Gulf

മകളെ വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ട മാതാവ്‌ അറസ്റ്റില്‍: ഗര്‍ഭിണിയായ 17 കാരിയെ മോചിപ്പിച്ചു

ദുബായ്● മകളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച പാകിസ്ഥാന്‍ സ്വദേശിയായ മാതാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ ചികിത്സ ചെലവിനും മാതാപിതാക്കള്‍ക്ക് തീര്‍ത്ഥാടനത്തിനും പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് 42 കാരിയായ മാതാവ് 17 കാരിയായ പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചത്. ഇവരുടെ വിചാരണ ദുബായ് ക്രിമിനല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

ഷാര്‍ജയില്‍ വച്ചാണ് പെണ്‍കുട്ടിയും മാതാവും പോലീസ് പിടിയിലായത്. അന്വേഷണത്തിന് ശേഷം കേസ് ദുബായ് ക്രിമിനല്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

സലൂണില്‍ ജോലി വാഗ്ദാനം ചെയ്താണ് മാതാവ് തന്നെ യു.എ.ഇയിലേക്ക് കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. ആറുമാസം മുന്‍പ് ഹൗസ് മെയ്ഡ് വിസയിലാണ് മാതാവ് ഇവിടേക്ക് വന്നത്. ദുബായിലെത്തിയ തന്നെ ഒരു ഫ്ലാറ്റില്‍ എത്തിച്ച ശേഷം മാതാവും പിതാവും വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചു. വിസമ്മതിച്ച തന്നെ മാതാവ് ഉപദ്രവിച്ചു. സ്വദേശത്ത് ഒരു വീട് വയ്ക്കാനും മുത്തച്ഛനും മുത്തശ്ശിയ്ക്കും തീര്‍ത്ഥാടനയാത്ര പോകാന്‍ താന്‍ പണം കണ്ടെത്തണമെന്നും മാതാവ് ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

തുടര്‍ന്ന് മാതാവ് തന്റെ ചുമതല ഒരു പുരുഷനെ ഏല്‍പ്പിച്ചു. അയാള്‍ തന്നെ ഒരു ഹോട്ടലില്‍ എത്തിയ്ക്കുകയും അവിടെയുണ്ടായിരുന്ന സ്ത്രീയ്ക്ക് അയാള്‍ 10000 ദിര്‍ഹം കൈമാറുകയും ചെയ്തു. ആ തുക തന്റെ മാതാവും ആ സ്ത്രീയും ചേര്‍ന്ന് പങ്കുവച്ചെടുത്തെന്നും പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തി.

ഒരു മാസത്തിന് ശേഷം പിതാവ് നാട്ടിലേക്ക് പോയി. താന്‍ തല്സ്ഥിതിയില്‍ തുടരുകയായിരുന്നു.

പെണ്‍കുട്ടി 12 ആഴ്ച ഗര്‍ഭിണിയാണെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

താന്‍ രാജ എന്നൊരാള്‍ക്ക് പണം കടംകൊടുക്കാന്‍ ഉണ്ടായിരുന്നുവെന്നും വേറെ മാര്‍ഗമില്ലാത്തതിനാല്‍, അയാളാണ് മകളെ വേശ്യാവൃത്തിയ്ക്കായി നിര്‍ദ്ദേശിച്ചതെന്നും മാതാവ് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞിരുന്നു.

തനിക്ക് പോലീസിനെ വിളിക്കാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ലെന്നും ഒരു ഇടപടുകാരനോട് രക്ഷപെടുത്താന്‍ സഹായം തേടിയെങ്കിലും അയാള്‍ അതിന് തയ്യാറായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

ആരോപണവിധേയയ്ക്ക് അഭിഭാഷകനെ കോടതി ഏര്‍പ്പാടാക്കിയിട്ടുണ്ട്. കേസില്‍ അടുത്തവാദം സെപ്റ്റംബര്‍ 1 ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button