KeralaNews

അറസ്റ്റിലായ ഐ.എസ് ഭീകരരുടെ പേര് വിവരങ്ങള്‍ പുറത്ത്

കണ്ണൂര്‍/കോഴിക്കോട്● കണ്ണൂര്‍,കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായ ഐ.എസ് ഭീകരരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നു. കണ്ണൂര്‍ ജില്ലയില്‍ പാനൂരിനടുത്ത് കനകമലയില്‍ നിന്ന് അഞ്ച് പേരേയും കോഴിക്കോട് കുറ്റ്യാടിയില്‍ നിന്ന് ഒരാളെയും കോയമ്പത്തൂരില്‍ നിന്ന് രണ്ടുപേരെയുമാണ് ദേശിയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍ (റഷീദ്), തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ് ടി. (യൂസഫ്), മലപ്പുറം സ്വദേശി സഫ്വാന്‍ പി., കോഴിക്കോട് സ്വദേശി ജാസിം എന്‍.കെ. എന്നിവരാണ് കനകമലയില്‍ നിന്നും അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി ആമു എന്നാ റാംഷാദ് പിടിയിലായത്.

നവാസ് (24), മുഹമ്മദ് റഹ്മാന്‍ (26) എന്നിവരാണ് കോയമ്പത്തൂരില്‍ നിന്നും അറസ്റ്റിലായത്. അബു ബഷീര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ഉക്കടം ജി.എം.നഗറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കനകമലയില്‍ നിന്ന് പിടിയിലായവരില്‍ നിന്നും സ്‌ഫോടക വസ്തുക്കളും മറ്റും പിടിച്ചെടുത്തതായി എന്‍.ഐ.എ അറിയിച്ചു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ ആയിരുന്നു എന്‍.ഐ.എ സംഘം കനകമലയില്‍ എത്തിയത്. അഞ്ചു പേരും ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഒരു മാസത്തോളമായി ഇവരെ എന്‍.ഐ.എ നിരീക്ഷിച്ചുവരികയായിരുന്നു എന്നാണ് വിവരം. അഞ്ചുപേരും രഹസ്യമായി ഒത്തുചേരുന്ന സ്ഥലംവരെ എന്‍.ഐ.എ. കൃത്യമായി മനസ്സിലാക്കിയിരുന്നു.

ഐ.സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന 21 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായാണ് എന്‍.ഐ.എ നടപടി. ചെന്നൈ, കോയമ്പത്തൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ തെരച്ചില്‍ നടക്കുകയാണ്. ഭീകരാക്രമണം നടത്തുന്നതിനുവേണ്ടി കേരളത്തിലെയും തമിഴ്നാട്ടിലെയും യുവാക്കള്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കുന്നുവെന്ന വ്യക്തമായ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എന്‍.ഐ.എ. തെരച്ചില്‍ നടത്തിയെതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button