KeralaNews

നമ്മുടെ മുമ്പില്‍ ഒരിക്കല്‍ക്കൂടി അതിരുകളില്ലാത്ത സ്നേഹസ്വരൂപനായി മാര്‍ ക്രിസോസ്റ്റം തിരുമേനി!

തിരുവല്ല: മാര്‍ ക്രിസോസ്റ്റം തെരുവില്‍നിന്ന് കൈപിടിച്ച സുബ്രഹ്മണ്യന് വിവാഹം.തുകലശ്ശേരി പള്ളിയിലെ കല്യാണവേദിയില്‍ സുബ്രഹ്മണ്യനും വധു ആന്‍സിയും മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത തീരുമേനിയെ തൊട്ടു നില്‍ക്കുകയായിരുന്നു. വിവാഹവേഷത്തിൽ ഉള്ളത് പതിനൊന്ന് വര്‍ഷം മുമ്പൊരു ക്രിസ്തുമസ്സിൽ തിരുമേനി നാടോടികള്‍ക്കിടയില്‍നിന്ന് കണ്ടെടുത്ത കുട്ടിയാണ്. മറ്റൊരു നന്മയുടെ മാതൃകയായി മാറിയിരിക്കുകയാണ് സുബ്രഹ്മണ്യന്റെ വിവാഹം.

സുബ്രഹ്മണ്യനും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത തിരുമേനിയുമായുള്ള ബന്ധം തുടങ്ങുന്നത് 2005ല്‍ തിരുവല്ല വൈ.എം.സി.എ. സംഘടിപ്പിച്ച തെരുവിന്റെ മക്കള്‍ക്കായുള്ള ക്രിസ്മസ് ആഘോഷത്തില്‍നിന്നാണ്. ബാലനായിരുന്ന സുബ്രഹ്മണ്യനായിരുന്നു മുഖ്യാതിഥിയായി എത്തിയ തിരുമേനിക്ക് നാടോടികളുടെ ഭാഷ പരിഭാഷപ്പെടുത്തി കൊടുത്തത്.

കുട്ടിയെ ശ്രദ്ധിച്ച ക്രിസോസ്റ്റം തിരുമേനി അവനെ മാര്‍ത്തോമ്മാ സഭയുടെ അരമനയായ പുലാത്തീനിലേക്ക് കൈപിടിച്ചു കയറ്റി. സൈക്കിള്‍ വാങ്ങി നൽകുകയും ഉപജീവനത്തിന് ലോട്ടറി വില്‍ക്കാന്‍ സൗകര്യവും ചെയ്തു കൊടുത്തു. തിരുപ്പതി സ്വദേശിയായ സുബ്രഹ്മണ്യത്തെ പ്ലസ്ടു വരെ പഠിപ്പിച്ചു. 2010ല്‍ റെയില്‍വേയ്ക്ക് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങി വീടുവച്ചു നല്‍കി. തുടർന്ന് നാടോടിയായ തന്റെ അമ്മയെ അവനൊപ്പമാക്കി. ഇപ്പോള്‍ 26 വയസിലെത്തിയ സുബ്രഹ്മണ്യന് രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹവും നടത്തി.

സുബ്രഹ്മണ്യന്‍ ഇപ്പോള്‍ തിരുവല്ല വൈ.എം.സി.എ.യുടെ വികാസ് സ്‌കൂളില്‍ ഡ്രൈവറാണ് . തുകലശ്ശേരി സെന്റ് ജോസഫ് ലത്തീന്‍ കത്തോലിക്കാ ഇടവകാംഗമാണ് വധു ആന്‍സി. വൈ.എം.സി.എ. ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു വിവാഹവും സദ്യയും ഒരുക്കിയത്. ഫാ. ഐസക്കിന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയും ആശീര്‍വദിക്കാനെത്തി.

കടപ്പാട് യു.പി.ഉല്ലാസ് കുമാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button