NewsDevotional

ഓരോ കൃഷ്ണഭക്തനും അറിഞ്ഞിരിക്കണം, ഇന്ത്യയിലെ ഈ ശ്രീകൃഷ്ണ ക്ഷേത്രങ്ങളെക്കുറിച്ച്

ഹൈന്ദവ വിശ്വാസികള്‍ക്ക് മാത്രമല്ല, അഹിന്ദുക്കളായ ആളുകള്‍ക്ക് പോലും ആരാധന തോന്നിയിട്ടുള്ള ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാന്‍. കവിയും ഗാന രചയിതാവുമായ യൂസഫലി കേച്ചേരിക്ക് കൃഷ്ണനോട് വളരെ ആരാധന ഉണ്ടായിരുന്നതായി അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവാനെ കാണാനുള്ള യേശുദാസിന്റെ ആഗ്രഹവും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ശ്രീകൃഷ്ണനോട് ഭക്തിയും ആരാധനയും ഉള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ ഇന്ത്യയിലെ ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

01.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, കേരളം

ചരിത്രവും ഐതീഹ്യവും ലയിയ്ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമ്ബലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. മഹാവിഷ്ണുവിനെ പാര്‍ത്ഥസാരഥിയായി സങ്കല്‍പ്പിച്ചാണ് ഇവിടെ പൂജകള്‍ നടത്തുന്നത്. വലതുകയ്യില്‍ ചമ്മട്ടിയും ഇടതുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠയുടെ രൂപം, അത്യപൂര്‍വ്വമാണ് വിഷ്ണുവിന്റെ ഈ രൂപം.

02. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, കര്‍ണാടക

ദക്ഷിണേന്ത്യയിലെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. കൃഷ്ണദര്‍ശനത്തിനായി ആയിരങ്ങളാണ് പ്രതിവര്‍ഷം ഇവിടെയെത്താറുള്ളത്. ഒന്‍പത് ദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണ് ഇവിടുത്തെ കൃഷ്ണദര്‍ശനം. ഈ രീതിയിലുള്ള ദര്‍ശനം ഭക്തര്‍ക്ക് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. കനകദാസജാലകമെന്നും ഈ വാതിലിന് വിളിപ്പേരുണ്ട്.

03. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, കേരളം

ദക്ഷിണേന്ത്യയിലെ വിശിഷ്യാ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദേവഗുരുവായ ബൃഹസ്പതിയും വായുഭാഗവാനും ചേര്‍ന്നാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വ്വഹിച്ചതെന്നും അതിനാലാണ് ഈ സ്ഥലത്തിന് ഗുരുവായൂര്‍ എന്ന പേരുവന്നതും എന്ന് വിശ്വസിക്കപ്പെടുന്നു.
04. അനന്ത ബസുദേബ ക്ഷേത്രം, പശ്ചിമബംഗാള്‍

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ബന്‍ഷ്‌ബേരിയ യിലെ ഹംഗേശ്വരി ക്ഷേത്ര സമുച്ഛയത്തിലാണ് അനന്തബസുദേവ ക്ഷേത്രം എന്ന പേരിലുള്ള ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1679ല്‍ രാജ രാമേശ്വര്‍ ദത്തയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
05. ബാബ ഠാക്കൂര്‍, ഹരിയാന

ഹരിയാനയിലെ ഒരു ശ്രീകൃഷ്ണ ക്ഷേത്രമാണ് ബാബ ഠാക്കൂര്‍. ശ്രീകൃഷ്ണന്റെ മറ്റൊരു നാമമാണ് ഠാക്കൂര്‍. ഹരിയാനയിലെ റേവറി ജില്ലയിലെ കരോളിയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 150 വര്‍ഷം മുന്‍പെ ഇവിടെ ഈ ക്ഷേത്രം ഉണ്ടെന്നാണ് പറയപ്പെടുന്നതെങ്കിലും നിലവിലുള്ള ക്ഷേത്രം 1997ല്‍ ആണ് നിര്‍മ്മിക്കപ്പെട്ടത്.
06. ബാങ്കേ ബിഹാരി ക്ഷേത്രം, ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ പുണ്യ നഗരമായ വൃന്ദാവനത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൃന്ദാവനത്തിലെ പ്രശസ്ത ക്ഷേത്രമായ രാധവല്ലഭ ക്ഷേത്രത്തിന് സമീപത്തയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

