KeralaNews

ഓണത്തിരക്ക് കുറയ്ക്കാന്‍ മദ്യശാലകളില്‍ പുതിയ സംവിധാനം

തിരുവനന്തപുരം: ഓണക്കാലത്ത് വിദേശമദ്യ ചില്ലറ വില്പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ബിവറേജസ് കോര്‍പറേഷനും (ബെവ്‌കോ) കണ്‍സ്യൂമര്‍ഫെഡും കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഏറെ തിരക്കുള്ള 20 വില്പന ശാലകളിലാണ് ബെവ്‌കോ ഓരോ അധിക കൗണ്ടര്‍ തുറക്കുക. കണ്‍സ്യൂമര്‍ഫെഡിന്റെ കൗണ്ടറുകളുടെ എണ്ണം ഇതിലും കൂടും.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ബെവ്‌കോ 60 അധിക കൗണ്ടറുകള്‍ തുറന്നിരുന്നു. തിരക്കുള്ളതും സ്ഥലസൗകര്യം ലഭ്യമായതുമായ വില്പനശാലകളില്‍ പ്രിമിയം കൗണ്ടറുകളും തുടങ്ങും. മദ്യം സ്വയം തിരഞ്ഞെടുത്ത് പ്രത്യേക കൗണ്ടറില്‍ ബില്ലൊടുക്കാവുന്ന സംവിധാനമാണ് പ്രിമിയം കൗണ്ടര്‍. വിലക്കൂടുതലുള്ള ബ്രാന്‍ഡുകളാവും ഇവിടെ കിട്ടുക. 20 പ്രിമിയം കൗണ്ടറുകള്‍ നിലവിലുണ്ട്.
ആവശ്യക്കാര്‍ക്ക് ഏറെനേരം ക്യൂ നിന്ന് ബുദ്ധിമുട്ടാതെ മദ്യം വാങ്ങാന്‍ പരമാവധി സംവിധാനം ഓണക്കാലത്ത് ഉണ്ടാക്കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍ എം.ഡി എച്ച്. വെങ്കിടേഷ് പറഞ്ഞു. പല സ്ഥലത്തും അധിക സൗകര്യമേര്‍പ്പെടുത്താന്‍ സ്ഥലമില്ലാത്തതാണ് പ്രശ്‌നം. മദ്യ ചില്ലറവില്പനശാലകളുടെ 10 ശതമാനം ഒക്ടോബര്‍ രണ്ടിന് പൂട്ടാനുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം തുടരാനിടയില്ല. പൂട്ടേണ്ട വില്പനകേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് ഈ മാസം തീരുമാനിക്കേണ്ടതാണ്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അറിയിപ്പു കിട്ടിയിട്ടില്ലെന്ന് എം.ഡി പറഞ്ഞു.
ബിവറേജസ് കോര്‍പറേഷന്റെ 270, കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ചില്ലറ വില്പനശാലകളാണ് സംസ്ഥാനത്തുള്ളത്. യു.ഡി.എഫ് സര്‍ക്കാര്‍ ബിവറേജസിന്റെ 68, കണ്‍സ്യൂമര്‍ഫെഡിന്റെ 10 വില്പനശാലകളാണ് മൂന്നു ഘട്ടങ്ങളായി പൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button