KeralaNews

മാണിയ്ക്ക് ഖത്തറില്‍ 300 കോടി മൂല്യമുള്ള മെഡിക്കല്‍ കോളേജ് അമ്പരിപ്പിക്കുന്ന സ്വത്ത് വിവരത്തിന്റെ കണക്കുമായി വിജിലന്‍സ്

തിരുവനന്തപുരം: മുന്‍ ധനകാര്യ മന്ത്രി കെഎം മാണിയ്ക്ക് ബന്ധുക്കളുടെ പേരിലുള്ള ബിനാമി ഇടപാടില്‍ ഖത്തറില്‍ 300 കോടി മൂല്യമുള്ള മെഡിക്കല്‍കോളേജും തലസ്ഥാനത്ത് വന്‍കിട റിസോര്‍ട്ടും ഉള്ളതായി വിജിലന്‍സിന് വിവരം കിട്ടി. ഈ റിസോര്‍ട്ടിന് കെ ബാബു മന്ത്രിയായിരിക്കേ ബാര്‍ലൈസന്‍സ് അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 1970 മുതല്‍ മാണിക്ക് ബിനാമി നിക്ഷേപമുണ്ടെന്നാണ് വിജിലന്‍സിനുള്ള വിവരം. കെഎം മാണിയുടെ മക്കളുടെയും മരുമക്കളുടെയും പേരില്‍ വിദേശത്തെ ബിസിനസ് നിക്ഷേപങ്ങളെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് വിജിലന്‍സിന്റെ അന്വേഷണം. കുടുംബാംഗങ്ങളുടെയും പാര്‍ട്ടിക്കാരുടെയും പേരിലുള്ള അനധികൃത, ബിനാമി നിക്ഷേപങ്ങളുടെ ചുരുളഴിച്ച് കെഎം മാണിയെയും കെ ബാബുവിനെയും പൂട്ടാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളിലും വിദേശത്തും ഇരുവരുടെയും ബന്ധുക്കള്‍ക്കുള്ള ബിസിനസ് ശൃംഖലകളെക്കുറിച്ച് വിജിലന്‍സ് വിവരശേഖരണം തുടങ്ങിക്കഴിഞ്ഞിരിയ്ക്കുകയാണ്.
ബിനാമി വസ്തുവകകളും പണമിടപാടും സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ ബന്ധുവായ റിട്ട. തഹസില്‍ദാരെ കെ ബാബു സ്വന്തം ഓഫീസില്‍ പ്രതിഷ്ഠിച്ചിരുന്നുവെന്നും വിജിലന്‍സ് കണ്ടെത്തി. മലയാറ്റൂര്‍ സ്വദേശിയായ ഇദ്ദേഹത്തെ മറ്റൊരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അസി. പ്രൈവറ്റ് സെക്രട്ടറിയാക്കിയെങ്കിലും ഓഫീസ് അനുവദിച്ചത് ബാബുവിനൊപ്പമായിരുന്നു. ഭൂമിയുടെ രജിസ്‌ട്രേഷന്‍, തിരഞ്ഞെടുപ്പ് ഫണ്ട് സൂക്ഷിക്കല്‍, സ്വത്തുക്കളുടെ സംരക്ഷണം, ആദായനികുതി വകുപ്പിനുള്ള കണക്ക് തയ്യാറാക്കല്‍ എന്നിവയെല്ലാം തഹസില്‍ദാരുടെ ചുമതലയായിരുന്നു. ബാബുവിന്റെ ബിനാമി സ്വത്തുക്കളെക്കുറിച്ചറിയാന്‍ വിജിലന്‍സ് ഇദ്ദേഹത്തെ ചോദ്യംചെയ്യും.

2013ലും 2015ലുമായി രണ്ടുവട്ടമേ കെ ബാബു വിദേശയാത്ര നടത്തിയിട്ടുള്ളൂ. അങ്കമാലി പ്രവാസി അസോസിയേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു 2013ലെ യാത്ര. വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സിംഗപ്പൂര്‍ തുറമുഖം സന്ദര്‍ശിക്കാനായിരുന്നു ഭാര്യയുമൊത്ത് 2015ലെ യാത്ര. പക്ഷേ ഇതിനു പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് പൈ സിംഗപ്പൂരും മലേഷ്യയും സന്ദര്‍ശിച്ചു. ബിനാമിയെന്ന് സംശയിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫംഗം നന്ദകുമാര്‍ നിരവധി സംശയാസ്പദമായ വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. മുന്‍ ഗ്രാമവികസന മന്ത്രിയുടെ ഉറ്റബന്ധുവിനെ ബാബുവിന്റെ സ്റ്റാഫംഗമാക്കിയിരുന്നു.
എംഎല്‍എയായും മന്ത്രിയായുമുള്ള ശമ്പളവും ബത്തയും മാത്രമായിരുന്നു മാണിയുടെയും ബാബുവിന്റെയും ഏകവരുമാനം. ബാബുവിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ജോലിയില്ല. തൃപ്പൂണിത്തുറയിലും അങ്കമാലിയിലും ഭൂമിയും 3000 ചതുരശ്രയടിയുടെ വീടും ബാബുവിനുണ്ട്. ആസ്തികളുടെ മൂല്യനിര്‍ണയത്തിന് വിജിലന്‍സ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ സഹായം തേടി. മാണിയെയും ബാബുവിനെയും ചോദ്യംചെയ്യാന്‍ വിശദമായ ചോദ്യാവലി വിജിലന്‍സ് തയ്യാറാക്കുന്നുണ്ട്. വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. അനധികൃതസ്വത്ത് കേസുകളില്‍ അറസ്റ്റ് നിയമപരമായി നിര്‍ബന്ധമാണെന്ന് വിജിലന്‍സ് മേധാവി ജേക്കബ് തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button