസ് വൃത്തങ്ങള്‍ എത്തുന്നത് എന്നതാണ് സൂചനകള്‍. ആക്രമണത്തില്‍ പരിക്കേറ്റവരെ
ആശുപത്രിയില്‍ നിന്ന് വിട്ടയച്ചശേഷം വീണ്ടും അഡ്മിറ്റ് ചെയ്ത സംഭവവും ഇതിനൊപ്പം കൂട്ടിവായിക്കണം. ഒരു നേതാവിന്റെ സന്ദര്‍ശനം പ്രമാണിച്ചായിരുന്നു അതെന്നത് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ആ നേതാവിന് അന്നവിടെ ആ ഒരു ആശുപത്രി സന്ദര്‍ശനം മാത്രമായിരുന്നു പരിപാടി എന്നതും ഓര്‍ക്കേണ്ടതുണ്ട്. അതിലേറെ രസകരം, അദ്ദേഹം ആ ഗുജറാത്ത് യാത്രക്കുള്ള വിമാന ടിക്കറ്റ് അതിനും മൂന്നുദിവസം മുന്‍പേ തന്നെ ബുക്ക് ചെയ്തിരുന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ്. അത്തരമൊരു സംഭവം അവിടെ നടക്കുമെന്ന് ദല്‍ഹിയിലെ ചില നേതാക്കള്‍ക്ക്
മൂന്ന് ദിവസം മുന്‍പേ അറിയാമായിരുന്നു എന്നല്ലേ അതില്‍നിന്നും മനസിലാക്കേണ്ടത്. അതൊക്കെ കണ്ടെത്താന്‍ ഇന്നിപ്പോള്‍ അധികൃതര്‍ക്ക് ഒരു വിഷമവുമില്ലല്ലോ.

കെ.വി.എസ് ഹരിദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button