NewsIndia

ഗദ്ദാമ സിനിമയെ അനുസ്മരിപ്പിക്കുന്ന ജീവിത കഥ : ഒടുവില്‍ ജോലിസ്ഥലത്തെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് കവിത നാട്ടിലെത്തി

ദമാം: ജോലിസ്ഥലത്തെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ടു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്നാട് ഡിണ്ടിഗല്‍ ജില്ലയിലെ മര്യാനന്തപുരം സ്വദേശിനിയും, മുബൈയില്‍ താമസക്കാരിയുമായ റൗത് റേ കവിത പ്രശാന്ത്, ആറു മാസങ്ങള്‍ക്കു മുന്‍പാണ് ദമാമിലെ സൗദി പൗരന്റെ വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. നല്ല ശമ്പളവും, മികച്ച ജോലിസാഹചര്യങ്ങളും വാഗ്ദാനം ചെയ്ത ഒരു ഏജന്റിന്റെ വാക്കുകളില്‍ വിശ്വസിച്ചാണ് കവിത വീട്ടുജോലിക്കാരിയായി എത്തിയത്.

എന്നാല്‍ സ്പോണ്‍സറുടെ വീട്ടിലെ സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. ആ വലിയ വീട്ടില്‍ രാവും പകലും വിശ്രമമില്ലാതെ അതികഠിനമായി പണിയെടുപ്പിച്ചതിന് പുറമെ, ശകാരവും മാനസികപീഡനവും കവിതയ്ക്ക് നേരിടേണ്ടി വന്നു. ആരോടെങ്കിലും പരാതി പറയാന്‍ പോലും പറ്റാത്ത വിധത്തില്‍, വീടിന് പുറത്തിറങ്ങാനോ, ഫോണ്‍ ഉപയോഗിയ്ക്കാനോ ആ വീട്ടുകാര്‍ കവിതയെ അനുവദിച്ചില്ല.
ഒടുവില്‍ എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെടാനായി, കവിത ടെറസ്സില്‍ കയറി മതില്‍ വഴി പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാല്‍ വഴുതി ടെറസ്സില്‍ നിന്നും താഴെ വീണ കവിതയ്ക്ക് ഗുരുതരമായി പരിക്ക് പറ്റി. വീഴ്ചയില്‍ ഒരു കാല് ഒടിയുകയും, നടുവിന് പൊട്ടല്‍ ഉണ്ടാകുകയും ചെയ്തതോടെ സ്പോണ്‍സര്‍ അവരെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ കൊണ്ട് പോയി അഡ്മിറ്റ് ചെയ്ത് ഉപേക്ഷിച്ചു.

സെന്‍ട്രല്‍ ആശുപത്രിയിലെ മലയാളി ജീവനക്കാര്‍, നവയുഗം സാംസ്‌കാരികവേദി നിയമസഹായവേദി കണ്‍വീനറായ ഷാന്‍ പേഴുംമൂടിനെ ഫോണില്‍ ബന്ധപ്പെട്ട്, കവിതയുടെ അവസ്ഥ അറിയിച്ചു. തുടര്‍ന്ന് ഷാനിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടന്‍ ആശുപത്രിയില്‍ എത്തി കവിതയോട് സംസാരിച്ച് വിശദവിവരങ്ങള്‍ മനസ്സിലാക്കി. ഇന്ത്യന്‍ എംബസ്സി, കവിതയുടെ കേസില്‍ ഇടപെടാന്‍ മഞ്ജുവിന് അനുമതിപത്രം നല്‍കി.’

മഞ്ജു നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ക്കൊപ്പം കവിതയുടെ സ്പോണ്‍സറുമായി സംസാരിച്ചു. തനിയ്ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ കവിതയ്ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കൂ എന്ന നിലപാടിലായിരുന്നു സ്പോണ്‍സര്‍.
തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ കവിതയെ ജോലിയ്ക്കയച്ച ഏജന്റിനെ ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തി. ആദ്യമൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും, കവിതയുടെ കേസിന് പരിഹാരം കാണാത്തപക്ഷം ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ നിയമനടപടികള്‍ എടുക്കുമെന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ , ഏജന്റ് നിലപാട് മാറ്റി. സ്പോണ്‍സര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും, കവിതയ്ക്ക് തിരികെയുള്ള വിമാനടിക്കറ്റ് നല്‍കാമെന്നും ഏജന്റ് സമ്മതിച്ചു.

രണ്ടു മാസത്തെ ആശുപത്രി ചികിത്സയില്‍ കവിതയ്ക്ക് നടക്കാനുള്ള ശേഷി തിരികെ കിട്ടി. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കവിത മുംബൈയിലേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments


Back to top button