NewsIndia

ലണ്ടന്‍ ഒളിംപിക്സില്‍ നിന്ന്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡല്‍ സാധ്യത

ന്യൂഡൽഹി: യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളിയായേക്കും. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്തിന്റെ മെഡലാണ് വെള്ളി മെഡലാകാൻ സാധ്യത. യോഗേശ്വറിന് വെള്ളി മെഡലിനുള്ള സാദ്ധ്യത തെളിഞ്ഞത് അന്ന് വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുദുകോവ് ഉത്തേജക പരിശോധനയില്‍ നിരോധിത മരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്.

ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും ലോക റെസ്‌ലിങ് അസോസിയേഷന്റെയും ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇരു സംഘടനകളുടെയും സ്ഥിതീകരണമുണ്ടായാല്‍ സുശീല്‍ കുമാറിന് ശേഷം ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമാകും യോഗേശ്വര്‍ ദത്ത്.

റഷ്യയില്‍ 2013ലുണ്ടായ കാറപടകത്തില്‍ നാല് തവണ ലോക ചാമ്പ്യനും ഇരട്ട ഒളിമ്പിക് ചാമ്പ്യനുമായ ബെസിക് കുദുകോവ് കൊലപ്പെട്ടിരുന്നു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വീണ്ടും റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി ഉത്തേജക പരിശോധന നടത്തുകയായിരുന്നു. ഇതിനായി ഉപയോഗിച്ചത് ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സമയത്ത് ശേഖരിച്ച സാമ്പിളുകളാണ് . കുദുകോവ് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായ ഉത്തേജക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

യോഗേശ്വര്‍ ദത്ത് ലണ്ടന്‍ ഒളിമ്പിക്‌സ് ഗുസ്തി പ്രീ ക്വാര്‍ട്ടറില്‍ കുദുകോവിനോട് പരാജയപ്പെട്ട് പിന്നീട് റെപ്പഷാഗെ റൗണ്ടിലൂടെയാണ് വെങ്കല മെഡല്‍ നേടിയത്. ഇത്തവണത്തെ റിയോ ഒളിമ്പിക്‌സില്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച യോഗേശ്വര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button