NewsIndia

കാശ്മീരിലേക്ക് ഭീകരവാദത്തിന് പണമൊഴുകുന്ന വഴി കണ്ടെത്തി

കാശ്മീരിലേക്ക് പാക്കിസ്ഥാൻ നിന്ന് ഇറ്റലി വഴി പണം ഒഴുകുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ പരിശോധനയിലാണ് ഈ വിവരം കണ്ടെത്തിയത്. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ഈ പണം താഴ്വരയില്‍ തീവ്രവാദം വളര്‍ത്താനാണ് ഉപയോഗിക്കുന്നതെന്നാണ്. ഹുറിയത് കോണ്‍ഫറന്‍സ് അംഗം ഫിര്‍ദസ് അഹമ്മദ് ഷായ്ക്ക് ഇത്തരത്തില്‍ സംശയാസ്പദമായി വന്ന രണ്ട് പണമിടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണ്. ഔദ്യോഗികമായി ഈ വിവരം ഇറ്റലിയെ അറിയിച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിക്കുന്നു. ഈ പണം വെസ്റ്റേണ്‍ യൂണിയന്‍ വഴി ഇറ്റലിയില്‍ ജീവിക്കുന്ന പാകിസ്താനിയായ ഒരാളാണ് അയച്ചതെന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള സാമ്പത്തികശ്രോതസുകള്‍ തിരിച്ചറിഞ്ഞാല്‍, തീവ്രവാദി കേന്ദ്രങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് സുരക്ഷാവിഭാഗങ്ങളുടെ പ്രതീക്ഷ.

യൂറോപ്പില്‍ നിന്നും യാര്‍ മൊഹമ്മദ് ഖാന് വന്ന പണം സ്വീകരിച്ചത് ഫിര്‍ദോസ് അഹമ്മദ് ഷായാണ്. ഇറ്റലിയില്‍ നിന്ന് പണമയക്കുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാനപ്രതിയായി കരുതപ്പെടുന്ന പാകിസ്താനി പൗരനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നബ്ലാ ബീഗം എന്ന് പേരുള്ള വനിതയ്ക്കും സമാനമായി പണമെത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ യൂണിയന്‍ വഴിയാണ് അതും അയച്ചിരിക്കുന്നത്. ഇറ്റലിയില്‍ താമസിക്കുന്ന പാകിസ്താനിയായ ഷബീന കന്‍വാല്‍ എന്ന സ്ത്രീയാണ് പണമയച്ചിരിക്കുന്നത്. ഫിര്‍ദോസ് മൊഹമ്മദിനും നബ്ലാ ബീഗത്തിനും പണമയച്ചതെന്തിനെന്ന് ഇനിയും വിശദീകരിക്കാനായിട്ടില്ല. നിരവധി ഏജന്‍സികളാണ് ഇക്കാര്യമന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ഹിസ്ബുള്‍ മുജാഹുദീന്‍ അതിര്‍ത്തികടന്നുള്ള വ്യാപാരത്തിലൂടെയാണ് പണം കാശ്മീരിലെത്തിക്കുന്നതെന്ന് 2013ല്‍ തീവ്രവാദികള്‍ക്കുള്ള സാമ്പത്തിക സഹായം ചെയ്തുവെന്ന എന്‍ഐഎ കേസില്‍ കണ്ടെത്തിയിരുന്നു. പ്രതിവര്‍ഷം ചുരുങ്ങിയത് 80കോടി രൂപ ഇങ്ങനെ തീവ്രവീദികള്‍ക്കെത്തിക്കുന്നുണ്ടെന്നാണ് എന്‍ഐഎയുടെ കണക്ക്. ട്രക്ക് ഡ്രൈവര്‍മാരുടെ സഹായത്തോടെ പണവും ആയുധങ്ങളും അതിര്‍ത്തി കടത്തി കാശ്മീരിലെത്തിക്കുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ഉറിയും സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button