NewsIndia

നെഞ്ച് തുളച്ച് മുതുകിലൂടെ പുറത്തുവന്ന മുളങ്കമ്പുമായി ആശുപത്രിയിലെത്തിയ 50-കാരന് അത്ഭുതരക്ഷപെടല്‍

കൊല്‍ക്കത്ത: ട്രക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവറുടെ നെഞ്ചിലൂടെ മൂന്നടി നീളമുള്ള മുളങ്കമ്പ് തുളച്ചുകയറി. അനസ്തേഷ്യ നൽകാതെ കസേരയില്‍ ഇരുത്തി നടത്തിയ മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അമ്പതുകാരനായ ഡ്രൈവറെ രക്ഷിച്ചു. പശ്ചിമ ബംഗാളിലെ ദിഗയ്ക്കു സമീപത്താണ് അപകടം ഉണ്ടായത്. മുളകള്‍ കയറ്റി പോകുകയായിരുന്ന വലിയ ട്രക്കും ലക്ഷ്മികാന്ത് ബുനിയയെന്ന അമ്പതുകാരന്‍ ഓടിച്ച ബസ്സും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബുനിയയുടെ നെഞ്ചുതുളച്ച്‌ മൂന്നടിയോളം നീളമുള്ള മുളങ്കമ്പ് മുതുകിലൂടെ പുറത്തുവന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ മുളങ്കമ്പ് നീക്കാതെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതിസങ്കീര്‍ണമായ മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പന്ത്രണ്ടംഗ മെഡിക്കല്‍ സംഘം ബുനിയയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പ്രധാന ആന്തരികാവയവങ്ങള്‍ക്കൊന്നും ക്ഷതമേല്‍ക്കാതിരുന്നതിനാലാണ് ബുനിയയെ രക്ഷിക്കാനായതെന്ന് അവർ പറയുന്നു.മില്ലീമീറ്ററുകളുടെ വ്യത്യാസത്തില്‍ ഹൃദയത്തിനും ശ്വാസകോശത്തിനും സമീപത്തുകൂടിയാണ് മുളങ്കമ്പ് തുളച്ചുകയറിയത്.

ഉയരം അഡ്ജസ്റ്റു ചെയ്യാവുന്ന കസേരയില്‍ ഇരുത്തി പൂര്‍ണമായും മയക്കാതെയായിരുന്നു ശസ്ത്രക്രിയ. ഡോ. പ്രകാശ് സങ്കിയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കട്ട പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ അന്‍ഡ് റിസര്‍ച്ച്‌ ഹോസ്പിറ്റലിലെ കാര്‍ഡിയോ തൊറാസിക് യൂണിറ്റാണ് ശസ്ത്രക്രിയയിലൂടെ മുളങ്കമ്പ് പുറത്തെടുത്തത്.

മുളങ്കമ്പ് മുതുകിലൂടെ പുറത്തുവന്ന നിലയിലായതിനാല്‍ മയക്കിക്കിടത്തി ശസ്ത്രക്രിയ ചെയ്യാനാവാതിരുന്നതായിരുന്നു വലിയ വെല്ലുവിളി. ഇതോടെ ലോക്കല്‍ അനസ്തേഷ്യ നല്‍കി രോഗിയെ ഉറക്കാതെ ഇരുത്തി ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് ബുനിയയെ ആശുപത്രിയിൽ എത്തിച്ചത്. ഹൃദയത്തിനും ശ്വാസകോശത്തിനും ക്ഷതമേറ്റിരുന്നില്ലെങ്കിലും കഴുത്തിന്റെ ഭാഗത്തുണ്ടായ മുറിവ് ഗൗരവമേറിയതായിരുന്നു.ഇപ്പോള്‍ ശസ്ത്രക്രിയയിലൂടെ മുളങ്കമ്പ് നീക്കിയ ശേഷം ആശുപത്രിയില്‍ ശസ്ത്രക്രിയാനന്തര ചികിത്സയിലാണ് ബുനിയ. ഇയാള്‍ സുഖംപ്രാപിച്ചുവരുന്നതായും ഉടന്‍ ആശുപത്രിവിടുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button