Kerala

ഓണ്‍ലൈനില്‍ മീന്‍ വാങ്ങാന്‍ സംവിധാനമൊരുക്കും : മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

പത്തനംതിട്ട● ഓണ്‍ലൈനില്‍ മീന്‍ വാങ്ങുന്നതിന് ഭാവിയില്‍ സംവിധാനമൊരുക്കാന്‍ ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നതായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം മൈതാനത്ത് മത്സ്യഫെഡിന്റെ ഫിഷ്മാര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓണ്‍ലൈനില്‍ മീന്‍ ബുക്ക് ചെയ്താല്‍ അത് വീട്ടിലെത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. വീട്ടിലെത്തിക്കുന്നതിനാല്‍ വില അല്‍പ്പം കൂടുമെന്നു മാത്രം. മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും മത്സ്യഫെഡിന്റെ ശൃംഖല കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കും. ഉള്‍നാടന്‍ മത്സ്യകൃഷി നല്ലൊരു വരുമാന സാധ്യതയാണ്. 12 കോടി മത്സ്യക്കുഞ്ഞുങ്ങളാണ് നമുക്ക് ആവശ്യം. എന്നാല്‍ നിലവില്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 2 കോടി മത്സ്യക്കുഞ്ഞുങ്ങള്‍ മാത്രമാണ്. ഇതിനും നാം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. നാലുകോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കൊല്ലത്ത് രണ്ട് ഉത്പാദന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സാധ്യത പരിശോധിക്കും. കുളങ്ങള്‍ വൃത്തിയാക്കി പഞ്ചായത്തുകളുടെ ചുമതലയില്‍ മത്സ്യകൃഷി നടത്താം. ഇതിനാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെയും തീറ്റയും ഫിഷറീസ് വകുപ്പ് നല്‍കും. ഇതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ 25 കോടി ചെലവില്‍ പാലംപണി ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ ആദ്യവില്‍പ്പന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ്കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ലതാ ചെറിയാന്‍, ക്രിസ്റ്റഫര്‍ ദാസ്, സാറാമ്മ ഷാജന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗളായ ബിജിലി പി.ഈശോ, ആനി ജോസഫ്, കോഴഞ്ചേരി ഗ്രാമ പഞ്ചായത്തംഗങ്ങളായ മോളി ജോസഫ്, സുനിതാ ഫിലിപ്പ്, അഡ്വ. ശ്രീരാജ്, ഫിലിപ്പോസ് സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button