07. ദ്വാരകാധിഷ് ക്ഷേത്രം, ഗുജറാത്ത്
ഗുജറാത്തിലെ ദ്വാരകയിലാണ് പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന്റെ പൗത്രനായിരുന്ന വജ്രനാഭനാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. ദ്വാരകാധീശ ക്ഷേത്രത്തിന് ഏതാണ്ട് 2500 വര്‍ഷത്തോളം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്. ജഗത് മന്ദിര്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

08. ഗോവിന്ദ് ദേവ് ജി ക്ഷേത്രം, രാജസ്ഥാന്‍

രാജസ്ഥാനിലെ ജയ്പൂരിലാണ് ഗോവിന്ദ് ദേവ് ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജയ്പൂരിലെ സിറ്റി പാലസ് സമുച്ഛയത്തിനുള്ളിലാണ് ഈ ക്ഷേത്രം.

09. കേശവ ദേവ് ക്ഷേത്രം, ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓര്‍ച്ചയിലെ ഭരണാധികാരിയായിരുന്ന രാജാ വീര്‍ സിങ് ബുന്ദേലയാണ് ഇത് പണിതതെന്ന് കരുതപ്പെടുന്നു. മുഗള്‍ രാജാവായ ജഹാംഗീറിന്റെ കീഴിലുള്ള നാട്ടുരാജ്യമാണ് ഓര്‍ച്ച. വിശദമായി വായിക്കാം

10. കൃഷ്ണാ ഗുഹാ ക്ഷേത്രം, തമിഴ്‌നാട്

തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ മാമല്ലപുരം എന്ന് അറിയപ്പെടുന്ന മഹാബലിപുരത്തെ ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

11. കുട്ടന്‍കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, കേരളം
തൃശൂര്‍ ജില്ലയിലെ പൂങ്കന്നത്താണ് കുട്ടന്‍കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂങ്കുന്നം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് 300 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.
12. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം, കേരളം

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായി നെയ്യാറ്റിന്‍ കരയിലാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉണ്ണിക്കണ്ണനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
13. പുത്തൂര്‍പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കേരളം
എറണാകുളം ജില്ലയിലെ മഞ്ഞപ്പാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

14. രാധരാമന്‍ ക്ഷേത്രം, ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ പുരാതന ഹിന്ദു ക്ഷേത്രമാണ് രാധ രാമന്‍ ക്ഷേത്രം. 1542 ല്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം വൃന്ദാവനത്തിലെ ഏറ്റവും പവിത്രമായ ക്ഷേത്രങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.
15. ശ്രീ ഗോവിന്ദ്ജി ക്ഷേത്രം, മണിപ്പൂര്‍
വിശുദ്ധിയും, ഭക്തിയും നിറഞ്ഞ് നില്ക്കുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഗോവിന്ദ്ജി ക്ഷേത്രം. മണിപ്പൂരിലെ ഒരു പ്രധാന ക്ഷേത്രമായ ഇത് ഒരു വൈഷ്ണവ കേന്ദ്രം കൂടിയാണ്. മഹാരാജാവിന്റെ കൊട്ടാരത്തിനരികെയുള്ള ഈ ക്ഷേത്രം നിലവറ, പുറം ഭാഗം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

16. തിരുപാല്‍കടല്‍ ശ്രീകൃഷ്ണ ക്ഷേത്രം, കേരളം
തിരുവനന്തപുരം ജില്ലയിലെ കീഴ്‌പേരൂര്‍ ഗ്രാമത്തിലാണ് പ്രാചീനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button