NewsGulf

ദുബായ് ഇനിമുതല്‍ ഭക്ഷ്യമേഖലയില്‍ സൂപ്പര്‍ സ്മാര്‍ട്ട്!

ദുബായ്: ദുബായ് ഇനിമുതൽ ഭക്ഷ്യമേഖലയിലും സൂപ്പർ സ്‌മാർട്. വാങ്ങുന്ന സാധനങ്ങളുടെ ചേരുവയും നിലവാരവും ഉൾപ്പെടെയുള്ള പൂർണവിവരങ്ങൾ ഉപഭോക്‌താവിന് ഇനി എളുപ്പം മനസിലാക്കാൻ സംവിധാനവുമായി സ്‌മാർട് വിദ്യ. സ്‌മാർട് പരിശോധനയിലൂടെ ഹലാൽ ഉൽപന്നങ്ങളടക്കം സ്വയം കണ്ടെത്താനാകും. ഇതുസംബന്ധിച്ച കരാറിൽ മുനിസിപ്പാലിറ്റിയും സ്വിസ് കമ്പനിയായ സിക്‌പയും ഒപ്പുവച്ചു. ‘സിക്‌പാട്രേസ്’ എന്ന സ്‌മാർട് ആപ്പാണ് അവതരിപ്പിക്കുന്നത്. ഇത് ‘സ്‌മാർട് ട്രാക് ആൻഡ് ട്രേസ്’ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണ്.

മുനിസിപ്പാലിറ്റി പരിശോധനാ വിഭാഗമാണ് ആദ്യഘട്ടത്തിൽ ഇത് ഉപയോഗിക്കുക. തുടർന്ന് പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സംവിധാനമൊരുക്കും. ഉപഭോക്‌താവിനു വേഗത്തിൽ ഉൽപാദിപ്പിച്ച രാജ്യം, പായ്‌ക്ക് ചെയ്‌ത തീയതി, ചേരുവകൾ, കാലാവധി തീരുന്ന തീയതി എന്നിങ്ങനെ എല്ലാവിവരങ്ങളും മനസിലാക്കാൻ സാധിക്കും. ഉൽപന്നങ്ങളുടെ ലേബലിൽ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്ന് ഉറപ്പാക്കാൻ കഴിയുമെന്നത് നേട്ടമാണ്. ഭക്ഷ്യേതര ഉൽപന്നങ്ങളുടെ നിലവാരവും ഇത്തരത്തിൽ ഉറപ്പാക്കാനാകും.

കരാറിൽ ഒപ്പുവച്ചത് മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ഹുസൈൻ നാസർ ലൂത്തയും സിക്‌പ ചെയർമാനും സിഇഒയുമായ ഫിലിപ്പ് അമോനുമാണ്. ഈ സംവിധാനത്തിലൂടെ ആദ്യഘട്ടത്തിൽ ശുദ്ധജലത്തിന്റെ നിലവാരമാണ് ഉറപ്പാക്കുകയെന്നു മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. ലേബൽ സ്‌കാൻ ചെയ്‌താൽ വെള്ളത്തിന്റെ മാത്രമല്ല അതു നിറച്ച കുപ്പിയുടെയും നിലവാരം ഉറപ്പാക്കാനാകും. കുപ്പി എത്രതവണ ഉപയോഗിച്ചെന്നും വെള്ളം എത്രമാത്രം ശുചിത്വമാനദണ്ഡങ്ങൾ പാലിക്കുന്നു എന്നും കണ്ടെത്താം.

പൊതുജനങ്ങൾക്ക് ആരോഗ്യകരവും നിലവാരമുള്ളതുമായ ഭക്ഷണം ലഭ്യമാക്കാൻ പ്രതിജ്‌ഞാബദ്ധമാണ്. ദുബായ് നടപ്പാക്കിവരുന്ന സ്‌മാർട് പദ്ധതികളുടെ ഭാഗമാണിതെന്നും വ്യക്‌തമാക്കി. ഇത് വഴി ലേബലിൽ പറയുന്നതെല്ലാം ശരിയാണോയെന്നു മനസിലാക്കാനാകും. ലേബൽ മാറ്റിയൊട്ടിക്കുന്നതുൾപ്പെടെ, സാധ്യതയുള്ള തട്ടിപ്പുകൾ ഇല്ലാതാക്കാൻ സാധിക്കും. ലോകമെങ്ങുമുള്ള 8000 ഉൽപന്നങ്ങൾക്ക് ഇത്തരത്തിലുള്ള സുരക്ഷാസംവിധാനം സിക്‌പ ഒരുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button