NewsIndia

പാവപ്പെട്ടവര്‍ക്കായുള്ള മോദി സര്‍ക്കാരിന്‍റെ ഭവനപദ്ധതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഭൂതപൂര്‍വമായ ജനപ്രീതി

ന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ അധിവസിക്കുന്ന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പ്രത്യേക ഭവനപദ്ധതി ഒരു വർഷം പിന്നിടുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്‍റെ ജനപ്രിയ പദ്ധതികളിലൊന്നായ ഈ ഭവനപദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത സാധാരണ ഭവന വായ്പയ്ക്ക് ഒമ്പതര ശതമാനത്തിനുമേൽ പലിശ ഈടാക്കുന്ന സ്ഥാനത്ത് ഈ പദ്ധതിയില്‍ അഞ്ചുശതമാനം മുതൽ ആറര ശതമാനംവരെ മാത്രം പലിശ നൽകിയാൽ മതിയെന്നതാണ്.

ഇന്ത്യയില്‍ മൊത്തത്തില്‍ 4046 പട്ടണങ്ങളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തില്‍ 58 നഗരങ്ങളില്‍ ലഭ്യമാണ്. പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരമുള്ളതാണ് ഈ പദ്ധതി.

“2022ഓടെ എല്ലാവർക്കും വീട്” എന്ന കേന്ദ്രസര്‍ക്കാരിന്‍റെ സ്വപ്നസാക്ഷാത്ക്കാരത്തിലേക്കാണ് പ്രധാന്‍മന്ത്രി ആവാസ് യോജന അനുസരിച്ചുള്ള ഈ പദ്ധതി മുന്നേറുന്നത്. നാല് പ്രധാന ഭവനപദ്ധതികളുടെ കീഴിലാണ് വായ്പകള്‍ അനുവദിക്കപ്പെടുന്നത്. ചേരിവികസനം, ക്രെഡിറ്റ്‌ലിങ്ക്‌സ് സബ്‌സിഡി, അഫോർഡബിൾ ഹൗസിങ് സ്‌കീം, വ്യക്തിഗത ഭവനനിർമ്മാണം തുടങ്ങിയവയാണ് ഈ നാല് പദ്ധതികൾ. താഴ്ന്ന വരുമാനമുല്ലവര്‍ക്കും, പാവപ്പെട്ടവര്‍ക്കും സ്വന്തം വീട് എന്ന സ്വപ്നം സഫലമാക്കാന്‍ ഏറെ ഉപകാരപ്പെടുക ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി എന്ന പദ്ധതിയാണ്.

ചേരികളിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരേയും, താഴ്ന്ന വരുമാനക്കാരേയും രണ്ടായി തരംതിരിച്ച് രണ്ട് ഗ്രൂപ്പുകളിലാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മുന്‍കാലങ്ങളിലെ സര്‍ക്കാര്‍ ഭവന പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി വായ്പാ പലിശനിരക്കിൽ വൻ സബ്‌സിഡിയാണ് ഈ പദ്ധതിയില്‍ കൊണ്ടുവന്നിരിക്കുന്നത്. പദ്ധതിയുടെ കീഴില്‍ വരുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് ഭവന വായ്പകൾ അനുവദിക്കാൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ഭവനവായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകിയിട്ടുമുണ്ട് കേന്ദ്രസര്‍ക്കാര്‍.

സാധാരണ ഗതിയില്‍ 9-10 ശതമാനംവരെ പലിശ നൽകേണ്ടത് 5-6.5 ശതമാനമെന്ന നിലയിൽ താഴ്ന്നു എന്ന്‍ മാത്രമല്ല സാമ്പത്തിക പിന്നോക്കാവസ്ഥയുടെ ഫലമായി ലഭ്യമായ മറ്റ് ആനുകൂല്യങ്ങളുംകൂടി പരിഗണിച്ചാൽ പലിശനിരക്ക് വീണ്ടും താഴ്ന്ന് ശരാശരി 4 ശതമാനംവരെയാകുന്നു. സ്ത്രീകൾ, വിധവകൾ, പട്ടികജാതി-വർഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ തുടങ്ങിയ വിഭാഗക്കാർക്കെല്ലാം പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകൾക്കു പുറമെ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ഭവനവായ്പ നൽകാൻ അനുമതി ലഭിച്ചതോടെയും നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെയും ഇത് കൂടുതൽപേർക്ക് പ്രയോജനപ്പെടുകയാണ്.

ഈ പദ്ധതിയിലെ ഭവനവായ്പകളുടെ തിരിച്ചടവ് കാലാവധി 15 വര്‍ഷമാണ്‌. പലിശയില്‍ സബ്സിഡി കൊണ്ടുവന്നതോടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ (ഇഎംഐ) ഉണ്ടായ കുറവ് സാധാരണക്കാര്‍ക്ക് പകരുന്ന ആശ്വാസം വളരെ വലുതാണ്‌. പലിശ 10.5 ശതമാനമായിരുന്നപ്പോള്‍ 6-ലക്ഷം രൂപയുടെ ഇഎംഐ 6,632 രൂപയായിരുന്നു. സബ്സിഡി നിരക്കില്‍ ഇത് 4,050 രൂപ മാത്രമാണ്. 2,582 രൂപയുടെ കുറവ്.

ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി പദ്ധതിപ്രകാരം വായ്പ്പക്കര്‍ഹരായവര്‍ വാർഷികവരുമാനം മൂന്നുലക്ഷത്തിനും താഴെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരും വാർഷികവരുമാനം മൂന്നുമുതൽ ആറുലക്ഷം വരെയുള്ള താഴ്ന്ന വരുമാനക്കാരുമാണ്. 21 വയസ്സുമുതൽ 55 വയസ്സുവരെയുള്ളവർക്ക് വായ്പയ്ക്കായി അപേക്ഷ നല്‍കാം. പതിനഞ്ചുവർഷമായിരിക്കും ലോൺ കാലാവധി. ആറുലക്ഷംവരെ 6.5 ശതമാനം പലിശ നൽകിയാൽ മതി. ഇതിനുമുകളിലുള്ള ലോണിന് ബാങ്കുകൾ നിഷ്‌കർഷിക്കുന്ന ഭവനവായ്പാ പലിശനിരക്ക് നൽകേണ്ടിവരും.

മറ്റൊരു നിബന്ധനയുള്ളത് ഈ പദ്ധതിപ്രകാരം ലോണിന് അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം പേരില്‍ ഇന്ത്യയിലെവിടെയും വീട് ഉണ്ടാകരുതെന്നതാണ്. വീട് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നത് കുടുംബനാഥയുടെ പേരിലായിരിക്കണം. ഭർത്താവിന്റെ പേരുകൂടെ ചേർത്ത് വീടോ വസ്തൂവോ വാങ്ങിയാലും ലോൺ ലഭിക്കും. വീട്ടിൽ മുതിർന്ന സ്ത്രീ ഇല്ലെങ്കിൽ മാത്രം പുരുഷനും അപേക്ഷിക്കാം.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പ്രത്യേക ഫോമിൽ മിക്ക ബാങ്കുകളിലും അപേക്ഷ സ്വീകരിക്കും. വാർഷികവരുമാനം തെളിയിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകണം.

കടപ്പാട്: മറുനാടന്‍ മലയാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button