KeralaNews

തൊഴില്‍ വാഗ്ദാനം നല്‍കി വിദേശത്തേയ്ക്ക് കടത്തിയ വീട്ടമ്മയെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു

ആലപ്പുഴ: തൊഴില്‍ വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച വീട്ടമ്മയെ മലയാളി സ്ത്രീ നടത്തുന്ന ഏജന്‍സിയ്ക്ക് ഒരുലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി. തയ്യല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം അറയ്ക്കപ്പറമ്പില്‍ വിജയലക്ഷ്മി (ജയ)യുടെ ഭര്‍ത്താവ് പുരുഷോത്തമനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. അയല്‍വാസി കൂടിയായ കോമത്തുവെളി ഷീലാദേവിയാണ് വിജയലക്ഷ്മിയെ ഷാര്‍ജയില്‍ എത്തിച്ചത്.വിദേശത്ത് കൊണ്ടുപോകുന്നതിന് 36000 രൂപ ചെലവരുമെന്നും ഇതില്ലെന്ന് പറഞ്ഞപ്പോള്‍ വിജയലക്ഷ്മിയുടെ സ്‌കൂട്ടര്‍ കൈവശപ്പെടുത്തി പണം ഈടാക്കുകയായിരുന്നെന്നുവെന്നുമാണ് പരാതി. വാഗ്ദാനം ചെയ്ത ജോലി 30 ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ല. ഇതിനിടെ മാനസികമായി പീഡിപ്പിക്കുകയും മറ്റൊരു ഏജന്‍സിയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് കൈമാറുകയുമായിരുന്നു. പിന്നീട് നാട്ടിലേയ്ക്ക് തിരികെയെത്തിക്കുന്നതിന് 2,75,000 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ വന്നതിനെ തുടര്‍ന്ന് വിജയലക്ഷ്മി ബന്ധുക്കളെ വിവരമറിയിച്ചു.ഭര്‍ത്താവ് പുരുഷോത്തമന്‍ ജില്ലാ കലക്ടര്‍, എസ്.പി, ഡിവൈ.എസ്.പി, മാരാരിക്കുളം സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടിയുമുണ്ടായില്ല. ഏജന്‍സി പ്രതിനിധികളായ ഷീലാദേവിയെയും അബ്ദുള്‍ സലാമിനേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍പോലും തയാറാകാതെ വന്നതോടെ സ്ഥലം എം.എല്‍.എയും ഭക്ഷ്യമന്ത്രിയുമായ പി. തിലോത്തമനെയും മാധ്യമ പ്രവര്‍ത്തകരെയും ബന്ധപ്പെടുകയായിരുന്നു. ഇവര്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. ഷാര്‍ജയില്‍ ബന്ധുക്കളുണ്ടായിരുന്നതുകൊണ്ടാണ് പണം സംഘടിപ്പിച്ച് നാട്ടില്‍ തിരികെയെത്താനായത്. ഏറെ പീഡനങ്ങള്‍ക്ക്‌ശേഷം 59ാം ദിവസം സ്വന്തം ചെലവില്‍ മടങ്ങിപ്പോരുകയായിരുന്നെന്ന് വിജയലക്ഷ്മി പറഞ്ഞു.

ഇതിനിടയില്‍ ഷാര്‍ജയില്‍ കഴിയുന്നതിനുള്ള ചെലവിനായി ആറുഗ്രാം തൂക്കം വരുന്ന വള വിറ്റ് 14,000 രൂപ ഷീലാദേവിയെ ഏല്‍പ്പിച്ചു.വിജയലക്ഷ്മിയെ കൂടാതെ ഈ സംഘത്തിന്റെ വലയില്‍ നിരവധി സ്ത്രീകള്‍ കബിളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തിരികെ നാട്ടിലെത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ഇവര്‍ അവിടെ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാകുകയാണെന്നും വിജയലക്ഷ്മി പറഞ്ഞു.

ഓട്ടോ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. നഷ്ടപ്പെട്ട സ്‌കൂട്ടര്‍, സ്വര്‍ണം, രണ്ടുമാസത്തെ വേതന നഷ്ടം എന്നിവ ലഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യവകാശ കമ്മിഷനടക്കം പരാതി നല്‍കുമെന്നും വിജയലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button