NewsIndia

കാശ്മീര്‍: പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; സൈന്യം തിരിച്ചടിയ്ക്കുന്നു

ശ്രീനഗര്‍: പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പൂഞ്ച് സെക്ടറിലാണ് പാക്ക് സൈന്യം കരാര്‍ ലംഘിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതുരണ്ടാം തവണയാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ചെറിയ തോക്കുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു.അര്‍ധരാത്രിയാണ് സംഭവം.

ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയെന്നു സൈനിക വക്താവ് അറിയിച്ചു. പാക്ക് സൈന്യം മോട്ടോര്‍ തോക്കുകളും ഷെല്ലുകളും കൈതോക്കുകളും ഉപയോഗിച്ചാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തത്. അതേ രീതിയില്‍ തന്നെ നമ്മുടെ സൈന്യവും തിരിച്ചടിച്ചു. അവസാന വിവരം ലഭിക്കുന്നതുവരെ ഇന്ത്യന്‍ സൈനികര്‍ സുരക്ഷിതരാണ്. വെടിവയ്പ്പ് തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.

പൂഞ്ച് ജില്ലയിലെ ഷാപുര്‍ കന്‍ഡി മേഖലയിലാണ് സംഭവമെന്നു പോലീസ് പറഞ്ഞു.പാക്ക് സൈന്യം ഈ മാസം രണ്ടിനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് 14ന് ഉണ്ടായ പാക്ക് വെടിവയ്പ്പില്‍ 50 വയസുള്ള സ്ത്രീക്കു പരുക്കേറ്റിരുന്നു. പൂഞ്ചിലെ രണ്ടു മേഖലകളിലാണ് അന്നു വെടിവയ്പ്പുണ്ടായത്. 405 തവണയാണ് കഴിഞ്ഞ വര്‍ഷം പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 16 പ്രദേശവാസികള്‍ കൊല്ലപ്പെടുകയും 71 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 253 സംഭവങ്ങള്‍ രാജ്യാന്തര അതിര്‍ത്തിയിലും 152 സംഭവങ്ങള്‍ നിയന്ത്രണരേഖയ്ക്കു സമീപവുമാണ് ഉണ്ടായതെന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button